ചെന്നൈ: വെറുതേ കൈയും വീശി വിദേശത്തുപോയി തിരിച്ചു വന്നിട്ട് എന്താണ് കാര്യം? മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഓരോ വിദേശയാത്രകളെ കുറിച്ചും ചർച്ചയാകുമ്പോൾ അതുകൊണ്ട് കേരളത്തിന് എന്താണ് നേട്ടമെന്ന പരിശോധനകൾ നടക്കാറില്ലെന്നതാണ് വസ്തുത. അതേസമയം ഇത്തരം കാര്യങ്ങളിൽ തമിഴ്‌നാടിനെ കേരളം കണ്ടു പഠിക്കണ്ടതാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ഒരു വിദേശയാത്ര മാത്രമാണ് നടത്തിയതെങ്കിലും ആ ഒറ്റ യാത്രകൊണ്ട് 1600 കോടിയുടെ നിക്ഷേപമാണ് തമിഴകത്തിൽ എത്തിയത്. മാത്രമല്ല, വ്യവസായ രംഗത്തിന് ഊർജ്ജം പകരുന്ന പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുകയുമാണ് തമിഴ്‌നാട് സർക്കാർ.

കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം കുറച്ചു കൊണ്ടാണ് തമിഴ്‌നാട് മുന്നോട്ടു പോകുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) എന്നറിയപ്പെടുന്ന ബോണ്ടുകളുടെ ഇഷ്യു വഴി സംസ്ഥാനങ്ങൾ വിപണിയിൽനിന്നാണു കടമെടുത്തിരുന്നത്.

കടമെടുപ്പു കുറഞ്ഞതു സംസ്ഥാനത്തിന്റെ വരുമാന വർധന മൂലമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 5 ലക്ഷം കോടി കടത്തിൽ മുങ്ങി നിന്ന തമിഴ്‌നാടിനെ രക്ഷിക്കാനായി തമിഴ്‌നാട് ധനമന്ത്രി പളനിവേൽ തങ്കരാജന്റെ തന്ത്രങ്ങളാണ് വിജയം കണ്ടത്. ആഗോള് ബ്രാൻഡുകൾ അടക്കം ഇന്ന് തമിഴ്‌നാടിനെ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായി വ്യവസായങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു തിരിഞ്ഞുനിന്നിട്ടില്ല തമിഴ്‌നാട്. 10 വർഷത്തെ ഇടവേളയ്ക്കുശേഷം, കഴിഞ്ഞവർഷം മേയിൽ ഡിഎംകെ അധികാരത്തിൽ വന്നതോടെ ആ വാതിലുകൾ കൂടുതൽ വിശാലമായി. തമിഴ്‌നാട്ടിൽനിന്ന് ഇപ്പോൾ സെമി കണ്ടക്ടറുകൾ മുതൽ ഇലക്ട്രിക് വാഹന ഘടകങ്ങൾ വരെയാണു ലോകവിപണിയിലെത്തുന്നത്.

രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ (സെസ്) പ്രവർത്തിക്കുന്ന ഏക സംസ്ഥാനം ഡിഎംെക അധികാരത്തിലെത്തിയ ശേഷം 132 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേർക്കു തൊഴിലവസരങ്ങളും ഉണ്ടായി. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) 97% സ്‌കോർ നേടി മൂന്നാം സ്ഥാനത്തേക്കു തമിഴ്‌നാട് ഉയർന്നു. 2030 ആകുമ്പോഴേക്കും ഒരു ട്രില്യൻ ഡോളർ (80 ലക്ഷം കോടിയോളം രൂപ) സമ്പദ്വ്യവസ്ഥ എന്ന വളർച്ചാലക്ഷ്യം കൈവരിക്കാൻ ഈ വർഷം ഏകദേശം 23 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളുമായാണ് സ്റ്റാലിൻ സർക്കാർ മുന്നോട്ടുപോകുന്നത്. ആകെ 46 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.

വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് 37,220ൽ ഏറെ വ്യവസായശാലകളുണ്ട് തമിഴ്‌നാട്ടിൽ. വാഹനം മുതൽ വിമാനഘടകങ്ങൾ വരെ ഇവിടെ ഉൽപാദിപ്പിക്കുന്നു. എന്തുകൊണ്ടു നിക്ഷേപത്തിനായി തമിഴ്‌നാട് തിരഞ്ഞെടുത്തു എന്ന ചോദ്യവുമായി കമ്പനികളെ സമീപിച്ച വ്യവസായ വകുപ്പിനോട് 'കേൾക്കാനുള്ള മനസ്സും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയും അധികാരികൾക്കുണ്ട്' എന്ന മറുപടിയാണ് അവർ നൽകിയത്. വ്യവസായ പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തീരുമാനം വേഗത്തിലാണ്. കോവിഡ് പ്രതിസന്ധി പുതിയ വ്യവസായങ്ങളുടെ പ്രസക്തി കൂട്ടി. സമ്പദ്വ്യവസ്ഥ ഉലയരുതെന്ന കാഴ്ചപ്പാട് കാര്യക്ഷമതയും കൂട്ടി. കൂടാതെ, വ്യവസായനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള മത്സരശേഷി തമിഴ്‌നാട് എപ്പോഴും നിലനിർത്തുന്നുണ്ടെന്നു വ്യവസായികളും സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോൾ തമിഴ്‌നാട്ടിലേക്കു വരുന്നതിലേറെയും ഭാവിയിൽ കൂടുതൽ പച്ചപിടിക്കാവുന്ന വ്യവസായങ്ങളും നിക്ഷേപങ്ങളുമാണ്; അതിനോടാണ് ഇപ്പോൾ താൽപര്യവും. സെമി കണ്ടക്ടറുകളും ചിപ്പുകളും മൊബൈൽ ഫോൺ ഘടകങ്ങളും തുടങ്ങി വൈദ്യുത വാഹനം വരെ നിർമ്മിക്കുന്ന വൻകിടക്കാരുമായി ധാരണയായിക്കഴിഞ്ഞു. ഇതുകൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ലൈഫ് സയൻസ് പോളിസിയും റിസർച് ആൻഡ് ഡവലപ്‌മെന്റ് (ആർ ആൻഡ് ഡി) പോളിസിയും സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ലൈഫ് സയൻസ് വ്യവസായ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും പ്രാദേശിക ഉൽപാദനശേഷിയും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെയും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതിയും വർധിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ പാർക്കുകൾ, മെഡിക്കൽ ഉപകരണ ഫാക്ടറികൾ, മെഡിക്കൽ ടെക്സ്റ്റൈൽ പാർക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനു മൂലധന സബ്സിഡി, ഭൂമി തുടങ്ങിയവ നൽകാനും പദ്ധതികൾക്കു സുസ്ഥിര ധനസഹായം ലഭ്യമാക്കാനുമാണ് ലൈഫ് സയൻസ് നയം നിർദേശിക്കുന്നത്.

സർക്കാർ, സ്വകാര്യ മേഖലകളിലെ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും എണ്ണം വർധിപ്പിക്കാനും കൂടുതൽ പേറ്റന്റുകൾ നേടാനും ലക്ഷ്യമിട്ട് ഗവേഷണ പാർക്കുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ഇന്നവേഷൻ ഹബ്ബുകൾ തുടങ്ങിയവ സ്ഥാപിക്കാൻ ആർ ആൻഡ് ഡി നയം ശുപാർശ ചെയ്യുന്നു. തമിഴ്‌നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇന്നവേഷൻ മിഷൻ വഴി ചെറിയ പട്ടണങ്ങൾ പോലും പ്രാദേശിക സ്റ്റാർട്ടപ്പ് ഹബ്ബുകളായി മാറും.

തുകൽ വ്യാപാര മേഖലയ്ക്കായി 2,250 കോടി രൂപയുടെ നിക്ഷേപം നടത്താൻ അഞ്ച് ധാരണാപത്രങ്ങളിൽ തമിഴ്‌നാട് അടുത്തിടെ ഒപ്പുവെച്ചിരുന്നു. 'തമിഴ്‌നാട് പാദരക്ഷ, തുകൽ ഉൽപ്പന്ന നയം 2022' മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. 2025 ഓടെ തുകൽ മേഖലയിൽ 20,000 കോടി രൂപയുടെ നിക്ഷേപം കൊണ്ട് വരാനും 2 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് നയം ലക്ഷ്യമിടുന്നത്.

പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെയും നിർമ്മാണത്തിന് ഏഷ്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി തമിഴ്‌നാടിനെ മാറ്റുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ആഗോളതലത്തിൽ 'മേക്ക് ഇൻ തമിഴ്‌നാട്' ഉൽപ്പന്നങ്ങൾ ജനകീയമാക്കാൻ വ്യവസായങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കെഐസിഎൽ എസ്ഇഎംഎസ്, വാഗൺ ഇന്റർനാഷണൽ , കെഐസിഎൽ, വാക്അരോ , കെഐസിഎൽ (ഫൂട്ട്വെയർ ക്ലസ്റ്റർ) എന്നിവയാണ് തമിഴ്‌നാട് സർക്കാർ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച അഞ്ച് സ്ഥാപനങ്ങൾ. ഇതിലൂടെ 37,450 പേർക്ക് തൊഴിൽ ലഭിക്കും.

നിരവധി ആഗോള ഫാഷൻ ബ്രാൻഡുകൾക്ക് തമിഴ്‌നാടുമായി ബന്ധമുണ്ട്. ലൂയിസ് വിറ്റൺ, ജോർജിയോ അർമാനി, ഗൂച്ചി, ക്ലാർക്ക്‌സ്, കോൾ ഹാൻ, ഡാനിയൽ ഹെക്ടർ, ബുഗാട്ടി, പ്രാഡ, സാറ, കോച്ച്, ടോമി ഹിൽഫിഗർ, ഹഷ് പപ്പികൾ, ഇക്കോ, ജോൺസ്റ്റൺ & മർഫി, ഹ്യൂഗോ കാർഡിൻസ്, തുടങ്ങിയ പ്രശസ്ത ആഡംബര ബ്രാൻഡുകളുടെ പാദരക്ഷകൾ ഒന്നുകിൽ തമിഴ്‌നാട്ടിൽ നിർമ്മിക്കുകയോ അല്ലെങ്കിൽ അസംസ്‌കൃത വസ്തുക്കൾ താഴിനാട്ടിൽ നിന്നും ശേഖരിക്കുകയോ ചെയ്യാറുണ്ട്.

കേന്ദ്ര സർക്കാരിനോടു വിവിധ വിഷയങ്ങളിൽ പല്ലും നഖവും ഉപയോഗിച്ച് എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോഴും അതൊന്നും സംസ്ഥാനത്തിന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം തമിഴ്‌നാട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത വരുമാന(ജിഡിപി)ത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിനെ കേന്ദ്രത്തിനും കൈവിടാനാകില്ല. 2021ലെ കയറ്റുമതി ശേഷി സൂചികയിലും ദേശീയ ലോജിസ്റ്റിക് സൂചികയിലും നാലാം സ്ഥാനത്താണു തമിഴ്‌നാട്. ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ (ബിആർഎപി) റാങ്കിങ്ങിൽ 14ാം സ്ഥാനത്തുനിന്ന് ഇത്തവണ 3ാം സ്ഥാനത്തെത്തി.