- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂരിൽ ബോട്ട് അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു; നെടുമ്പാശ്ശേരി വഴി നാസർ രക്ഷപ്പെടാൻ നീക്കം നടത്തിയത് ഇന്നലെ രാത്രി; പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി കോഴിക്കോട്ടേക്ക് മടങ്ങി; അറസ്റ്റിലായ നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു; ബോട്ട് ഡ്രൈവറും സഹായിയും ഒളിവിൽ; അന്വേഷണത്തിന് പ്രത്യേക സംഘം
മലപ്പുറം: മലപ്പുറം താനൂരിൽ ഇരുപത്തിരണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. നാസർ ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാൻ നീക്കം നടത്തിയത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ കോഴിക്കോട്ടേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം അപകടം ഉണ്ടായ ബോട്ടിന്റെ ഡ്രൈവറും സഹായിയും ഇപ്പോഴും ഒളിവിലാണ്.
നാസർ സൗദിയിലെ വ്യവസായിയാണ്. സൗദി ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിന് കീഴിൽ സൗദിയിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ജീവനക്കാരുണ്ട്.
നിർമ്മാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകക്ക് നൽകുന്ന ബിസിനസിന് പുറമെ നേരത്തെ ഇദ്ദേഹം സൂപ്പർമാർക്കറ്റും നടത്തിയിരുന്നു. താനൂർ സ്വദേശിയായ നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതാണെന്ന് പറയപ്പെടുന്നു. പെരുന്നാൾ ദിനത്തിൽ ആരംഭിച്ച ബോട്ട് സവാരി ഇടക്ക് നിർത്തി വെക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ച്ച നിർത്തിവെച്ച സർവിസ് ഞായറാഴ്ച വീണ്ടും ആരംഭിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് വരെയാണ് അനുവദിച്ച സമയമെങ്കിലും തിരക്ക് കാരണം രാത്രിയും ബോട്ട് സവാരിതുടരുകയായിരുന്നു. ഇതാണ് മഹാ ദുരന്തത്തിന് ആക്കം കൂട്ടിയത്.
അറസ്റ്റിലായ നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നാസറിന്റെ വാഹനം കൊച്ചിയിൽ പിടികൂടിയിരുന്നു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം എറണാകുളത്ത് വെച്ച് പിടിയകൂടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നായിരുന്നു ഇന്നലെ ലഭിച്ച സൂചന. വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെയാണ് പിടികൂടിയത്. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയിൽനിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്.
അന്വേഷണം തുടരുന്നതിനിടെ താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് എലത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടിൽ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി മുതൽ ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽനിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.
ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പതിനാല് അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്‌പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക. താനൂർ സിഐ ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ട്.
താനൂരിൽ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.
അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികളുൾപ്പെടുന്നു. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ പതിനൊന്ന് പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
എട്ട് പേരാണ് കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടായ പുഴയിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
അതേസമയം, ബോട്ട് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അപകടത്തിൽപെട്ട ബോട്ടിന്റെ നിർമ്മാണത്തിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന ആരോപണം ശക്തമാണ്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നാണു പ്രധാന ആരോപണം. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്.
ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ബോട്ടിനു ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണു പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ