താനൂർ: ഓടുമ്പ്രം ദുരന്തത്തിൽ എത്രപേർ അകപ്പെട്ടുവെന്ന് ആർക്കും പറയുക അസാധ്യം. ആഴം കൂടിയ അഴിമുഖമാണ് ഇത്. കടലിലേക്ക് പുഴയിൽ നിന്ന് നല്ല ഒഴുക്ക്. ഇതിനൊപ്പം ചെളിയും. രക്ഷാപ്രവർത്തകർക്ക് തൂവൽ തീരം അക്ഷരാർത്ഥത്തിൽ വെല്ലുവിളിയായി. ഈ മേഖലയിലെ മത്സ്യ തൊഴിലാളികൾക്ക് മാത്രമേ ഈ തീരത്തെ അറിയുക പോലുമുള്ളൂ. രാത്രി ഏഴരയോടെയാണ് ആ ബോട്ട് തലകീഴായി മറിഞ്ഞത്. ഈ സമയം അതുവഴി കടന്നു പോയ ചെറിയ ബോട്ട് ഇതു കണ്ടു. അവർ അപകടം തിരിച്ചറിഞ്ഞ് നടത്തിയ ഇടപെടലാണ് ദുരന്തത്തെ പുറംലോകത്ത് അറിയിച്ചത്. പിന്നീട് ഫയർ ഫോഴ്‌സും ദുരന്ത നിവാരണ സേനയുമെല്ലാം അങ്ങോട്ടു പാഞ്ഞു. പക്ഷേ വെളിച്ചക്കുറവിൽ ആർക്കും ഒന്നും കണാനായില്ല. രക്ഷാപ്രവർത്തനം ദുഷ്‌കരമായി.

ഏതാണ്ട് രണ്ട് മണിക്കൂറോളം ബോട്ട് പുഴയിൽ മുങ്ങി കിടന്നു. തുടക്കത്തിൽ രക്ഷപ്പെടാൻ കഴിയാത്തവരെല്ലാം ദുരന്തത്തിൽ ഇരകളായി. ആശുപത്രിയിലേക്ക് കൊണ്ടു വന്ന ബഹുഭൂരിഭാഗവും മരിച്ച അവസ്ഥയിലായിരുന്നു. സമീപ പ്രദേശത്തെ ഡോക്ടർമാരെല്ലാം ചികിൽസയ്ക്ക് സജ്ജമായി കാത്തു നിന്നു. എന്നാൽ തിരൂരങ്ങാടിയിൽ അടക്കം എത്തിയതെല്ലാം മൃതദേഹങ്ങളായിരുന്നു. അതായത് മലപ്പുറം കണ്ട ഏറ്റവും വലിയ ദുരന്തമായി താനൂരിലേത് മാറുകയാണ്. ആർക്കും പ്രവചിക്കാൻ കഴിയാത്ത മനുഷ്യ ദുരന്തമായി മാറും. കടലിലേക്കും മറ്റും ആളുകൾ ഒഴുകി പോകാനും സാധ്യതയുണ്ട. ബോട്ടിൽ എത്രപേരുണ്ടായിരുന്നുവെന്ന് ആർക്കും അറിയാത്തതും രക്ഷാപ്രവർത്തനം എങ്ങനെ അവസാനിപ്പിക്കുമെന്നതിൽ ചോദ്യമായി മാറും.

ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളുണ്ടായിരുന്നു. സുരക്ഷാ ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല. ഇതിനൊപ്പമാണ് രാത്രിയിലെ യാത്ര. വന്നവരെ എല്ലാം അവസാന ട്രിപ്പായതു കൊണ്ട് ബോട്ടിൽ കയറി. പലരും ഓടി ചാടി പോലും കയറി. ഇതെല്ലാം ബോട്ടിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇതാണ് ദുരന്തമായി മാറിയത്. ഇരുനില ബോട്ടാണ് അപകടത്തിൽ പെട്ടത്. അതായത് ഹൗസ് ബോട്ട് മാതൃകയിലെ ബോട്ട്. അമ്പതോളം പേർ ഈ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തിൽ തെറിച്ചു വീണവർ മാത്രമാണ് ആദ്യ ഘട്ടത്തിൽ രക്ഷപ്പെട്ടത്. ഇതും നാടിനെ നടുക്കിയ ദുരന്ത വ്യാപ്തി കൂട്ടി. അപകടമുണ്ടായത് രാത്രി ഏഴിനും 7.40നും ഇടയിലാണ്. ഇടുങ്ങിയ വഴിയാണ് ഉണ്ടായിരുന്നത്. ഇതും ദുരന്ത സ്ഥലത്തേക്ക് എത്തിപ്പെടാൻ ആംബുലൻസിനും വെല്ലുവിളിയായി.

പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ടത് രാത്രിയോടെ ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി.

കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. ഇവിടെനിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് അടക്കം എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. ചെറിയ തോണികൾ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവർത്തനം. ചെറിയ തോണികളിൽ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാർ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്. അപ്പോഴേക്കും പ്രദേശത്ത് ആൾക്കൂട്ടമായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്നാണ് വിവരം.

പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയർത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. ഒരു വലിയ കുടുംബത്തിൽപ്പെട്ട നിരവധിപേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാർ നൽകുന്നുണ്ട്.