തിരുവനന്തപുരം: ചുക്ക് ചേരാത്ത കഷായമില്ലെന്ന പറച്ചിൽ പോലാണ് സ്ത്രീ വിഷയങ്ങളിൽ ക്രിസ്ത്യൻ വൈദികരുടെ കാര്യം. തന്നെ ആദ്യമായി മോഹിപ്പിച്ച് പ്രലോഭിപ്പിച്ച് ചതിച്ച പുരുഷനെക്കുറിച്ച് സ്വപ്ന സുരേഷ് തന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹ' ത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.

സംഘർഷം നിറഞ്ഞ ഗൾഫിലെ കുടുംബാന്തരീക്ഷത്തിൽ വീർപ്പുമുട്ടി കഴിഞ്ഞ തന്റെ ബാല്യകാലം, വീട്ടിൽ എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിഞ്ഞ ഒരു ടീനേജുകാരിയുടെ ദുഃഖങ്ങൾ - തന്നെ ഒരു മനുഷ്യജീവിയായിപ്പോലും പരിഗണിക്കാത്ത ഡാഡിയും മമ്മിയും . നിസ്സാര തെറ്റുകൾക്കു പോലും തന്നെ ബെൽറ്റൂരി അടിച്ചു പൊട്ടിക്കുന്ന മാതാപിതാക്കൾ, ജീവിതത്തിലിന്നോളം അനുഭവിച്ച ക്രൂര പീഡനങ്ങളിൽ പിടിച്ചു നിൽക്കാനുള്ള ശക്തി കിട്ടിയത് കുഞ്ഞുന്നാൾ മുതൽ കിട്ടിയ വീട്ടിലെ ശിക്ഷകൾ കൊണ്ടാവാമെന്നാണ് സ്വപ്ന പറയുന്നു.

സമൃദ്ധിയുടെ നടുവിലാണ് ജനിച്ചതെങ്കിലും സൗന്ദര്യമില്ലാത്ത കുട്ടിയായിപ്പോയതിന്റെ പേരിലായിരുന്നു വീട്ടിലെ അവഹേളനമത്രയും .പഠിക്കാൻ മിടുക്കിയായിട്ടു പോലും കുടുംബത്തിൽ നിന്ന് ഒരു പ്രോത്സാഹനവും ലഭിച്ചില്ല. പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലത്ത് തന്നെ പഠിപ്പിച്ച ഒരു മിസ് സ്വപ്നയോട് പറഞ്ഞു , ' യു ലുക്ക് പ്രെറ്റി ' കാണാൻ കൊള്ളാത്ത കൊച്ചെന്ന അവഗണ സ്ഥിരമായി കേട്ടിരുന്ന തനിക്കത് വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു.

തുള്ളിച്ചാടി വീട്ടിലെത്തി ഇക്കഥ ആവേശത്തോട് വീട്ടിൽ പറഞ്ഞപ്പോ ഡാഡിയും മമ്മിയും അമ്മാവനുമൊക്കെ ആർത്തു ചിരിച്ചു - എന്നിട്ട് അവരിങ്ങനെ പറഞ്ഞു - 'നീ പ്രെറ്റി അല്ല, പട്ടിയാണ്, പട്ടി'. പിന്നെ എല്ലാരുമെന്നെ പട്ടീന്ന് വിളിക്കാൻ തുടങ്ങി. എന്റെ ഒരു കുഞ്ഞു സന്തോഷം പോലും തല്ലിക്കെടുത്തിയ അന്തരീക്ഷമായിരുന്നു എന്റെ വീടും മാതാപിതാക്കളും.



ഇങ്ങനെ നീറിപ്പുകഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണ് ഒരിക്കൽ പ്ലസ് ടു വിദ്യാർത്ഥിയായ സ്വപ്ന പഠിച്ചിരുന്ന യു എ ഇ യിലെ ഇന്റർ നാഷണൽ കോൺവെന്റ് സ്‌കൂളിലെ കുട്ടികളുടെ കൗൺസിലിംഗിനും മറ്റുമായി ഇന്ത്യയിൽ നിന്ന് ഫാദർ വർഗീസ് എത്തിയത്.

ഒരു ദിവസം എന്തോ ഒരു നിസാര കാര്യത്തിന് മമ്മി എന്നെ വഴക്കു പറഞ്ഞു , ഇതിന് പിന്നാലെ ഡാഡി പൊതിരെ തല്ലി. തന്റെ സങ്കടങ്ങൾ , വേദനകൾ പറയാൻ ക്ലാസിൽ പോലും നല്ല കൂട്ടുകാരികൾ ഇല്ലായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. അങ്ങനെയിരിക്കവെയാണ് ദൈവ ദൂതനെപ്പോലെ ഫാദർ വർഗീസ് തന്റെ മുന്നിലവതരിച്ചത്. കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടയിൽ തന്നെ മമ്മി തല്ലിച്ചതച്ച കാര്യം അദ്ദേഹത്തോട് പറഞ്ഞു. തന്റെ സങ്കടങ്ങൾ അതീവ ശ്രദ്ധയോടെ കേട്ടു .ഫാദർ എന്നെ ആശ്വസിപ്പിച്ചു. മമ്മിയെയും അദ്ദേഹം കൗൺസിൽ ചെയ്തു. ഞാനദ്ദേഹത്തെ പൂർണമായി വിശ്വസിച്ചു. എന്റെ എല്ലാ കാര്യങ്ങളും വൈദികനായ വർഗീസിനോട് പറഞ്ഞു.

കുടുംബ ജീവിതത്തിന്റെ നിരർത്ഥകതകൾ പറഞ്ഞിട്ട് അയാൾ എന്നോട് , കന്യാസ്ത്രീയാവാൻ ഉപദേശിച്ചു. നരകതുല്യമായ എന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴിയായിട്ടാണ് തനിക്കത് തോന്നിയതെന്നും സ്വപ്ന വിവരിക്കുന്നുണ്ട്. എല്ലാവരാലും അവഗണിക്കപ്പെട്ട തനിക്ക് മുന്നിലേക്ക് തുറന്ന സ്വർഗവാതിലായിരുന്നു കന്യാസ്ത്രിയാവാനുള്ള ആവേശം. എങ്ങനെ എങ്കിലും വീർപ്പുമുട്ടുന്ന ആ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാൻ എന്തിനും തയ്യാറായിരുന്നു. തനിക്കൊപ്പം വരാൻ ഒരു കൂട്ടുകാരിയും തയ്യാറായി.

കന്യാസ്ത്രീ മഠത്തിൽ ചേരാൻ അവളും ഒരുക്കമായി. പുറത്താരോടും, പ്രത്യേകിച്ച് വീട്ടുകാരോട് ഒരു കാരണവശാലും പറയരുതെന്ന് ആ പാതിരി ശട്ടം കെട്ടി. അയാൾ നാട്ടിലേക്ക് പോകുമ്പോൾ കൂടെപ്പോകാൻ ഞങ്ങൾ രഹസ്യമായി ഒരുക്കങ്ങൾ തുടങ്ങി. നാട്ടിൽ ചെന്ന ശേഷം മാത്രം മഠത്തിൽ ചേരുന്ന കാര്യം ഡാഡിയേയും മമ്മിയേയും അറിയിച്ചാൽ മതിയെന്ന് ഫാദർ കട്ടായം പറഞ്ഞു.



പാസ്‌പോർട്ട് അയാളെ ഏൽപ്പിക്കാൻ പറഞ്ഞു. വീട്ടിൽ നിന്ന് അത് അടിച്ചുമാറ്റിക്കൊണ്ട് വന്ന് അയാൾക്ക് കൊടുത്തു. വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാനുള്ള വിവേകമോ , ലോക പരിചയമോ, ബുദ്ധിയോ ഇല്ലാത്ത കൗമാരക്കാരിയുടെ എടുത്തു ചാട്ടം. അയാൾ തന്നെ വഞ്ചിക്കുമോ, വഴിതെറ്റിക്കുമോ എന്നൊന്നും ആലോചിച്ചില്ല. ഏത് വിധേനയും വീട്ടിൽ നിന്ന് രക്ഷപെടണം. മറ്റൊന്നിനെക്കുറിച്ചും ആലോചിച്ചില്ല. അങ്ങനെ സ്വപ്നയും കൂട്ടുകാരിയും കൂടി ഇന്ത്യയിലേക്ക് പോവാൻ തീരുമാനിച്ചു . പറഞ്ഞുറപ്പിച്ച പോലെ പാസ് പോർട്ട് ഫാദർ വർഗീസിനെ ഏൽപ്പിച്ചു. പോകേണ്ട ദിവസമായപ്പോഴേക്കും കൂട്ടുകാരി പിന്മാറി. ഫാദറിനൊപ്പം സ്വപ്ന ഹൈദരാബാദിലേക്ക് പറന്നു.

എയർപോർട്ടിൽ തങ്ങളെ സ്വീകരിക്കാൻ ഫാദർ വർഗീസിന്റെ സുഹൃത്തായ ഒരു സ്ത്രിയും വന്നിരുന്നു. ഒളിച്ചോടി വന്ന തന്നെ എന്തു ചെയ്യണമെന്നായി അവർ തമ്മിലെ ചർച്ച - തന്റെ ഒളിച്ചോട്ടം ഗൾഫിലാകെ പുകിലായെന്ന് പാതിരി പറഞ്ഞു. പതുക്കെ അയാളുടെ സമീപനത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി - ഗൾഫിൽ വെച്ച് കണ്ട ആളല്ലാതായി മാറി.ഗൾഫിലുണ്ടായ ഗുലുമാലുകൾ ഒതുക്കാൻ കാശ് വേണം, പഠിക്കാൻ പണം വേണം, വീട്ടുകാരോട് നല്ലൊരു തുക ചോദിക്ക് എന്നൊക്കെ അയാൾ പറയാൻ തുടങ്ങി.



' അയാൾ എന്നെ മിസ് യൂസ് ചെയ്തില്ല, അതിന് അയാൾക്ക് അവസരം കിട്ടിയില്ല. പക്ഷേ അയാൾ മെന്റലി ടോർച്ചർ ചെയ്തു. എന്റെ നിസഹായാവസ്ഥയെ അയാൾ മിസ് യൂസ് ചെയ്യുകയായിരുന്നു. ഞാനൊരു വലിയ കുഴിയിലാണ് വീണത്. തിരിച്ചു വീട്ടിലേക്ക് പോകേണ്ടി വരുമോ? ചെന്നാലവിടുത്തെ അവസ്ഥ എന്താവും? എന്നൊക്കെയുള്ള ഭയങ്ങൾ എന്നെ വേട്ടയാടി. ആകെ അപ് സെറ്റായ ഞാൻ ഫാദറുമായി വഴക്കിട്ടു. കരഞ്ഞു.. ബഹളം കൂട്ടി, ടെൻഷൻ കൂടി . എനിക്ക് സമനില തെറ്റുന്ന പോലെയായി.

ഒടുവിൽ ഞാൻ തന്നെ തീരുമാനത്തിലെത്തി. ചേട്ടന്റെ മെയിൽ ഐഡി യിലേക്ക് ഞാൻ മെയിലയച്ചു - ഞാൻ ഇന്ത്യയിലെ ഹൈദരബാദിലുണ്ടെന്നും എന്നെ രക്ഷിക്കണമെന്നും ചേട്ടനോടാവശ്യപ്പെട്ടു. ഫാദർ വർഗീസിന്റെ ഫോണിലേക്ക് ഡാഡി നേരിട്ട് വിളിച്ച് സംസാരിച്ചു. ഇരുപത്തി നാല് മണിക്കുറിനുള്ളിൽ ഡാഡിയും മമ്മിയും കൂടി ഇന്ത്യയിലെത്തി. എന്നെയും കൂട്ടി തിരുവനന്തപുരത്തേക്ക് വന്നു. രണ്ടാഴ്ചത്തേക്ക് അപ്പച്ചിയുടെ വീട്ടിൽ നിർത്തി അവർ യു എ ഇ യിലേക്ക് മടങ്ങി ' ( ചതിയുടെ പത്മവ്യൂഹം - പേജ് 24)

ട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയായ തന്നെ കടത്തിക്കൊണ്ട് വന്ന് പെൺവാണിഭ സംഘത്തിന് വിൽക്കാനായിരുന്നോ വർഗീസിന്റെ പദ്ധതിയെന്ന് താൻ സംശയിക്കുന്നതായി സ്വപ്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. വീട്ടുകാർക്ക് പോലും വേണ്ടാത്ത പെണ്ണായതു കൊണ്ട് അന്വേഷണം അയാളിലേക്ക് ഒരിക്കലും എത്തില്ല എന്ന് അയാൾ കരുതിയിട്ടുണ്ടാവുമെന്നാണ് സ്വപ്ന അയാളെക്കുറിച്ച് പറയുന്നത്.
തന്നെ തട്ടിക്കൊണ്ടു വന്ന ഫാദർ വർഗീസ് എവിടുത്തുകാരനാണെന്നോ, ഏത് സഭയിൽ പെട്ട വൈദികനാണെന്നോ എന്ന് ഒന്നും സ്വപ്ന ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടിട്ടില്ല.

ഇങ്ങനെ ഒളിച്ചോട്ടമൊക്കെ കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ തന്നെ ഡാഡി വിശേഷിപ്പിച്ചത് ' 'ഇന്റർ നാഷണൽ പ്രോസ്റ്റിറ്റിയൂട്ട് ' എന്നാണ്. സ്വന്തം മകളെക്കുറിച്ചുള്ള പിതാവിന്റെ വിലയിരുത്തൽ വീണ്ടും ആ മനസിൽ തീ കോരിയിട്ടു .

ധനിക പശ്ചാത്തലത്തിൽ ജനിച്ചിട്ടും സ്വപനയുടെ ബാല്യ- കൗമാരങ്ങളും മാനസിക ജീവിതവും അത്യന്തം ദുരിതപൂർണ മായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയും, കരുതലുമില്ലാതെ, അതെ സമയം പഴിയിലും, നിന്ദയിലും അവഗണനയിലും വളരുന്ന ഒരു പെൺകുട്ടിയുടെ ആത്മവിമുക്തിക്ക് വേണ്ടിയുള്ള നിരന്തര പലായനം. ആൺതുണ വേണമെന്നുള്ള സാമൂഹ്യാവസ്ഥ

എടുത്തു ചാട്ടം... പത്തു പന്ത്രണ്ടു വയസ്സിൽ വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ..അത് പോലെ ഇവരുടെ കൗമാരവും, അന്ന് തുടങ്ങിയ ഒളിച്ചോട്ടങ്ങളും. അവരെ നിരന്തരം ചൂഷണം ചെയ്യുന്നവരുടെ സമൂഹമാണ് നമ്മുടേത്. സ്വപ്ന ഇത്തരം കെണിയിൽ വീണ്ടും വീണ്ടും വീണുപോയ ഒരു സ്ത്രീയാണ്.

സ്വപ്നയുടെ തുറന്ന് പറച്ചിലിൽ നിറഞ്ഞു നിൽക്കുന്നത് സത്യസന്ധതയും ആത്മാർഥതയുമാണ്. ഈ ജീവചരിത്ര പുസ്തകത്തിൽ അതുണ്ട്. മലയാളത്തിൽ ഏറ്റവും വിറ്റു പോകുന്ന പുസ്തകമായി ഇത് മാറുമെന്നുറപ്പാണ്.

നമ്മുടെ പെൺകുട്ടികളെ നമ്മൾ ധാരാളം സ്‌നേഹവും കരുതലും നൽകി വേണം വളർത്താൻ. വിപ്ലവം പറഞ്ഞു അവരെ വഴി തെറ്റിക്കുന്നതുകൊണ്ട് ഒരു നേട്ടവുമില്ല. സ്വാതന്ത്ര്യം, നല്ല വിദ്യാഭ്യാസം, ആത്മവിശ്വാസം, ചിട്ട, സ്‌നേഹം, കരുതൽ, അവസരങ്ങൾ, തുല്യതാബോധം എന്നിവയാണ് സ്ത്രീശാക്തീകരണത്തിനു വേണ്ടത് അല്ലാതെ കപട മതിലുകളോ, കപട ബുദ്ധിജീവി സാഹിത്യമോ, അരാജക ജീവിത കഥകളോ അല്ല.