- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടമുണ്ടാക്കിയ ബോട്ടിന് കൃത്രിമ മാർഗങ്ങളിലൂടെയാണ് ലൈസൻസ് ലഭിച്ചതെന്ന ആരോപണം ശക്തം; അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്ത് പൊലീസ്; ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകം. അതിവേഗ ഇടപെടലിന് കമ്മീഷൻ; തൂവൽതീരത്തെ ഇരകൾക്ക് നീതി കിട്ടുമോ?
മലപ്പുറം: താനൂർ തൂവൽതീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേർകൂടി അറസ്റ്റിലാകുമ്പോൾ തെളിയുന്നത് ഗൂഢാലോചന. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവരിൽ നിന്നും അനധികൃത സർവ്വീസിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ബോട്ടുടമ നാസറിനുള്ള രാഷ്ട്രീയ സ്വാധീനവും തെളിഞ്ഞു. വള്ളത്തെ ബോട്ടാക്കി മാറ്റിയിട്ടും ഫിറ്റ്‌നസ് സർട്ടിഫിക്ക് നൽകിയവർക്കെതിരെ അറസ്റ്റ് ഉണ്ടായിട്ടില്ല. അതേസമയം, ബോട്ട് അപകടം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മിഷൻ തലവൻ റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ അപകടസ്ഥലം സന്ദർശിച്ചു. അപകടത്തിൽപെട്ട ബോട്ട് പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു. സർക്കാർ ഉത്തരവിനു ശേഷം കമ്മിഷൻ അംഗങ്ങളുടെ യോഗം ചേർന്ന് തുടർനടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ നിയമ സാങ്കേതിക വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. ഹൈക്കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും. ഇതും നിർണ്ണായകമാണ്. ഉദ്യോഗസ്ഥർക്കെതിരേയും നടപടികളുണ്ടായേക്കും. താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ രേഖകൾ ബേപ്പൂരിലെ മാരിടൈം ഓഫിസിൽനിന്നു പൊലീസ് പിടിച്ചെടുത്തു. അപകടമുണ്ടാക്കിയ ബോട്ടിന് കൃത്രിമ മാർഗങ്ങളിലൂടെയാണ് ലൈസൻസ് ലഭിച്ചതെന്ന ആരോപണം ശക്തമായിരിക്കെയാണ് മാരിടൈം ഓഫിസിൽ പൊലീസ് പരിശോധന നടത്തിയത്. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു.
അന്വേഷണ സംഘം തലവൻ ഡിവൈഎസ്‌പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആലപ്പുഴയിലെ പോർട്ട് ഓഫിസിലും പരിശോധന നടത്തി. മാരിടൈം ബോർഡിന്റെ വീഴ്ചകൊണ്ടാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനങ്ങൾ. അപകടമുണ്ടാക്കിയത് മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോർഡാണ്. ഇതും അന്വേഷണ പരിധിയിൽ വരും. പണം മാത്രം ലക്ഷ്യമിട്ട് മാനദണ്ഢങ്ങളൊന്നും പാലിക്കാതെ തട്ടിക്കൂട്ട് പദ്ധതികൾ നടപ്പാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പുമന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. താനൂർ ബോട്ട് ദുരന്തം നടന്ന താനൂർ ഒട്ടുംപുറം തൂവൽതീരം സന്ദർശിച്ച ശേഷം മുരളീധരൻ പറഞ്ഞു.
ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സർവീസ് നടത്തുന്ന വിവരം നാട്ടുകാർ മന്ത്രിമാരോട് പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചുവെന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണം. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂർ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവർത്തനവും പിണറായി ഭരണത്തിൽ ആർക്കും എന്ത് തോന്ന്യാസവും ചെയ്യാമെന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ