തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങളുമായി  സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരയാണ് സ്വപ്‌ന ഇന്ന് വീണ്ടും രംഗത്തുവന്നത്. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണവുമായി സ്വപ്‌ന രംഗത്തുവന്നത്. ഇതുവരെ സ്വപ്‌നയുടെ ആരോപണങ്ങളിൽ ഇടമില്ലാതിരുന്ന നേതാക്കളായിരുന്നു ഐസക്കും കടകംപള്ളിയും.

കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് സ്വപ്‌ന ഉയർത്തുന്ന ആരോപണം. അതേസമയം പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവെന്നും സ്വപ്‌ന പറഞ്ഞു. ഏഷ്യാനറ്റ് ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്വപ്‌ന സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. സിപിഎം നേതാക്കൾക്ക് സെക്ഷ്വൽ ഫ്രസ്‌ട്രേഷനാണെന്നാണ് സ്വപ്‌നയുടെ ആരോപണം.

ഗുരുതര ആരോപണമാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്നാ സുരേഷ് നടത്തിയത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്‌ന ആരോപിക്കുന്നു. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്‌ന അഭിമുഖത്തിൽ പറഞ്ഞു.

സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെയെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറുമായി ഉണ്ടായിരുന്നത് ആത്മബന്ധമായിരുന്നു എന്നും അവർ പറഞ്ഞു. അതേസമയം മറ്റ് നേതാക്കൾ സെക്‌സിനായി വ്യഗ്രതപൂണ്ടിരിക്കയാണെന്നും സ്വപ്‌ന പറയുന്നു.

കൊച്ചി ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും അവർ ആരോപിച്ചു.

അതേസമയം മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്നാണ് സ്വപ്‌നയുടെ ആരോപണം. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 'കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുള്ള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഇത്തരം 'ഫ്രസ്ട്രേഷനുകളുള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

മുൻ ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് സെക്‌സ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സ്വപ്‌ന പറയുന്നത്. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.