- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല്ലെത്ര കിട്ടിയാലും സിസിടിവി ക്യാമറ..അത് വേണ്ട സാറെ! ആശുപത്രിയിൽ കയ്യാങ്കളി പതിവാകുമ്പോഴും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന് പുല്ലുവില; സംസ്ഥാനത്ത് ക്യാമറ സ്ഥാപിക്കാൻ നടപടി ആരംഭിച്ചത് അഞ്ചോളം ആശുപത്രി മാത്രമെന്ന് വിവരാവകാശം; കൈയാങ്കളിക്ക് അധികൃതർ തന്നെ കളമൊരുക്കുമ്പോൾ
തിരുവനന്തപുരം: ആശുപത്രികളിലെ കൈയാങ്കളി കേരളത്തിൽ തുടർക്കഥയാവുകയാണ്. വീഴ്‌ച്ചകൾ ആരുടെ ഭാഗത്തായാലും മർദ്ദനത്തിന് കുറവില്ലെന്നതാണ് നിലവിലെ വസ്തുത. സർക്കാർ ആശുപത്രികളിലുൾപ്പടെ ഇത്തരം സംഭവങ്ങൾ സമീപകാലത്ത് സജീവമാണ്. എങ്കിലും തല്ലെത്ര വേണേലും കൊള്ളാം സാറെ..പക്ഷെ സിസിടിവി ക്യാമറ വേണ്ട എന്നാണ് സർക്കാർ ആശുപത്രികളുടെ അടക്കം നിലപാട്.ആശുപത്രികളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലവില നൽകുന്നതാണ് ആരോഗ്യവകുപ്പിന്റെ രീതികൾ.
ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും സുരക്ഷ ഉറപ്പു വരുത്താനാണ് സിസിടിവി ക്യാമറകൾ നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കു ഹൈക്കോടതി ഉത്തരവിട്ടത്. എങ്കിലും ഈ നിർദ്ദേശത്തോട് മുഖം തിരിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നിർദേശങ്ങൾ എവിടെയൊക്കെ നടപ്പാക്കിയെന്ന വിവരാവകാശ ചോദ്യത്തോടു പ്രതികരിക്കാൻ തയാറായത് 5 ജില്ലകൾ മാത്രം.അതാകട്ടെ ഭൂരിഭാഗവും; 'നടപ്പാക്കാൻ ശ്രമിക്കുന്നു, നടപ്പാക്കും' തുടങ്ങി ദുർബല മറുപടികളും.
ആശുപത്രികൾക്കു നേരെയുള്ള അക്രമ സംഭവങ്ങൾ വർധിച്ചു വരുമ്പോഴാണു സുരക്ഷ ഒരുക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ മെല്ലെപ്പോക്കും തിരിച്ചടിയാകുന്നത്.താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗങ്ങളെങ്കിലും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കണമെന്നും ഇതിലെ ദൃശ്യങ്ങൾ അടുത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം.
വിമുക്തഭടന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നും, ആശുപത്രി ആക്രമിച്ചാൽ ലഭിക്കുന്ന ശിക്ഷകൾ എഴുതി പ്രദർശിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്.ഇതു സംബന്ധിച്ച് 2021 ഓഗസ്റ്റ് 12നു സർക്കാർ ഉത്തരവിറക്കിയെങ്കിലും പിന്നീട് അനക്കമുണ്ടായില്ല. 13 മാസത്തിനു ശേഷം 2022 ഒക്ടോബർ 6നാണ് ഉത്തരവു നടപ്പാക്കണമെന്നു വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ നൽകിയത്. എന്നാൽ ഇതു വായിച്ചു നോക്കുകയെങ്കിലും ചെയ്തത് 5 ജില്ലകൾ മാത്രമാണെന്നു കണ്ണൂർ സ്വദേശിക്ക് ലഭിച്ച വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
പാലക്കാട്, കോഴിക്കോട്, കണ്ണൂർ ഡിഎംഒമാർ എല്ലാ സ്ഥാപനങ്ങളിലും സിസിടിവി വയ്ക്കാൻ 'കർശന നിർദ്ദേശം' കൈമാറിയിട്ടുണ്ട്. നിർദ്ദേശം നടപ്പാക്കാൻ 'അതീവ ജാഗ്രത' കാട്ടണം എന്നാണ് ഇടുക്കി ഡിഎംഒയുടെ ഉത്തരവ്. മറ്റു ജില്ലകളിലെ മെഡിക്കൽ ഓഫിസർമാർ വിവരാവകാശ ചോദ്യത്തോടു പ്രതികരിക്കാൻ പോലും തയാറായിട്ടില്ല.
തൃശൂരിൽ വലിയ ആശുപത്രികളിൽ സിസിടിവി ഉണ്ട്. മറ്റ് ആശുപത്രികളിലും ഇതു സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.ഹൈക്കോടതി നിർദ്ദേശം പാലിക്കുന്നതിൽ ആരോഗ്യ വകുപ്പ് കാട്ടുന്ന കടുത്ത അലംഭാവം തന്നെയാണ് അക്രമങ്ങൾ വർധിക്കുന്നതിനു പ്രധാന കാരണമെന്ന് ആരോഗ്യ പ്രവർത്തകർക്കും ആക്ഷേപമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ