തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം' ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. സ്വപ്‌ന സുരേഷ് മുമ്പ് പറഞ്ഞതും പോലെ വൻ ഹിറ്റിലേക്കാണ് പുസ്തകം നീങ്ങുന്നത്. നിരവധി പേരാണ് പുസ്തകം വാങ്ങാനായി രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനുമായുള്ള പ്രണയത്തെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശൂർ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം പുസ്തകത്തിന്റെ ഡിമാൻഡ് കൂടിയപ്പോൾ ഈ സാഹചര്യം മുതലെടുത്ത് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനികൾ. സ്വപ്നയുടെ ആത്മകഥക്കൊപ്പം ശിവശങ്കറിന്റെ അനുഭവ കഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകവും കൂടി ചേർത്ത് കോംബോ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രൂ സെല്ലർ ബുക്ക് എന്ന കമ്പനി. 460 രൂപയുടെ പുസ്തകങ്ങൾ 415 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ഓർഡർ ചെയ്താൽ പുസ്തകങ്ങൾ ഡെലിവറി ചാർജില്ലാതെ വീട്ടിലെത്തും. നാലു മുതൽ ഏഴു ദിവസത്തിനുള്ളിൽ ബുക്ക് വായനക്കാരന്റെ കൈകളിലെത്തും.

ശിവശങ്കരനുമായി ഒന്നിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ചിത്രങ്ങൾ ചതിയുടെ പത്മവ്യൂഹത്തിലുണ്ട്. ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ തന്നെ താലി കെട്ടിയെന്നും സ്വപ്ന പറയുന്നു. ശിവശങ്കരന്റെ പാർവതിയായിരുന്നു താൻ എന്നാണ് കുറിക്കുന്നത്. ഇതിന് തെളിവായി 'പാർവതി എസ്' എന്ന് കയ്യിൽ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നിൽക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

''ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു.'' പുസ്തകത്തിൽ പറയുന്നു. ശിവശങ്കറിന്റെ അനുഭവ കഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. ഡിസി ബുക്‌സാണ് പ്രസാധകർ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ തന്റെ ഭാഗം ശിവശങ്കർ പുസ്തകത്തിൽ വിശദീകരിക്കുന്നു.

അതേസമയം 'ചതിയുടെ പത്മവ്യൂഹം' സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ എത്തിയിരുന്നതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്‌സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

ശിവശങ്കറുമായുള്ള ആത്മബന്ധമാണ് സ്വപ്‌ന പുസ്തകത്തിൽ വിശദീകരിക്കുന്നത്. ശിവശങ്കരന്റെ പാർവ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളിൽ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടർന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദർശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതിൽ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച 'ഉമ്മ സ്മൈലി'യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോൾ സംശയിക്കുന്നുവെന്നും അവർ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.

'2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കർസാറും ഞാനും ഇരുവരുടെയും ജീവിതത്തിൽ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയിൽ മാസത്തിൽ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകൾ ഏറ്റവും മധുരതരമായിരുന്നു. കോൺസുലേറ്റിന് തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യൽ ട്രിപ്പ് എന്ന നിലയിൽ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളിൽ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവർ സാർ ഇടയ്ക്ക് വീട്ടിൽ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തിൽ കെട്ടി. നെറുകയിൽ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you' സ്വപ്നയുടെ പുസത്കത്തിൽ പറയുന്നു.

മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. താൻ ഊട്ടിയിലെ കുതിരയാണെന്നും താൻ പുസ്തകമിറക്കിയാൽ ഇതിനേക്കാൾ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്ന പറഞ്ഞിരുന്നു.