ന്യൂഡൽഹി: എണ്ണവില വർധിക്കുന്നതിന് അനുസരിച്ച് നമ്മുടെ പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്. കേന്ദ്രസർക്കാർ നികുതി കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ ഇന്ധന കമ്പനികൾക്ക് നികുതി ഇളവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നു. അസംസ്‌കൃത എണ്ണ, ഡീസൽ, വിമാന ഇന്ധനം എന്നിവയിൽ കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിന് മുകളിൽ ചുമത്തുന്ന നികുതിയിലാണ് ഇളവ്. ഡീസലിന്റെ നികുതി 8 രൂപയിൽ നിന്ന് 5 രൂപയാക്കി. വിമാന ഇന്ധന നികുതി 5 രൂപയിൽ നിന്ന് 1.5 രൂപയാക്കി കുറച്ചു.

ആഗോള വിപണിയിൽ എണ്ണവില കുതിക്കവേയാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരൽ വില 80 ഡോളർ പിന്നിട്ടിട്ടുണ്ട്. നിലവിൽ ബാരലിന് 80.68 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. റഷ്യൻ എണ്ണയ്ക്ക് ജി7, യൂറോപ്യൻ യൂണിയൻ എന്നിവർ ഏർപ്പെടുത്തിയ വില പരിധി പാളിയെന്നാണു വിലയിരുത്തൽ. അതിനിടെ ഒപെക് രാഷ്ട്രങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം പുറത്തുവരുന്നുണ്ട്. യുഎസ് ഫെഡ് റിസർവ് പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങുന്നതും, ചൈനയിൽ നിന്നുള്ള ഡിമാൻഡ് ഉയരുന്നതും എണ്ണവില ഉയരാൻ വഴിവച്ചു.

ഒപെക്കിന്റെ അസംസ്‌കൃത എണ്ണ ഉൽപ്പാദനം പ്രതിദിനം ശരാശരി 744,000 ബാരൽ കുറഞ്ഞുവെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ എണ്ണ വിപണി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒപെക് രാഷ്ട്രങ്ങൾക്കിടയിൽ സൗദി അറേബ്യയുടെ ഉൽപ്പാദനമാണ് നവംബറിൽ ഏറ്റവുമധികം കുറഞ്ഞത്. സൗദിയുടെ ഉൽപ്പാദനം പ്രതിദിനം 404,000 ബാരൽ കുറഞ്ഞ് 10.474 ദശലക്ഷം ബാരലിലെത്തി. 2022 മെയ്ക്കു ശേഷമുള്ള സൗദി അറേബ്യയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശരാശരിയാണിത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് മേഖലയാണ് ഉൽപ്പാദനം കുറച്ച രണ്ടാമൻ. നവംബറിൽ പ്രതിദിന ഉൽപ്പാദനം 149,000 ബാരൽ കുറഞ്ഞ് 3.037 ദശലക്ഷം ബാരലായി. കുവൈറ്റിന്റെ ഉൽപ്പാദനം 121,000 ബാരൽ കുറഞ്ഞ് 2.685 ദശലക്ഷം ബാരലിലെത്തി. ഇറാഖ് ഉൽപ്പാദനം 117,000 ബാരൽ കുറച്ചതോടെ 4.465 ദശലക്ഷം ബാരലിലെത്തി. മൊത്തത്തിൽ, നവംബറിലെ ഒപെക്കിന്റെ ശരാശരി ഉൽപ്പാദനം 28.826 ദശലക്ഷം ബിപിഡി ആയി കുറഞ്ഞു. ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശരാശരി ഉൽപ്പാദന നില.

മുൻനിര എണ്ണ ഉൽപ്പാദനകൾ ഉൽപ്പാദനം കുറച്ചപ്പോൾ അംഗോള, ഗാബോൺ, നൈജീരിയ പോലുള്ള രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഉൽപ്പാദനം നിലനിർത്താനുള്ള ഒപെക് യോഗ തീരുമാനങ്ങൾക്കു എതിരാണു നിലവിലെ നടപടികൾ. മൊത്തത്തിൽ ഒപെക് ഉൽപ്പാദനം കുറഞ്ഞത് വിലയെ സ്വാധീനിച്ചെന്നു വേണം പറയാൻ. യുഎഫ് ഫെഡ് റിസർവ് യോഗ ഫലങ്ങൾ പറത്തുവരാനിരിക്കുന്നതും എണ്ണവിപണിയെ സ്വാധീനിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നു പുറത്തുവരുന്ന ചൈനയുടെ ആവശ്യകത വർധിച്ചതും എണ്ണവിലയെ ഉണർത്തിയെന്നാണു വിലയിരുത്തൽ.

അതേസമയം ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് വകവെക്കാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുകയാണ് ഇന്ത്യ. ഈ നിലപാടിന് നന്ദി അറിയിക്കാൻ റഷ്യ ക്രൂഡ് ഓയിലിന് വീണ്ടും വിലകുറയ്ക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ നിയന്ത്രണം ശക്തമാക്കിയതോടെ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ നിരക്ക് വീണ്ടും കുറക്കാണാണ് റഷ്യൻ നീക്കം. 60 ഡോളറിനും താഴെയാണ് നിലവിൽ റഷ്യ ഇന്ത്യക്ക് എണ്ണ വിൽക്കുന്നത്. യുറോപ്പ് അടക്കമുള്ള വിപണികളിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എണ്ണവില വൻതോതിൽ കുറക്കാൻ റഷ്യ നിർബന്ധിതമായത്.

നേരത്തെ ജി7 രാജ്യങ്ങൾ റഷ്യക്ക് നൽകുന്ന എണ്ണക്ക് വിലപരിധി നിശ്ചയിച്ചിരുന്നു. ബാരലിന് 60 ഡോളറെന്ന പരിധിയാണ് രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് നിശ്ചയിച്ചത്. ഇതിലൂടെ യുക്രയ്ൻ യുദ്ധത്തിന് കൂടുതൽ പണം റഷ്യക്ക് ലഭിക്കുന്നത് തടയാമെന്നാണ് കണക്കുകൂട്ടൽ. ഇതിന് പുറമേ റഷ്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിർമ്മാതാക്കളുടെ സമ്മർദ്ദം കൂടുതൽ വർധിക്കുകയാണ്. റഷ്യൻ എണ്ണയുടെ നീക്കത്തിനായി ശൈത്യകാലത്തിന് അനുയോജ്യമായ കപ്പലുകൾ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നിവിൽ ചരക്കു കൂലി കൂട്ടാതെ 32 മുതൽ 35 ഡോളറിനാണ് റഷ്യ ഇന്ത്യക്ക് എണ്ണ വിൽക്കുന്നതെന്നാണ് സൂചന.