തിരുവനന്തപുരം:നന്ദൻകോട് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് അരികിലായി വാഹനം ഇടിച്ചു കയറിയതിൽ ജംഗ്ഷനിലെ സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ ഇല്ലെന്ന് പൊലീസ് പറഞ്ഞെന്ന് പരാതി.അതീവ സുരക്ഷാ മേഖലയിലെ ക്യാമറകൾക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ഇതോടെ ശക്തമാകുന്നത്.

ടിസി 4/1674 വീട്ടിൽ താമസിക്കുന്ന ശ്രീകുമാർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു.തന്റെ വീടിന്റെ മുന്നിൽ ഗേറ്റിനുള്ളിൽ ആയി കാർ പാർക്ക് ചെയ്തിരുന്നു. 31.01.2023 രാവിലെ 7 മണിക്ക് ഏതോ അജ്ഞാത വാഹനം ഗേറ്റ് ഇടിച്ചു തകർത്തു അകത്തു കിടന്ന കാറിലും ഇടിച്ച ശേഷം വീടിന്റെ ഭിത്തിയുടെ ഒരു വശം ഇടിച്ചു പൊട്ടിച്ചു കടന്നുകളഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്നും എസ്‌ഐയും പൊലീസുകാരും സ്ഥലം സന്ദർശിച്ച് മടങ്ങിയെങ്കിലും അജ്ഞാത വാഹനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല എന്നാണ് പറഞ്ഞത്.

ക്ലിഫ് ഹൗസ് അടുത്തുള്ളതിനാൽ ഈ പ്രദേശം അതീവ സുരക്ഷാ മേഖലയാണ് അൻപതോളം പൊലീസുകാർ പലപ്പോഴും അവിടെ ഉണ്ടാകാറുണ്ട്.കൂടാതെ 80 ലക്ഷം രൂപ മുതൽ മുടക്കി അനേകം സിസിടിവികൾ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ വിവിധ ദിശകളിലേക്കായി സ്ഥാപിച്ചിരിക്കുന്ന ഈ സിസിടിവികളിൽ ഒന്നിലും അജ്ഞാത വാഹനത്തിന്റെ ദൃശ്യങ്ങൾ പറഞ്ഞിട്ടില്ല എന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്നും ശ്രീകുമാറിന് ലഭിച്ച മറുപടി.ചില സിസിടിവികൾ പ്രവർത്തനരഹിതമാണെന്നും സി ഐ പറഞ്ഞതായി പറയുന്നു.

അതീവ സുരക്ഷാ മേഖലയിലെ ക്യാമറകൾക്ക് എന്താണ് സംഭവിച്ചത് പ്രവർത്തനമാണെങ്കിൽ ദൃശ്യങ്ങൾ ഇല്ലെന്നു പറഞ്ഞത് എന്തുകൊണ്ടായിരിക്കും ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ദുരൂഹത ഉണ്ടാക്കുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ പോലും വാഹനത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാണ് പറഞ്ഞത്. സുരക്ഷാ മേഖല ആയതുകൊണ്ടും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതുകൊണ്ടും പ്രദേശത്തുള്ളവർക്ക് കൂടി വളരെ പ്രയോജനം ഉണ്ടാകും എന്നാണ് കരുതിയത്. എന്നാൽ തങ്ങളുടെ ജീവനു പോലും സുരക്ഷിതത്വം ഇല്ലന്നാണ് മനസ്സിലാക്കുന്നത് എന്ന് പ്രദേശവാസികളും പറയുന്നു.

ഗേറ്റ് തകർന്നിട്ടും വീട് പൊട്ടിയിട്ടും യാതൊരു തരത്തിലുള്ള നീതിയും ലഭിക്കാത്തതിൽ ആകെ വിഷമത്തിലാണ് ശ്രീകുമാറും കുടുംബവും. പൊലീസ് സ്റ്റേഷനിൽ പലതവണ കയറി ഇറങ്ങിയിട്ടും എഫ്‌ഐആർ ഇടുന്നതിനോ അന്വേഷണം നടത്തുന്നതിനു മ്യൂസിയം പൊലീസ് തയ്യാറായില്ല എന്നും ശ്രീകുമാർ പറയുന്നു. ഇടിയിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഫ്രണ്ട് ബമ്പറും ബോണറ്റിന്റെ ഭാഗവും തകർന്നിട്ടുണ്ട്. നിവൃത്തിയില്ലാതെ സ്വന്തം കയ്യിൽ നിന്നും കാശ് എടുത്ത് വാഹനം നന്നാക്കി ഇരിക്കുകയാണ് ചെറുകുട കച്ചവടക്കാരൻ ആയ ശ്രീകുമാർ.
ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച സിസിടിവി ക്യാമറകൾ ഉപയോഗശൂന്യമാണെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എന്തുറപ്പാണുള്ളത് എന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്.