കോഴിക്കോട്: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റെങ്കിലും, ശശി തരൂർ എംപി ഉണ്ടാക്കിയ ഓളം ചെറുതല്ല. യുവനേതാക്കളിൽ പലരും തരൂരിനൊപ്പമായിരുന്നു. എന്നാൽ, ഹൈക്കമാൻഡിലെ പ്രമുഖനായ മലയാളി അടക്കം പല മുതിർന്ന നേതാക്കളും തരൂരിന്റെ പ്രധാന്യം കുറയ്ക്കാൻ വല്ലാതെ പണിപ്പെട്ടു. പ്രവർത്തകർക്ക് ഇടയിൽ നേടിയ സ്വീകാര്യതയുടെ ഉത്സാഹത്തിൽ തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുകയാണ്. ആദ്യഘട്ടത്തിൽ, എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളുമാണ്. തരൂരിന്റെ മലബാർ പര്യടനം അട്ടിമറിക്കാൻ 'ഹൈക്കമാന്റ്' നേതാക്കൾ രംഗത്തിറങ്ങിയെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെതിരെ പ്രവർത്തിച്ച അതേ സംഘമാണ് തരൂരിന്റെ യാത്രയും പൊളിക്കാൻ മുമ്പിൽ നിൽക്കുന്നത്. ഈ സംഘം വർദ്ധിച്ച വീര്യത്തോടെ ഇടപെടുന്നുണ്ട് എന്നതിന് തെളിവായി ഞായറാഴ്ച കോഴിക്കോട്ട് നടത്താനിരുന്ന പ്രധാന പരിപാടി റദ്ദാക്കി.

കടുത്ത സമ്മർദ്ദം ചെലുത്തിയാണ്, യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സംഘപരിവാറും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും' എന്ന പ്രഭാഷണം റദ്ദാക്കിയത്. കെ പി കേശവ മേനോൻ ഹാളിൽ വൈകിട്ട് നാലിനായിരുന്നു പരിപാടി. ഡിസിസി അദ്ധ്യക്ഷൻ അഡ്വ.കെ.പ്രവീൺ കുമാറും, എം കെ രാഘവൻ എംപിയും പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അറിയിപ്പ്.

യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, ഇവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം ഈ തരത്തിൽ പ്രശ്‌നം ഉണ്ട്. മലപ്പുറം ഡിസിസിയിലെ സ്വീകരണം ഒഴിവാക്കി, ഡിസിസി സന്ദർശനം മാത്രമാക്കി. കണ്ണൂർ ഡിസിസിയിലെ പരിപാടിയിൽ നിന്ന് ഡിസിസി ഒഴിവാക്കി. കോൺഗ്രസും യൂത്ത് കോൺഗ്രസും പിന്മാറുമ്പോൾ ചെറിയ പോഷക സംഘടനകളെ ഉപയോഗിച്ചാണ് പരിപാടികൾ മുടങ്ങാതെ തരൂർ പക്ഷം നോക്കുന്നത്.

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികളിലും തരൂർ പങ്കെടുക്കുമെന്നാണ് നേരത്തെ വന്ന അറിയിപ്പ്. ഇനി അവയും റദ്ദാക്കുമോയെന്ന് വ്യക്തമല്ല. തരൂരിന്റെ യാത്രയുമായി കോൺഗ്രസ് നേതാക്കൾ ആരും സഹകരിക്കരുതെന്ന് അനൗദ്യോഗിക നിർദ്ദേശമാണ് നൽകുന്നത്. ഐ ഗ്രൂപ്പിലെ അണികളെയാണ് ഇക്കാര്യം കൂടുതലായി അറിയിക്കുന്നത്. 20 മുതൽ മലബാറിലെ മൂന്ന് ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തരൂരിന്റെ യാത്ര പൊളിക്കുകയാണ് ലക്ഷ്യം. തരൂരിനെ കാണാനെത്തുന്നവർക്ക് ഭാവിയിൽ 'ഒന്നും' കിട്ടില്ലെന്നാണ് ഭീഷണി.

മുസ്ലിം ലീഗിന്റെ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്. ലീഗ് പരിപാടികൾക്ക് ആളെത്തും. എന്നാൽ കോൺഗ്രസിന്റെ ലേബലിൽ നടക്കുന്ന പരിപാടികൾ അട്ടിമറിക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസിന്റെ വലിയ പിന്തുണ തരൂരിനുണ്ട്. അതുകൊണ്ട് തന്നെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ എത്താതിരിക്കാനുള്ള കരുതലാണ് എടുക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ പ്രമുഖൻ തന്നെ കോഴിക്കോട്ടേയും മലപ്പുറത്തേയും നേതാക്കളെ നേരിട്ട് വിളിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാർ ആരും തരൂരിന്റെ പരിപാടിക്ക് പോകരുതെന്നാണ് ആവശ്യം.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവൻ എംപി ആണ് മലബാർ ജില്ലകളിലെ പര്യടനം ഏകോപിപ്പിക്കുന്നത്. 20ന് രാവിലെ കോഴിക്കോട്ട് എം ടി.വാസുദേവൻ നായരെ സന്ദർശിച്ചാണ് തുടക്കം. അന്നു തന്നെ കെ.പി.ഉണ്ണികൃഷ്ണന്റയും എം വി ശ്രേയാംസ് കുമാറിന്റെയും വസതികളിൽ എത്തും. 22ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെയും കാണുന്നുണ്ട്. 3 ജില്ലകളിലായി പത്തോളം പൊതുപരിപാടികളിൽ പങ്കെടുക്കും. ഇതിന് ശേഷം തെക്കൻ കേരളത്തിലേക്ക് തരൂരിന്റെ ശ്രദ്ധമാറും. എൻ എസ് എസിന്റെ മന്നം ജയന്തിയിലും തരൂരാണ് മുഖ്യാതിഥി. കേരളത്തിന്റെ മുഖ്യമന്ത്രിയായി തരൂരിനെ ഉയർത്തിക്കാട്ടാൻ ലീഗും എൻ എസ് എസും ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് മലബാറിൽ പരിപാടികൾ പൊളിക്കാൻ 'ഹൈക്കമാന്റിലെ' മലയാളി ഉന്നതന്റെ ശ്രമം. രമേശ് ചെന്നിത്തല അടക്കമുള്ളവർ തരൂരിന്റെ യാത്രയെ പിന്തുണയ്ക്കുന്നില്ല. സമാന്തര സംവിധാനമായി തരൂർ വളരുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം. എൻ എസ് എസിന്റെ പിന്തുണ തരൂരിന് കിട്ടുന്നതിനെ ഗൗരവത്തോടെയാണ് നേതാക്കൾ കാണുന്നത്.

പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുമെന്ന് എൻഎസ്എസ് നേതൃത്വം സ്ഥിരീകരിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ ഏറ്റവും പ്രധാന ചടങ്ങാണ് സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ ജയന്തി ആഘോഷം. 146ാം മന്നം ജയന്തി ആഘോഷമാണ് ഇത്തവണത്തേത്. എൻഎസ്എസിന്റെ സുപ്രധാന സമ്മേളനത്തിൽ ഇത് ആദ്യമായാണു തരൂരിനു ക്ഷണം. 20 മുതൽ മലബാറിലെ 3 ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തരൂരിന്റെ തെക്കൻ ജില്ലകളിലെ പ്രധാന പരിപാടിയാണ് എൻഎസ്എസ് ആസ്ഥാനത്തേത്. പാലായിൽ കെ.എം.ചാണ്ടി അനുസ്മരണത്തിനും തരൂരാണ് മുഖ്യാതിഥി. ഇതെല്ലാം അണികളുമായി അടുത്ത് കോൺഗ്രസിലെ പ്രതീക്ഷയായി മാറാനുള്ള ശ്രമമായിരുന്നു.

22ന് രാവിലെ തരൂർ പാണക്കാട് തറവാട്ടിൽ എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും കാണുന്നുവെന്ന വിവരം കോൺഗ്രസ്, യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്കു വഴി തുറന്നു. യുവസ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ കഴിയുന്ന തരൂരിനെ യുഡിഎഫ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ലീഗിന് ഉള്ളത്. ലീഗ് ഈ സമീപനം എടുത്ത അതേ സമയത്താണ് എൻഎസ്എസും തരൂരിനോടുള്ള പിന്തുണ വ്യക്തമാക്കുന്നത്. ഇതെല്ലാം കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരും ഭയത്തോടെ കാണുന്നു. തരൂരിന്റെ ഈ നീക്കങ്ങളെ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും പരമാവധി അട്ടിമറി പ്രവർത്തനം നടത്താനാണ് നീക്കം.

ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട്. ഇതു ഗ്രൂപ്പിനതീതമായ പൊതുവികാരത്തിന്റെ ഭാഗമായുള്ള നീക്കവുമാണ്. തരൂരിന്റെ ജനസ്വീകാര്യത മുന്നണിക്കായി പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഇത് തങ്ങൾക്ക് ഭീഷണിയാകുമോ എന്ന് ഭയക്കുന്നവരാണ് അട്ടിമറിക്ക് പിന്നിൽ. ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു കെ. മുരളീധരൻ എംപി പ്രതികരിച്ചിട്ടുണ്ട്. അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. തരൂർ അധ്യക്ഷപദവിയിലേക്കു മത്സരിച്ചതിനോടു മാത്രമാണു വിയോജിപ്പ് ഉണ്ടായിരുന്നത്. വി.ഡി.സതീശനും കെ.സുധാകരനുമൊപ്പം ശശി തരൂരും സജീവമാകട്ടെ മുരളീധരൻ പറഞ്ഞു. മറ്റ് നേതാക്കളാരും പ്രതികരണത്തിന് പോലും തയ്യാറല്ല.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചപ്പോൾ പരസ്യമായി എതിർക്കുകയും ഖാർഗെയ്ക്കായി നീക്കങ്ങൾ നടത്തുകയും ചെയ്ത നേതാക്കൾ തന്നെയാണ് ഇപ്പോഴും പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്. ഗുജറാത്ത് - ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയിൽ നിന്നും ശശി തരൂർ എംപിയെ ഒഴിവാക്കിയതിലും വിവാദം കത്തിരുന്നു

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയവർ പട്ടികയിൽ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയപ്പോൾ എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശിതരൂർ എംപിയെ ഒഴിവാക്കുകയായിരുന്നു. തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖർഗെക്കെതിരെ മത്സരിച്ച തരൂരിനെ പാർട്ടി അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ് .തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന കമ്മിറ്റികളിലൊന്നും തരൂരിനെ ഉൾപ്പെടുത്തിയിട്ടില്ല. പ്ലീനറി സമ്മേളനത്തോടെ നിലവിൽ വരുന്ന പുതിയ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ തരൂർ ക്യാമ്പിനുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഔദ്യോഗിക നേതൃത്വം നൽകുന്നില്ല.

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള ആഴ്ചകളിൽ സജീവമാകുന്ന പ്രചാരണത്തിൽ പ്രധാന നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയെങ്കിൽ ശശി തരൂരിന് ക്ഷണമില്ല. ഹിമാചൽ പ്രദേശിലെ പ്രചാരണത്തിലും തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. ആരാണ് മികച്ചവരെന്ന് പാർട്ടിക്ക് നന്നായി അറിയാമെന്നും അതു കൊണ്ട് നിരാശയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണെന്നുമാണ് വാർത്താ ഏജൻസിയോട് ശശി തരൂർ പ്രതികരിച്ചത്.