- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ബോട്ട് ദുരന്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഡിസംബറിൽ നൽകിയിട്ടും എല്ലാവരും ചായ കുടിച്ച് പിരിഞ്ഞു; ലൈസൻസില്ലാതെയും ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും ഉല്ലാസ ബോട്ടുകൾ ഓടുന്നെന്ന വിവരം കിട്ടിയിട്ട് ആറുമാസം; ജില്ലാ വികസന സമിതി തീരുമാനത്തിന്റെ രേഖകൾ പുറത്ത്
മലപ്പുറം: ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ. ദുരന്തനിവാരണ രംഗത്തെ വിദഗ്ധനായ മുരളി തുമ്മാരുകുടി നൽകിയ മുന്നറിയിപ്പ് വേണ്ടപ്പെട്ടവർ കണ്ടില്ലെന്ന് തന്നെ വയ്ക്കുക. എന്നിരുന്നാലും താനൂർ ബോട്ട് അപകടം മനുഷ്യ നിർമ്മിത ദുരന്തം തന്നെയാണെന്നതിന് തെളിവുകൾ പുറത്തുവന്നു. ലൈസൻസ് ഇല്ലാത്ത വിനോദ സഞ്ചാര ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന തീരുമാനം വന്നിട്ടും, മലപ്പുറത്ത് കാട്ടിയത് ഗുരുതര അനാസ്ഥയാണ്.
ഇക്കാര്യത്തിൽ മലപ്പുറം ജില്ലാ വികസന സമിതി തീരുമാനം എടുത്തത് കഴിഞ്ഞ വർഷം ഡിസംബറിലാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദുരന്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഡിസംബറിൽ തന്നെ നൽകിയിരുന്നു. മലപ്പുറം ജില്ലാ വികസന സമിതി യോഗത്തിൽ ബോട്ടുദുരന്തത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു. നിയമം പാലിക്കാത്ത ബോട്ടുകൾക്കെതിരെ നേരത്തെ നടപടിയും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കാൻ ആർക്കും നേരമുണ്ടായില്ല.
കഴിഞ്ഞ നവംബർ 26-ന് ചേർന്ന മലപ്പുറം ജില്ല വികസന സമിതി യോഗത്തിലാണ് ജില്ലയിൽ ബോട്ടപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പു സംബന്ധിച്ച ചർച്ചകൾ നടന്നത്. ലൈസൻസില്ലാതെയും മറ്റു സുരക്ഷാ സംവിധാനങ്ങളില്ലാതെയും വിനോദ സഞ്ചാര ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് യോഗത്തിൽ അബ്ദുൾഹമീദ് എംഎൽഎ. ഉന്നയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവും യോഗത്തിൽ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് ദുരന്തനിവാരണ അഥോറിറ്റിയും യോഗം ചേർന്നിരുന്നു.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബോട്ടുകളെ കുറിച്ചുള്ള വിവരം ജില്ലാ പൊലീസ് മേധാവിക്കും പോർട്ട് കൺസർവേറ്റർക്കും നൽകുകയും ചെയ്തു. ലൈസൻസില്ലാത്ത ബോട്ടുകൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശം നൽകിയതായി ബേപ്പൂർ പോർട്ട് കൺസർവേറ്റർ മറുപടി നൽകുകയും ചെയ്തിരുന്നു. അതേസമയം, ലൈസൻസില്ലാത്ത ബോട്ടുകൾ ജില്ലയിൽ പ്രവർത്തിക്കുന്നില്ല എന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി നൽകിയ മറുപടി. ലൈസൻസില്ലാത്ത ബോട്ടുകൾ പ്രവർത്തിക്കാനനുവദിക്കില്ല എന്ന ഉറപ്പ് ബന്ധപ്പെട്ട അധികാരികൾ യോഗത്തിൽ നൽകിയതുമാണ്. എന്നാൽ, ഇവയെല്ലാം ലംഘിക്കപ്പെട്ടു എന്നത് താനൂരിലെ ബോട്ടപകടത്തിൽനിന്ന് വ്യക്തമാണ്.
താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.
ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥാപിക്കുന്ന സമയത്ത്, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ഫോറൻസിക് സംഘം ബോട്ടിൽ പരിശോധന നടത്തുന്നത്. ഏകദേശം മൂന്ന് മണിയോടെ തുടങ്ങിയ പരിശോധന പൂർത്തിയായിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് പരിശോധന നടത്തുകയും വിവിധ സാമ്പിളുകൾ ശേഖരിക്കുന്ന ദൗത്യമാണ് ഇപ്പോൾ ഫോറൻസിക് സംഘം തുടരുന്നത്.
അതിനിടെ, താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മെയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മറുനാടന് മലയാളി ബ്യൂറോ