കൊച്ചി: കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ 'ലൈംഗിക മോഹഭംഗത്തെ'ക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന സുരേഷിന്റെ വെല്ലുവിളിക്കുമ്പോൾ പുറത്തു വന്ന ചിത്രങ്ങളെ കുറിച്ച് പ്രതികരിക്കാൻ പോലും കഴിയാതെ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ.

സിപിഎമ്മിനെയും നേതാക്കളെയും കൂടുതൽ കുരുക്കിലാക്കുകയാണ് സ്വപ്ന സുരേഷ്. മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന കളത്തിലേക്കിറങ്ങുന്നത് ഗവർണറുമായുള്ള തർക്കത്തിനിടയിൽ സിപിഎമ്മിന് മറ്റൊരു തലവേദനയായി. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയെന്ന നിലയിലാണ് സ്വപ്നയുടെ ഫേസ്‌ബുക്കിലൂടെയുള്ള മറുപടി. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ ഉൾപ്പെടെ ചേർത്താണ് സ്വപ്നയുടെ വെല്ലുവിളി. ശ്രീരാമകൃഷ്ണൻ ബെഡ്‌റൂമിൽ കിടക്കുന്നതുൾപ്പെടെ തനിക്കയച്ച ഫോട്ടോകളാണ് ഇതെന്നാണ് സ്വപ്ന പറയുന്നത്. മാനനഷ്ടക്കേസ് കൊടുക്കാൻ തയാറാണോയെന്നും കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് സ്വപ്നയുടെ വെല്ലുവിളി.

സ്വപ്ന കഴിഞ്ഞദിവസങ്ങളിൽ സ്വകാര്യ ചാനലുകൾക്കനുവദിച്ച അഭിമുഖങ്ങളിൽ മുന്മന്ത്രിമാരായിരുന്ന ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതരമായ ആക്ഷേപമാണ് ഉന്നയിച്ചത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നതുൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കഴിയുന്ന ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ സ്വപ്ന ബിജെപിയുടെ പാവയായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഈ ആക്ഷേപങ്ങളിൽ നിന്ന് തലയൂരുകയാണ് ആരോപണവിധേയരും പാർട്ടിയും. കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന സ്വപ്നയുടെ ഭീഷണി സിപിഎമ്മിന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്.

ആത്മകഥയിലെ കഥാപാത്രങ്ങളായ 3 രാഷ്ട്രീയ നേതാക്കൾ ആരെല്ലാമാണെന്നു വെളിപ്പെടുത്തിയതിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ അവർ മാനനഷ്ടത്തിനു കേസ് കൊടുക്കണം. സ്വപ്നയുടെ ആരോപണങ്ങൾ മുഴുവൻ തള്ളി മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ ചില സ്വകാര്യചിത്രങ്ങൾ പുറത്തുവിട്ടാണു സ്വപ്നയുടെ വെല്ലുവിളി തുടങ്ങിയത്. സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിൽ അറിയാമെന്നും ഭർത്താവിനും മകനുമൊപ്പമാണു സ്വപ്ന വീട്ടിൽ വന്നിട്ടുള്ളതെന്നും 'ചിത്രവധം മൂന്നാംഘട്ടം' എന്നു തുടങ്ങുന്ന പോസ്റ്റിലൂടെ ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. അങ്ങനെ അല്ല കാര്യങ്ങളെന്ന് ചില ചിത്രങ്ങൾ പുറത്തു വിട്ട് വെല്ലുവിളിക്കുകയായിരുന്നു സ്വപ്‌ന. ഇതോടെ സ്വപ്‌നയുടെ കൈയിൽ കൂടുതൽ ചിത്രങ്ങളുണ്ടെന്ന ആശങ്കയും ശക്തമായി.

സ്വർണ്ണ കടത്തിലെ അന്വേഷണത്തിന് പിന്നാലെ സ്വപ്‌നയുടെ ഫോൺ എൻഐഎ കണ്ടു കെട്ടിയിരുന്നു. പൊലീസും അന്വേഷണങ്ങൾ നടത്തി. ്‌സ്വപ്‌നയുടെ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുവെന്ന ധാരണയും ഉയർന്നു. എന്നാൽ ആത്മകഥയിൽ ശിവശങ്കറിന്റെ ചിത്രങ്ങൾ പുറത്തു വിട്ട് സ്വപ്‌ന ഞെട്ടിച്ചു. നേരത്തെ കെ ടി ജലീലിനെ മാധ്യമം പത്ര വിവാദത്തിൽ കുടുക്കുന്ന തെളിവും സ്വപ്‌ന ചർച്ചയാക്കി. ഇതോടെ ജലീൽ തീർത്തും പ്രതിരോധത്തിലായി. അതിന് ശേഷമാണ് ശിവശങ്കറിന്റെ ചിത്രങ്ങളെത്തിയത്. ഇനിയും തെളിവ് തന്റെ കൈയിലുണ്ടെന്ന് പറയുമ്പോൾ 'വി-കമ്പനി'യും പ്രതിസന്ധിയിലായി. കെ റെയിൽ അടക്കമുള്ള പദ്ധതികൾ വി റെയിലായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നു.

സ്വപ്‌നയുടെ ആരോപണത്തോട് പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ പൊടുന്നനെ ശ്രീരാമകൃഷ്ണൻ ഫെയ്‌സ് ബുക്ക് പോസ്റ്റുമായെത്തി. ഇതിനു പിന്നാലെയാണ് 'ഈ ചിത്രങ്ങൾ ഒന്നും ഓർമപ്പെടുത്തുന്നില്ലെങ്കിൽ' തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനുള്ള വെല്ലുവിളി സ്വപ്ന നടത്തിയത്. ഇതിന്റെ വിശദീകരണമെന്ന നിലയിൽ സ്വപ്ന നടത്തിയ തുടർപ്രതികരണങ്ങളിൽ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് എന്നിവരോടും വെല്ലുവിളി ആവർത്തിച്ചു. കടകംപള്ളി വന്നത് അർധരാത്രിയാണെന്നും ഒപ്പം പാർട്ടിക്കാർ ഉണ്ടായിരുന്നില്ലെന്നും ചായ കുടിച്ചു മാങ്ങയും കഴിച്ചാണു മടങ്ങിയതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

കൊച്ചിയിലെ ആഡംബര ഹോട്ടലിന്റെ ഉദ്ഘാടന വേളയിൽ കടകംപള്ളി സുരേന്ദ്രൻ താമസിച്ചിരുന്ന മുറിയുടെ പുറത്തു നടന്ന സംഭവങ്ങൾ അവിടെയുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും സ്വപ്ന വിശദീകരിച്ചു. തനിക്ക് ഈ നേതാക്കളിൽ നിന്നു നേരിടേണ്ടി വന്ന ദുരനുഭവം ഇതാണെങ്കിൽ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം ഭീകരമായിരിക്കുമെന്നും സ്വപ്ന ചോദിച്ചിരുന്നു. യൂസഫലിയുടെ ഹയാത്ത് ഹോട്ടലിന്റെ ഉദ്ഘാടനമാണ് സ്വപ്‌ന ചർച്ചയാക്കിയത്.

താൻ സ്പീക്കറായിരിക്കെ ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ സ്വപ്ന സുരേഷ് വീട്ടിൽ വന്നിട്ടുള്ളൂവെന്ന് പി.ശ്രീരാമകൃഷ്ണന്റെ മറുപടി. അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഔദ്യോഗിക വസതിയിൽ പലവട്ടം ഒപ്പം മദ്യപിച്ചിട്ടുണ്ടെന്നുമുള്ള സ്വപ്നയുടെ ആരോപണങ്ങളോടു 4 ദിവസത്തെ മൗനത്തിനു ശേഷമാണു ഫേസ്‌ബുക്കിലൂടെ ശ്രീരാമകൃഷ്ണൻ പ്രതികരിച്ചത്. ഇതിനാണ് ചിത്രങ്ങൾ പുറത്തു വിട്ട് സ്വപ്‌ന മറുപടി നൽകിയത്.

ശ്രീരാമകൃഷ്ണന്റെ കുറിപ്പിൽ നിന്ന്: 'ഔദ്യോഗിക വസതിയിൽ സന്ദർശകർ പതിവായിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കു ക്ഷണിക്കാനും മറ്റും വന്നിരുന്നതു ഭർത്താവിനെയും മകനെയും കൂട്ടിയാണ്. വീട്ടിൽ എത്തും മുൻപ് പൊലീസ് കാവലുള്ള 2 ഗേറ്റുകൾ കടക്കണം. വീട്ടിൽ 2 ഗൺമാന്മാരും 2 അസിസ്റ്റന്റ് മാനേജർമാരും ഡ്രൈവർമാരും പിഎയും കുക്കും ഉണ്ട്. ഇവരുടെയൊക്കെ കണ്ണു വെട്ടിച്ച് ആരോടെങ്കിലും ഒറ്റയ്ക്കു വസതിയിൽ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം എനിക്കില്ല. ഔദ്യോഗിക വസതിയിൽ കുടുംബത്തോടൊപ്പമാണു താമസിച്ചിരുന്നത്. അവിടെ മദ്യസദസ്സ് ഒരുക്കുന്നത്ര സംസ്‌കാരശൂന്യനല്ല. ആർഎസ്എസിന്റെ കുബുദ്ധിയും ആസൂത്രണവും ഏതു പരിധിയും കടക്കുമെന്നു പല അന്വേഷണങ്ങളിലൂടെ വെളിപ്പെട്ടതാണ്. അറിഞ്ഞോ അറിയാതെയോ അതിനു കരുവായിത്തീരുകയാണ് സ്വപ്ന.'

കഴിഞ്ഞ 3 വർഷമായി തനിക്കെതിരെ മിണ്ടിയിട്ടില്ലാത്ത സ്വപ്ന സുരേഷ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും പറഞ്ഞു. ''അവരോടു യുദ്ധം ചെയ്യാൻ താൽപര്യമില്ല. സ്വപ്ന ബിജെപിയുടെയും കോൺഗ്രസിന്റെയും പത്മവ്യൂഹത്തിൽ പെട്ടിരിക്കുന്നു. ബാലരാമപുരത്തെ അവരുടെ വീട്ടിൽ പോയത് അതിനു സമീപം പാർട്ടിയുടെ പ്രവാസി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്. സംഘാടകരുടെ നിർബന്ധപ്രകാരമാണു പോയത്.