തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ, പെരുമാറ്റ ചട്ടം നിലനിൽക്കെ ഇഷ്ടക്കാരെ ഡയറക്ടറായി നിയമിക്കാൻ നീക്കമെന്ന് ആരോപണം. കഴിഞ്ഞ ഏഴ് വർഷമായി ഒഴിഞ്ഞുകിടക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ തസ്തികയിലാണ് നിയമനം നടത്താൻ നീക്കമുണ്ടായത്. പരാതിയെ തുടർന്ന്. തിരക്കിട്ട് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി.

ഈ മാസം 31ന് റിട്ടയർ ചെയ്യുന്ന അപേക്ഷകരായ മൂന്നു പേരിൽ ഒരാളെ നിയമിക്കാൻ വേണ്ടിയാണ് പെരുമാറ്റചട്ടം നിലനിൽക്കേ ഇന്റർവ്യു നിശ്ചയിച്ചതെന്ന ആരോപണത്തെ തുടർന്നാണ് ഇന്റർവ്യു മാറ്റിയതെന്നറിയുന്നു. അതിനിടെ ഈ മാസം വിരമിക്കുന്നവരിൽ ചിലർ ഇന്റർവ്യു ഉടൻ നടത്താൻ സർക്കാരിന്മേലുള്ള സമ്മർദ്ദം ശക്തമാക്കിയെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

പെരുമാറ്റചട്ടം നിലനിൽക്കുന്നതിന്റെ പേരിൽ ഒഴിവുള്ള ലോകായുക്ത, ഉപ ലോകായുക്ത, മനുഷ്യാ വകാശ കമ്മീഷൻ ചെയർമാൻ, ഇൻഫർമേഷൻ കമ്മീഷണർമാർ തുടങ്ങിയ അനിവാര്യ പദവികളിൽ നിയമനം നടത്താൻ സർക്കാർ തയ്യാറുകുന്നില്ല. എന്നാൽ, ഏഴുവർഷമായി ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടർ തസ്തികയിൽ തിരക്കിട്ട് നിയമനം നടത്തുന്നത്് ഈ മാസം വിരമിക്കുന്ന ചിലർക്ക് ഉയർന്ന പെൻഷൻ അനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.

എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ബിരുദത്തിന് പുറമേ ഇരുപതു വർഷത്തെ അദ്ധ്യാപനപരിചയവും, പ്രിൻസിപ്പൽ അഥവാ ജോയിന്റ് ഡയറക്ടറായുള്ള പരിചയവുമാണ് ഡയറക്ടർ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്.

ആകെയുള്ള അപേക്ഷകരിൽയോഗ്യതയുള്ള പത്തു പേരെയാണ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് ഇന്ന് ഇന്റർവ്യൂവിന് ക്ഷണിച്ചിരിന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക യൂണിവേഴ്‌സിറ്റി വിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. ഇതിൽ ഇന്റർവ്യൂവിന് പങ്കെടുക്കുന്ന ഡോ:രഘുരാജ്, ഡോ:രാജശ്രീ(മുൻ വിസി), ഡോ:ശ്രീലക്ഷ്മി എന്നീ മൂന്നുപേർ മെയ് 31ന് റിട്ടയർ ചെയ്യുന്നത്.