കോഴിക്കോട്: റബ്ബറിന് 300 രൂപ വില ആക്കിയാൽ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപത ആർച്ചബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനിയുടെ പ്രസംഗത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. തലശേരി അതിരൂപത ആർച്ചബിഷപ്പിനെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ് രംഗത്തെത്തി.

കർഷകരെ അനുഭാവപൂർവം പിന്തുണയ്ക്കുകയും കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിക്ക് പൂർണപിന്തുണ നൽകുമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. ബിജെപി. ആയാലും കർഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. മാറി മാറി വന്ന കോൺഗ്രസ്, സിപിഎം. ഭരണകൂടങ്ങളിൽനിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ്, മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാൽ മറ്റെന്തോ സമ്മർദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാൾക്ക് കൈമാറി. ഇതിൽ എതിർപ്പുണ്ട്. ഞങ്ങൾക്ക് അത് വലിയൊരു പ്രശ്നമാണ്. കർഷകർ ഒരു വലിയ സംഘടിതശക്തി അല്ലാത്തതുകൊണ്ട് കർഷകരെ ഒരു സർക്കാരിനും വേണ്ട, എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് പറഞ്ഞു.

റബ്ബർ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല, റബ്ബർ കർഷകന് ആശ്വാസമായിരുന്ന സബ്സിഡി എടുത്ത് മാറ്റി. റബർ ബോർഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കർഷകന് നൽകാനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു.

പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കർഷകനെ വാഴ്‌ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാൽ ഇതൊന്നും പ്രാവർത്തികമാവുന്നില്ല. എത്രയോ നെൽക്കർഷകർ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളിൽ പോലും നാളിതുവരെയായി സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ആനയും കടുവയും എപ്പോൾ കൊല്ലുമെന്ന് കർഷകർ പേടിച്ചിരിക്കുമ്പോൾ ബഫർ സോൺ കൊണ്ടുവന്ന് കർഷകരെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുകയാണ് സർക്കാർ ചെയ്തത്. എത്രയോ സമരങ്ങൾ പാവപ്പെട്ട കർഷകർ ഈ കാലയളവിൽ നടത്തി പക്ഷെ ഒരു പ്രശ്നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ലെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൂടെ നിൽക്കുന്നവരെ പാർട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ചെയ്യാനുദ്ദേശിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.

അതിനിടെ കെസിബിസിയുടെ വക്താവ് ഫാദർ ജേക്കബ് ജി പാലക്കാപ്പിള്ളി തലശേരി ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ആർച്ച് ബിഷപ്പ് ശ്രമിച്ചത് എന്നാണ് കെസിബിസി വക്താവിന്റെ വിശദീകരണം. 'കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളോട് കേരളാ കോൺഗ്രസും ഇടതു-വലത് മുന്നണികളും ഒരുപോലെ മുഖം തിരിച്ച് നിൽക്കുകയാണ്' ഫാദർ പാലക്കാപ്പിള്ളി പറഞ്ഞു. ഈസ്റ്ററിന് ശേഷം റബർ വില ഉയർത്താൻ പല സമരങ്ങളും സഭ ആലോചിക്കുന്നതായും വക്താവ് പറഞ്ഞു.