- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടുപ്പമേറിയ ജനാലച്ചില്ല് കെകൊണ്ട് തകർത്ത് ആദ്യത്തെയാളെ രക്ഷിക്കുമ്പോൾ അയാൾക്ക് ചൂടുണ്ടായിരുന്നു; മുറിഞ്ഞ കൈയുമായി രക്ഷാപ്രവർത്തനം; കോരിയെടുത്തത് എട്ടുപേരെ; മരിച്ചത് ബന്ധുക്കളാണെന്ന് അറിഞ്ഞത് രാവിലെ ബോധം വന്നപ്പോൾ'; പരപ്പനങ്ങാടിക്കാരനായ കുന്നുമ്മൽ റഷീദ് പറയുന്നു
താനൂർ: താനൂരിലെ തൂവലിൽ ആഴമുള്ളയിടത്ത് തലകീഴായി മറിഞ്ഞ ബോട്ടിന്റെ ചില്ലുകൾ തകർത്താണ് അപകടസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരായ രക്ഷാപ്രവർത്തകർ യാത്രക്കാരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് എത്തിയ പരപ്പനങ്ങാടിക്കാരനായ കുന്നുമ്മൽ റഷീദിന് ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ആളുകളുടെ നിലവിളി ഉയർന്നപ്പോൾ മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ആഴമേറിയ സ്ഥലത്തേക്ക് നീന്തിപ്പോയി ബോട്ടിൽ കയറി രക്ഷ പ്രവർത്തനം നടത്താൻ തുനിഞ്ഞപ്പോൾ തടസ്സമായി നിന്നത് അടച്ചിട്ട ചില്ലുജനവാതിലുകളായിരുന്നു.
തനിക്കു പറ്റുംവിധം മനുഷ്യരെ ജീവിതത്തിലേക്കു കൊണ്ടുവരാൻ റഷീദോർത്തിട്ട് ഒരു വഴിയേ മുന്നിൽ തെളിഞ്ഞുള്ളൂ. അങ്ങനെയാണ് ബോട്ടിന്റെ കടുപ്പമേറിയ ജനാലച്ചില്ലുകൾ സ്വന്തം കൈകൊണ്ട് റഷീദ് ഇടിച്ചു പൊട്ടിക്കുന്നത്. 'മുറിഞ്ഞ കൈയുമായാണ് രണ്ട് മണിക്കൂറോളം ഞാൻ രക്ഷാപ്രവർത്തനം നടത്തിയത്. അതിനിടയിൽ സ്വന്തം കൈയിൽ നിന്ന് ചോര പോകുന്നതൊന്നും അത്ര ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് ശരീരത്തിൽ തണുപ്പ് കയറിയപ്പോൾ തല കറങ്ങി', റഷീദ് പറയുന്നു.
ചില്ല് കൈകൊണ്ട് തകർത്ത് ആദ്യത്തെയാളെ രക്ഷിക്കുമ്പോൾ അയാൾക്ക് ചൂടുണ്ടായിരുന്നെന്ന് പറയുന്നു റഷീദ്. പക്ഷെ അതിലൂടെ പുറത്തെത്തിച്ചവർക്ക് ചില്ല് തറച്ചു ശരീരത്തിൽ മുറിവേറ്റു തുടർന്നാണ് മറ്റൊരു ചില്ല് പൊട്ടിക്കുന്നത്. പല രീതിയിൽ പൊട്ടിക്കാൻ ശ്രമിച്ചപ്പോഴും നടന്നില്ല. അങ്ങനെയാണ് സ്വന്തം കൈകൊണ്ട് പഞ്ച് ചെയ്തതെന്ന് റഷീദ് പറയുന്നു. എട്ടോളം പേരെ ബോട്ടിനുള്ളിൽ നിന്നും രക്ഷപ്പെടുത്താൻ റഷീദിനും ഒപ്പമുണ്ടായിരുന്ന നാട്ടുകാർക്കും സാധിച്ചു.
രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ബോട്ടിൽ ബന്ധുക്കളുള്ള കാര്യം റഷീദ് അറിഞ്ഞിരുന്നില്ല. ചോര വാർന്ന ആ കൈകളിലൂടെ റഷീദ് കോരിയെടുത്തത് എട്ട് പേരെയാണ്. ബോധം വന്നപ്പോഴാണ് മരിച്ചത് തന്റെ ബന്ധുക്കളാണെന്നറിയുന്നത്.
എങ്ങനെയെങ്കിലും ഉള്ളിൽ കടക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനാലാണ് ചില്ല് കൈകൊണ്ട് കുത്തിപ്പൊട്ടിക്കുന്നത്. കുപ്പിച്ചില്ല് കയറി കൈക്കും മാത്രമല്ല റഷീദിന്റെ കാലിനും പരിക്കേറ്റിരുന്നു. പിന്നീട് നാട്ടുകാരെല്ലാം ചേർന്ന് റഷീദിനെ ആശുപത്രിയിലാക്കുകയായിരുന്നു. എന്നാൽ രാവിലെ ബോധം വന്നപ്പോഴാണ് മരിച്ചത് തന്റെ ബന്ധുക്കളാണെന്ന വിവരം റഷീദറിയുന്നത്.
അപകടമുണ്ടായ ഉടൻ നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാസേനയും പൊലീസും അടക്കമുള്ളവരുടെ കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനത്തിനാണ് തൂവൽതീരം സാക്ഷ്യംവഹിച്ചത്. ഇതിനിടെ രക്ഷാപ്രവർത്തകർക്കും പരിക്കേറ്റു. ബോട്ടിന്റെ ഭാഗങ്ങളിൽ തട്ടിയും പുഴയിലെ കല്ലുകളിൽ തട്ടിയുമാണ് പലർക്കും മുറിവേറ്റത്.
ബോട്ട് തലകീഴായി മറിഞ്ഞ് കിടക്കുന്നതിനാൽ ആദ്യമെത്തിയവർക്ക് രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. അവിടെ സർവീസ് നടത്തിയിരുന്ന മറ്റൊരു ബോട്ടിലാണ് പുഴയിൽ വീണവരെ ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പുഴയിൽ മുങ്ങിയ ബോട്ടിന്റെ മുകളിൽ കണ്ട ഭാഗത്തു കയറിനിന്നിട്ടും രക്ഷാപ്രവർത്തകരുടെ കഴുത്തിനൊപ്പം വെള്ളമുണ്ടായിരുന്നു. അത്രയും ആഴത്തിലാണ് ബോട്ട് മുങ്ങികിടന്നിരുന്നത്. ബോട്ട് മുങ്ങിയ സ്ഥലത്ത് മൂന്നാൾപ്പൊക്കത്തോളം ആഴമുണ്ടാകുമെന്നാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറയുന്നത്.
ഗ്ലാസ് ബോട്ടായതിനാൽ നീന്തി എത്തിയവർക്ക് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. എങ്ങനെ എന്തുചെയ്യുമെന്നറിയാത്ത സ്ഥിതിയായി. കൂടുതൽ ആളുകളെത്തിയശേഷമാണ് തലകീഴായി മറിഞ്ഞ ബോട്ട് മറിച്ചുവെക്കാൻ കഴിഞ്ഞത്. സമീപത്തെ വീടുകളിൽനിന്നൊക്കെ കൊണ്ടുവന്ന ചുറ്റികയും മറ്റുമെല്ലാം ഉപയോഗിച്ചാണ് ഗ്ലാസ് അടക്കം ഓരോ ഭാഗവും പൊട്ടിച്ചത്. അങ്ങനെ ഓരോരുത്തരെയായി പുറത്തെടുക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ബോട്ട് ഒന്നരമാസത്തോളം മുൻപാണ് തൂവൽതീരത്ത് എത്തിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിനോദസഞ്ചാരികളുമായുള്ള യാത്രയ്ക്കിടെ ഈ ബോട്ട് പലതവണ എൻജിൻ തകരാർ സഭവിച്ച് പുഴയുടെ മധ്യത്തിൽ കുടുങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. തുടർന്ന് ബോട്ടിലെ ജീവനക്കാർ മുളകൊണ്ട് കുത്തിനീക്കിയാണ് ബോട്ട് കരയ്ക്കടുപ്പിച്ചിരുന്നത്.
ചെറിയ പെരുന്നാളിന് പിറ്റേദിവസം നഗരസഭാ അധികൃതർ ബോട്ട് സർവീസ് നിർത്തിവെപ്പിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. എന്നാൽ, രണ്ടുദിവസത്തിന് ശേഷം അനുമതി ലഭിച്ചെന്ന് പറഞ്ഞ് വീണ്ടും ബോട്ട് സർവീസ് ആരഭിക്കുകയായിരുന്നു.
താനൂർ സ്വദേശിയായ നാസർ എന്നയാളാണ് ബോട്ടിന്റെ ഉടമ. നേരത്തെ ഒട്ടുംപുറം ഭാഗത്ത് താമസിച്ചുരുന്ന ഇയാൾ നിലവിൽ പൊലീസ് സ്റ്റേഷന് സമീപത്താണ് താമസം. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ