ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരൻ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. സംഭവം തനിക്കും എയർ ഇന്ത്യയിലെ സഹപ്രവർത്തകർക്കും വ്യക്തിപരമായി വേദനയുണ്ടാക്കിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ടാറ്റാ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. വിഷയത്തിൽ അടിയന്തര ഇടപെടൽ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായില്ലെന്നും ചന്ദ്രശേഖരൻ സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി ജീവനക്കാരോട് നിർദേശിച്ചു.

''എയർഇന്ത്യയുടെ എഐ102 വിമാനത്തിൽ നവംബർ 26-നുണ്ടായ സംഭവം എനിക്കും എയർ ഇന്ത്യയിലെ എന്റെ സഹപ്രവർത്തകർക്കും വ്യക്തിപരമായ വേദനാജനകമായ വിഷയമാണ്. എയർ ഇന്ത്യയുടെ പ്രതികരണം വളരെ വേഗത്തിലായിരിക്കണമായിരുന്നു. ഈ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടുന്ന രീതിയിൽ ഞങ്ങൾക്കു പരാജയം സംഭവിച്ചു,'' ചന്ദ്രശേഖരൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പൂർണബോധ്യത്തോടെ നിലകൊള്ളുന്നു. അത്തരം അനിയന്ത്രിതമായ സംഭവങ്ങൾ തടയുന്നതിനോ പരിഹരിക്കുന്നതിനോ ഉള്ള എല്ലാ പ്രക്രിയകളും ഞങ്ങൾ അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ചന്ദ്രശേഖരന്റെ പ്രസ്താവന:
എയർ ഇന്ത്യയുടെ എ.ഐ 102 വിമാനത്തിൽ നവംബർ 26-നുണ്ടായ സംഭവം വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ എയർഇന്ത്യയിൽ നിന്നുണ്ടാവേണ്ടതായിരുന്നു. വിമാനത്തിലുണ്ടായ വിഷയം അതർഹിക്കുന്ന ഗൗരവത്തിൽ അല്ല കൈകാര്യം ചെയ്യപ്പെട്ടത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും ടാറ്റാ ഗ്രൂപ്പ് ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ നടപടികളും ഉണ്ടാവും.

അതേസമയം എയർ ഇന്ത്യ വിമാനത്തിലെ അതിക്രമത്തിൽ ഡൽഹി പൊലീസ് പരാതിക്കാരിയുടെ മൊഴി എടുക്കാൻ നടപടികൾ തുടങ്ങി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ നേരിട്ട് പരാതിക്കാരിയെ കാണും. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം പരാതിക്കാരിയായ മുതിർന്ന പൗരയെ അന്വേഷണ സംഘത്തിന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം പൈലറ്റ് അടക്കം കഴിഞ്ഞ ദിവസം മൊഴി എടുക്കാൻ കഴിയാത്ത വിമാന ജീവനക്കാരോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.

അറസ്റ്റിലായ മുംബൈ സ്വദേശിയായ യാത്രക്കാരൻ ശങ്കർ മിശ്രയെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ശനിയാഴ്ച വിട്ടിരുന്നു. സംഭവം വിവാദമായതോടെ ഒളിവിൽ പോയ ഇയാളെ ബെംഗളുരുവിൽനിന്നാണു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹത്തിന്റെ സമ്മർദ്ദത്തിൽ തീരുമാനമെടുക്കാനാകില്ലെനും നിയമത്തിന്റെ വഴിയേ മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന നിരീക്ഷണത്തോടെയാണ് ഡൽഹി കോടതി പ്രതി ശങ്കർ മിശ്രയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളിയാണ് കോടതി നടപടി. അമേരിക്കൻ ധനകാര്യ സ്ഥാപനമായ വെൽസ് ഫാർഗോയിലെ ഉയർന്ന ജീവനക്കാരനായ ശങ്കർ മിശ്രയെ കമ്പനി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.

2022 നവംബർ 26-ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസ് യാത്രക്കാരിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. എഴുപുതകാരിയായ ഈ യാത്രക്കാരിക്ക് മേൽ അടുത്ത സീറ്റിലുണ്ടായിരുന്ന വ്യക്തി മദ്യപിച്ച് ലക്കുകെട്ട് മൂത്രമൊഴിക്കുകയായിരുന്നു. ഏറെ നേരം ഇയാൾ ഈ സ്ത്രീക്ക് മുന്നിൽ തന്റെ ലൈംഗികാവയവം പ്രദർശിപ്പിച്ചു നിന്നു.

അതിക്രമത്തെ തുടർന്ന് യാത്രക്കാരി വിമാനത്തിലെ ജീവനക്കാരോട് എഴുപുതകാരിയായ യാത്രക്കാരി സഹായം തേടിയെങ്കിലും അവർ നടപടി എടുത്തില്ലെന്നും മൂത്രം തട്ടി നനഞ്ഞ പുതപ്പ് മാറ്റി നൽകാൻ പോലും തയ്യാറായില്ലെന്നും പിന്നീട് ഒപ്പം യാത്ര ചെയ്തവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് ശേഷം യാത്രക്കാരിയുടെ മകൾ ടാറ്റാ സൺസ് ചെയർമാന് നേരിട്ട് ഇ മെയിൽ ആയി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബിസിനസ് ക്ലാസിലാണു സംഭവം നടന്നത്. തുടർന്നു നടപടിയൊന്നും എടുക്കാതെ വിമാനക്കമ്പനി അധികൃതർ ആരോപണവിധേയനെ വിട്ടയയ്ക്കുകയായിരുന്നു. ഒരു മാസത്തിനു ശേഷം മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്.

''എന്റെ വസ്ത്രങ്ങളും ഷൂസും ബാഗും പൂർണമായും മൂത്രത്തിൽ കുതിർന്നിരുന്നു. തുടർന്നു, വിമാനത്തിലെ പരിചാരികയെത്തി മൂത്രത്തിന്റെ മണം ബോധ്യപ്പെടുകയും ബാഗിലും ഷൂസിലും അണുനാശിനി തളിക്കുകയും ചെയ്തു. ബാഗിൽ പാസ്പോർട്ടും യാത്രാ രേഖകളും കറൻസിയും മറ്റു സാധനങ്ങളുമുണ്ടായിരുന്നു. ഇവ പരിശോധിക്കുന്നതിനായി എന്നെ സഹായിക്കാൻ പരിചാരികയോട് ആവശ്യപ്പെട്ടു. അവൾ ആദ്യം ബാഗിൽ തൊടാൻ വിസമ്മതിച്ചു. ഞാൻ ബാഗ് വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ, അവൾ സഹായിക്കാൻ തുടങ്ങി,'' പരാതിക്കാരി കത്തിൽ പറയുന്നു.

''ഷൂസ് ബാത്ത്‌റൂമിൽ പോയി സ്വയം വൃത്തിയാക്കാൻ എന്നോട് പരിചാരിക ആവശ്യപ്പെട്ടു. എനിക്ക് മാറാനായി ഒരു സെറ്റ് പൈജാമയും ഡിസ്‌പോസിബിൾ സ്ലിപ്പറുകളും അവർ തന്നു. അതു മാറിയശേഷം ഏകദേശം 20 മിനിറ്റോളം ഞാൻ ടോയ്‌ലറ്റിനു സമീപം നിന്നു. സീറ്റ് മാറ്റ് മാറ്റിനൽകമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്,''കത്തിൽ പറയുന്നു.

സംഭവം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യയുടെ പെരുമാറ്റം 'പ്രൊഫഷണൽ അല്ല' എന്നും എയർലൈനിനും അതിന്റെ ഇൻ-ഫ്ളൈറ്റ് സർവീസ് ഡയറക്ടർക്കും വിമാനം പ്രവർത്തിപ്പിച്ച ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) കഴിഞ്ഞദിവസം അറിയിച്ചിരുന്നു.