കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മാജിസ്ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്‌ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. മജിസ്ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്‌ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മജിസ്ട്രേറ്റ് ജി പത്മകുമാർ റിപ്പോർട്ട് തേടിയത്.

സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ മജിസ്ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.



മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയത്. പല സ്ഥലത്തും വഴിതടയുകയും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അമിതവേഗതയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. കാലടി മറ്റൂരിൽ കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തിന് പൊലീസിന്റെ ഭീഷണി നേരിടേണ്ടി വന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാൽ കാർ പാർക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യംചെയ്ത മെഡിക്കൽഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കും പൊലീസ് ഉന്നതർക്കും പരാതി നൽകിയെന്ന് കുടുംബം പറഞ്ഞു.

കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തിൽ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കൽ ഷോപ്പിന് മുന്നിൽ കാർ നിർത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐ എത്തി വണ്ടി മാറ്റാൻ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു.



തുടർന്ന് കാർ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോൾ എസ്ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്ഐ തട്ടിക്കയറി. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളുടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇടപെടലുകളാണ് വിമർശനത്തിന് ഇടയാക്കുന്നത്.

പ്രതിപക്ഷ കക്ഷികളും കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിഹസിച്ചത്.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല.

മുഖ്യമന്ത്രി കടന്ന് പോകുന്നുവെന്നതിന്റെ പേരിലാണ് പെരുമ്പാവൂരിൽ രണ്ടുമണിക്കൂർ മുൻപ് യൂത്ത് കോൺഗ്രസിന്റെ സമ്മേളനം തടസ്സപ്പെടുത്തി പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പാലക്കാടും സമാനമായ രീതിയിൽ ഏഴോളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്കു വേണ്ടി വിടുവേല ചെയ്യുന്ന പൊലീസ് എല്ലാ സീമകളും ലംഘിക്കുകയാണ്. പുരുഷ പൊലീസ് കെഎസ്‌യു വനിതാ പ്രവർത്തകയെ കയറിപിടിച്ചിട്ടും അവരെ സംരക്ഷിക്കുകയാണ്. ഇതു തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലടച്ച് ഭയപ്പെടുത്താമെന്ന മൗഢ്യം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നതാണ് ഉചിതം. കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിടാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കോൺഗ്രസും സജ്ജമാണെന്ന കാര്യം മുഖ്യമന്ത്രിയും പാദസേവകരായ പൊലീസും വിസ്മരിക്കരുത്. ജനങ്ങളെ കൊള്ളയടിച്ച് അവരുടെ നികുതിപ്പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവുകളിലേക്ക് കെട്ടിയെഴുന്നള്ളിക്കാൻ പൊലീസ് ഏമാന്മാർക്ക് നന്നേ വിയർപ്പൊഴുക്കേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.