- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക പീഡനങ്ങളും പെൺകുട്ടികളോടുള്ള വിവേചനവും ദൈവിക പദ്ധതികളെ തകിടം മറിക്കുന്ന തിന്മകൾ; അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണുനിറയാതിരിക്കാനുള്ള കരുതൽ വേണം; പ്രണയക്കെണികൾ പെൺകുട്ടികൾക്ക് ചതിക്കുഴി; പിതൃസ്വത്തിൽ ആൺ-പെൺ മക്കൾക്ക് തുല്യാവകാശം നൽകണം; ബിഷപ്പ് മാർ പാംപ്ലാനിയുടെ നിർദ്ദേശങ്ങൾ ചർച്ചയാകുമ്പോൾ
കണ്ണൂർ: പ്രണയക്കെണികൾ പെൺകുട്ടികൾക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം ചർച്ചയാക്കുന്നതും ലൗവ് ജിഹാദ് ആശങ്ക. ഈസ്റ്റർ ദിനത്തിൽ ഇടവക പള്ളികളിൽ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പിതൃസ്വത്തിൽ ആൺ-പെൺ മക്കൾക്ക് തുല്യാവകാശം നൽകണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു. ഏകീകൃത സിവിൽ കോഡും ലൗ ജിഹാദും സംഘപരിവാർ മുമ്പോട്ട് വയ്ക്കുന്ന വിഷയങ്ങളാണ് ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് പാംപ്ലനിയുടെ ഇടയലേഖനമെന്നാണ് വിലയിരുത്തൽ. തുല്യനീതിയാണ് ചർച്ചയാക്കുന്നത്.
ബിജെപിയോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച ബിഷപ്പാണ് മാർ പാംപ്ലനി. റബ്ബർ വിലയിൽ അനുകൂല പ്രഖ്യാപനമുണ്ടായാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് തലശ്ശേരി ബിഷപ്പാണ്. ഇതേ ബിഷപ്പാണ് ലൗ ജിഹാദിന്റെ പരോഷ സൂചനകൾ വീണ്ടും ഉയർത്തുന്നത്. ഇതിനൊപ്പം സഭയിലെ സ്ത്രീകൾക്ക് പുരുഷന്മാർക്ക് ഉള്ള എല്ലാ അവകാശത്തിന് വേണ്ടിയും വാദിക്കുന്നുവെന്നതാണ് വസ്തുത. ആൺമക്കളെ പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പു വരുത്തണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറയുമ്പോൾ അത് ഏറെ ചർച്ചയാകും.
'സ്ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്‌കാരവും നിലവിൽ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുന്നു എന്നത് വിസ്മരിക്കാനാവില്ല. കാലാന്തരത്തിൽ കായിക ബലത്തിന്റെ പിന്തുണയിൽ പുരുഷാധിപത്യം സമൂഹത്തിൽ ശക്തിപ്പെട്ടു. നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിലും പലരൂപത്തിലും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്. സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണം. ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധ സമ്പ്രദായം പൂർണ്ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു', ഇടയലേഖനത്തിൽ പറയുന്നു.
ആൺമക്കൾക്ക് എന്നതുപോലെ പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധി നമ്മുടെ സമുദായം ഇനിയും വേണ്ടരീതിയിൽ ഉൾക്കൊണ്ടിട്ടില്ല. ആൺമക്കളെ പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്നതിലൂടെ കല്യാണസമയത്തെ ആഭരണധൂർത്തിന് അറുതിവരുത്താൻ കഴിയുമെന്നും പാംപ്ലാനി പറയുന്നു. പ്രണയക്കെണികളിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുകയാണ്. ഇതിനെതിരേ കരുതൽ വേണമെന്നും ഇടയലേഖനത്തിൽ പറയുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭയ്ക്കുള്ള ആശങ്കയാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ.
പെൺമക്കൾക്കു തുല്യ അവകാശം ലഭിച്ചാൽ കല്യാണ സമയത്തുള്ള ആഭരണ ധൂർത്തിന് അറുതി വരുത്താൻ കഴിയും. വധുവിന്റെ വീട്ടിൽ നിന്നു ലഭിക്കുന്ന തുകകൊണ്ടു കല്യാണം ആർഭാടമാക്കാൻ ശ്രമിക്കുന്ന പ്രവണത അനഭിലഷണീയമാണ്. ഭാര്യയ്ക്കു വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകൾക്കു വേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം. സ്ത്രീയാണു യഥാർഥ ധനമെന്നു തിരിച്ചറിയാൻ വൈകിയതിന്റെ അനന്തരഫലമാണു വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില യുവാക്കളുടെയെങ്കിലും ജീവിതം. സ്ത്രീധന സമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്നു. 35 വയസ്സു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത നാലായിരത്തോളം വിവാഹാർഥികളായ പുരുഷന്മാർ നമുക്കിടയിലുണ്ട്. ഇവരിൽ ചിലരുടെയെങ്കിലും വിവാഹാലോചനകൾ നല്ലപ്രായത്തിൽ സ്ത്രീധന വിഷയത്തിൽ തട്ടി വഴിമുട്ടിയതാണെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സ്ത്രീധനത്തിനുള്ള തുക സ്വരുക്കൂട്ടാനുള്ള വ്യഗ്രതയിൽ ജോലി സമ്പാദിച്ച ശേഷവും വിവാഹത്തിനു വേണ്ടി കാത്തിരിക്കാൻ പെൺകുട്ടികൾ നിർബന്ധിതരാവുകയാണ്. ഗാർഹിക പീഡനങ്ങളും പെൺകുട്ടികളോടുള്ള വിവേചനവും കുടുംബത്തെ കുറിച്ചുള്ള ദൈവിക പദ്ധതികളെ തകിടം മറിക്കുന്ന തിന്മകളാണ്. അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണുനിറയാതിരിക്കാനുള്ള കരുതൽ വേണമെന്നും ഇടയലേഖനത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ