- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപേക്ഷിച്ച ഐ ഫോണുകൾ പൊടി തട്ടി പുതിയ കവറിലാക്കി സിനിമ താരങ്ങളെ പറ്റിച്ചു; സേവ് ബോക്സിന്റെ പേരിൽ ചലച്ചിത്ര താരങ്ങളുടെ 'വിശ്വസ്തനായി'; നിക്ഷേപ തട്ടിപ്പ് പ്രതി സ്വാതി റഹീം കാരവൻ ടൂറിസത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ
തൃശൂർ: സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി സ്വാതി റഹിം സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും തട്ടിപ്പു നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയാണ് ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന സ്വാതി റഹിം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
നിക്ഷേപകർക്ക് പ്രതിമാസം ആകർഷകമായ റിട്ടേൺ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. എന്നാൽ നിക്ഷേപകർക്ക് ലാഭം കിട്ടാതെയായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ നിരവധി പരാതികളായിരുന്നു വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഉള്ളത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകളുണ്ട്. ഇതിൽ പല കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കാനും സ്വാതി റഹിം ശ്രമിച്ചിരുന്നു.
സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരിൽ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐ ഫോണുകളെന്ന പേരിൽ സിനിമാ താരങ്ങൾക്ക് നൽകിയ സമ്മാനം തട്ടിപ്പായിരുന്നു. ആളുകൾ ഉപേക്ഷിച്ച ഐ ഫോണുകൾ പൊടി തട്ടി പുതിയ കവറിൽ നൽകിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.
സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. സ്വാതിയുടെ വാക്‌സാമർഥ്യത്തിൽ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിലവിൽ മൂന്നു പരാതികളിൽ കേസെടുത്തു. കൂടുതൽ പേർ പരാതികൾ നൽകുമെന്നാണ് സൂചന.
വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് ഇയാൾ ആദ്യം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ഈ സംരംഭം പരാജയപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചാണ് ഇയാൾ ആപ്പ് തുടങ്ങിയത്. പരസ്യത്തിനായി വൻതുകകൾ മുടക്കി. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. ജയസൂര്യയ്ക്ക് സ്വാതി റഹിം രണ്ടു കോടി രൂപ നൽകാനുണ്ടെന്നും പറയുന്നു. മഞ്ജുവാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാൾ നിക്ഷേപകരുടെ വിശ്വാസം നേടി.
നിരവധി സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് പരിപാടിയിലൂടെ നിക്ഷേപകരെ ആകർഷിക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. സേവ് ബോക്സിന്റെ പേരും പറഞ്ഞ് ഒട്ടേറെ സിനിമ താരങ്ങളുമായി സ്വാതി ബന്ധം ഉറപ്പിച്ചിരുന്നു. ഈ ബന്ധങ്ങൾ പലതും ഉപയോഗിച്ചാണ് സാധാരണക്കാരെ കബളിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപ സ്വാതി റഹീം തട്ടിച്ചെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്ത നിക്ഷേപ തട്ടിപ്പുകാരൻ പ്രവീൺ റാണ സ്വാതിയുടെ കയ്യിൽ നിന്ന് അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിരുന്നു.
പ്രവീൺ റാണയെ പോലെ വാക്സാമർത്ഥ്യമുള്ള ആളാണ് സ്വാതി റഹീമും. ഇയാളുടെ വാക്കുകൾ വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്. ഇപ്പോൾ മൂന്ന് പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ പേർ ഇനിയും പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ