ബംഗ്‌ളുരു: സിപിഎം എംവി ഗോവിന്ദന്റെ മാനനഷ്ട കേസിന് മറുപടിയുമായി സ്വപ്‌നാ സുരേഷ്. ഒരു കോടി രൂപ അല്ലെങ്കിൽ മാപ്പ് എന്നാണ് പറയുന്നത്. ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ മാപ്പു പറയാൻ. നോട്ടീസ് കിട്ടിയാൽ എന്റെ അഡ്വക്കേറ്റ് മറുപടി നൽകും. മുഖ്യമന്ത്രി എന്റെ അച്ഛനോ അമ്മാവനോ അല്ല. വെറും ക്രൈംപാർട്ണർ മാത്രമാണ്. കേരളത്തിൽ ഉടനീളം എനിക്കെതിരെ കേസെടുക്കുന്നു. മരണം വരെ പോരാടും. കേരളം മുഴുവൻ കേസെടുത്താലും ഇതിന്റെ അവസാനം കിട്ടാതെ നിർത്തില്ല-സ്വപ്‌ന ബംഗ്ലൂരുവിൽ പറഞ്ഞു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബംഗ്ലൂരു പൊലീസിന് ഇന്നും സ്വപ്ന മൊഴി നൽകി. അതിന് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അഡ്വക്കേറ്റ് വിജേഷ് പിള്‌ളയെ വിജയ് പിള്ള എന്ന് പറഞ്ഞതിലും സ്വപ്‌ന വിശദീകരണം നൽകി. വന്നയാളുടെ ഫോൺ നമ്പർ ട്രൂകോളറിലുള്ളത് അഡ്വ വിജയ് ആക്ഷൻ ഒടിടി എന്നാണ്. അതുകൊണ്ട് തന്നെ തനിക്ക് വിജേഷ് വിജയ് പിള്ളയുമാണ്. വിജേഷ് അല്ലെങ്കിൽ വിജയ് പിള്ളയെന്ന് പറയുന്നതിൽ തെറ്റില്ല. ചാനൽ ചർച്ചകളിൽ വന്നിരുന്ന് തന്നെ അപമാനിക്കുന്നവർക്കെതിരെ കേസ് കൊടുക്കുമെന്നും സ്വപ്‌ന പറഞ്ഞു. അഡ്വ ഹക്‌സർ എന്ന ആളിനെതിരെ കേസ് കൊടുക്കുമെന്നും സ്വപ്‌ന ബംഗ്ലൂരുവിൽ പറഞ്ഞു. ചാനൽ ചർച്ചകളിൽ അപമാനിക്കുന്നവർക്കെതിരെ എല്ലാം നിയമ നടപടി എടുക്കുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു കേസിൽ എന്നെ അകത്താക്കുമെന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ഷാജ് കിരൺ ഒത്തുതീർപ്പിന് വന്നപ്പോൾ അന്നും പിസി ജോർജിനേയും എന്നേയും ചേർത്ത് കേസെടുത്തു. ഇപ്പോൾ വീണ്ടും കേസെടുത്തു. ഇതിന് കാരണം അവർക്ക് എന്തെല്ലാമോ ഒളിക്കാനുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും മരണം വരെ പോരടിക്കും. വിജേഷ് പിള്ളയ്‌ക്കൊപ്പം ബംഗ്ലൂരിൽ എത്തിയ ആളിനെ വെളിപ്പെടുത്തില്ല. അത് ബംഗ്ലൂരു പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. അക്കാര്യം പറയേണ്ടത് അവരാണെന്നും സ്വപ്‌ന വിശദീകരിച്ചു.

വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സ്വപ്ന സുരേഷിന്റെ മൊഴി കർണാടക പൊലീസ് രേഖപ്പെടുത്തിയത് തുടർ നടപടികളുടെ കൂടെ ഭാഗമാണ്. രാവിലെ പത്തരയോടെ സ്വപ്ന കടുകുടി പൊലീസ് സ്റ്റേഷനിൽ എത്തി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കുറ്റകരമായ ഭീഷണിപ്പെടുത്തൽ എന്ന വകുപ്പുചുമത്തിയാണ് വിജേഷ് പിള്ളയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

സ്വർണക്കടത്തു കേസിൽ കോടതിയിൽ കൊടുത്ത മൊഴി തിരുത്താൻ പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്നയുടെ പരാതി. നേരത്തെ ബ്രഹ്‌മപുരം തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വപ്‌ന രംഗത്തു വന്നിരുന്നു. ബ്രഹ്‌മപുരത്ത് കരാർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിച്ചതെന്നും സ്വപ്ന ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം.

12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ ഉൾപ്പെടെ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കർ ആശുപത്രിയിൽ ആയതുകൊണ്ടാകാം. കരാർ കമ്പനിയുമായുള്ള ഇടപാടിൽ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ കാത്തിരുന്നതെന്നും സ്വപ്ന ആരോപിച്ചു.

മാലിന്യ സംസ്‌കരണത്തിന് കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ചവർക്കും കൊച്ചിയിലെ ജനങ്ങൾക്കും നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും സ്വപ്ന പറഞ്ഞു. കൊച്ചിയിൽ താമസിച്ച് നിങ്ങൾ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നയാളാണ് താനും, എന്നാൽ ഇതുവരെ മരിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.