- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
കൊച്ചി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് അടിയന്തരമായി തിരിച്ചിറക്കിയത് വാർത്തയായിരുന്നു. എൻജിനിൽ തീ പിടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ രണ്ടരയോടെ അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലാണ് പറന്നുയർന്ന ഉടൻ തീ കണ്ടതെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ, സത്യം അതല്ലെന്ന് എഴുതുന്നു വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്.
ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് വായിക്കാം:
ഇന്നു വെളുപ്പിനെ 2.11 ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ 13 ൽ നിന്ന് കോഴിക്കോട്ടേക്കു പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, ഫ്ലൈറ്റ് നമ്പർ ഐഎക്സ് 348, ഇരുപത്തിരണ്ടു മിനിറ്റിനു ശേഷം അതേ റൺവേയിൽ തന്നെ തിരിച്ചിറക്കിയതെന്തുകൊണ്ടാണ്?
എൻജിനിൽ തീ പിടിച്ച് വിമാനം തിരിച്ചിറക്കി എന്ന് മലയാളം പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും ഒരു പോലെ റിപ്പോർട്ടു ചെയ്ത സംഭവത്തെപ്പറ്റി ഇന്ത്യൻ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പ് പറയുന്നത് ഇങ്ങിനെയാണ്: 'എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800, വിടി-എവൈസി വിമാനം, ഫ്ലൈറ്റ് നമ്പർ ഐഎക്സ് 348 (അബുദാബി-കോഴിക്കോട്), ആയിരം അടിപ്പൊക്കത്തിൽ ഒന്നാം നമ്പർ എൻജിൻ ഫ്ളെയിം ഔട്ടായതു മൂലം ഇന്ന് തിരിച്ചിറക്കി.'
എൻജിൻ നമ്പർ 1 എന്നാൽ ഇടത്തേ എൻജിൻ. ഫ്ളെയിം ഔട്ടായി എന്നു പറഞ്ഞാൽ പ്രവർത്തനം നിലയ്ക്കുക എന്നർത്ഥം. എൻജിനിലെ കമ്പസ്ററ്യൻ ചേമ്പറിലെ തീ കെട്ടു എന്ന് വിശദമായും, എൻജിൻ ഓഫായി എന്ന് മലയാളത്തിലും പറയാം. പല കാരണങ്ങൾ കൊണ്ടും എൻജിൻ നിലയ്ക്കാം (ഫ്ളെയിം ഔട്ടാകാം).
എൻജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിലയ്ക്കുക, പക്ഷി ഇടിക്കുക, എൻജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനത്തിന് തകരാറുണ്ടാവുക, അഗ്‌നിപർവതത്തിൽ നിന്നുള്ള ചാരം പോലെയുള്ള വസ്തുക്കൾ എൻജിനുള്ളിൽ പെടുക.. അങ്ങനെ. വൻ മഴയും മഞ്ഞും പോലെയുള്ള പ്രതികൂല കാലാവസ്ഥയും കുഴപ്പമുണ്ടാക്കാം.
അബുദാബി വിമാനത്താവള റൺവേയിൽ നിന്ന് ഫെബ്രുവരി മാസം പറന്നുയർന്ന ഒരു വിമാനത്തിന്റെ എൻജിൻ ആയിരം അടിപ്പൊക്കത്തിലെത്തിയപ്പോഴേക്കും ഓഫാകാൻ കാരണം മേൽപ്പറഞ്ഞവയിൽ ആദ്യത്തെ മൂന്നിലേതെങ്കിലുമാകാനാണിട. ഇനി, എൻജിന് തീപിടിച്ചെന്നു മനസിലായി പൈലറ്റ് എൻജിൻ ഓഫു ചെയ്തതാണെങ്കിലോ? അതിന് ഫ്ളെയിം ഔട്ട് എന്നല്ല പറയുക. എൻജിൻ തനിയെ ഓഫാകുന്നതു മാത്രമാണ് ഫ്ളെയിം ഔട്ട്.
ഡിജിസിഎ പോലെയുള്ള ഒരു സ്ഥാപനം പുറത്തിറക്കുന്ന പത്രക്കുറിപ്പിൽ ഫ്ളെയിം ഔട്ട് എന്ന സാങ്കേതിക പദം വെറുതെ ഉപയോഗിക്കുകയില്ല. പിന്നെ ഈ വാർത്തകളിലെല്ലാം എൻജിന് തീപിടിച്ചതെങ്ങിനെയാണ്? അതിനുള്ള ഉത്തരം എഎൻഐ എന്ന സ്വകാര്യ വാർത്താ ഏജൻസി വിതരണം ചെയ്ത വാർത്തയിലുണ്ട്. 'പറന്നുയർന്ന് ആയിരം അടിയെത്തിയപ്പോഴേക്കും ഒരു എൻജിന് തീപിടിച്ചെന്നു പൈലറ്റ് കണ്ടെത്തുകയും തിരികെ വിമാനത്താവളത്തിലിറക്കാൻ തീരുമാനിക്കുയും ചെയ്തുവെന്ന് ഒരു എയർ ഇന്ത്യാ ഉദ്യോഗസ്ഥൻ പറഞ്ഞു.'
ഔദ്യോഗിക അറിയിപ്പെത്തും മുമ്പേ, സംഭവമെന്താണെന്നു വാർത്താ ഏജൻസി എയർ ഇന്ത്യയിലെ ആരോടെങ്കിലും ചോദിച്ചുവന്നത് സത്യം തന്നെയായിരിക്കും. വിമാനം തിരിച്ചിറങ്ങിയതിനെപ്പറ്റി ആ ജീവനക്കാരൻ എയർ ഇന്ത്യയിലെ തന്നെ ആരോടെങ്കിലും ചോദിക്കുകയും ചെയ്തിരിക്കാം. അങ്ങിനെ കിട്ടിയ വിദശീകരണത്തിലെ ഫ്ളെയിമിനെ തീയോടും തീപിടിത്തത്തോടും ബന്ധിപ്പിച്ചിട്ടുമുണ്ടാകാം. കൂടാതെ, എൻജിൻ തനിയെ ഓഫാകുന്നതിലും വാർത്താമൂല്യമുള്ളത് തീയാളുന്ന എൻജിനുമായി വിമാനം തിരിച്ചിറങ്ങുന്നതിനുമാണ്.
മറുനാടന് മലയാളി ബ്യൂറോ