- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ടെ ഒറ്റമുറി വീട്ടിൽ നിന്ന് സുപ്രീം കോടതി വരെ; സഹൃദയനായ ഉപ്പയുടെ കലാകാരിയായ മകൾ; നാടകത്തിലും സിനിമയിലും കമ്പം; ആണിനോടും പെണ്ണിനോടും ഒരുപോലെ പ്രണയം; ഡിവൈഎഫ്ഐക്കാർ കോടതിക്കുള്ളിൽ ഭീഷണി മുഴക്കിയിട്ടും കൂസാത്ത തന്റേടി; അഡ്വ.ബബില ഉമ്മർ ഖാന്റെ കഥ
കോഴിക്കോട്: ബബില ഉമ്മർ ഖാൻ നേരത്തെയും ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. ഇപ്പോഴാണ് പലരും ഇത്രയും നാൾ എവിടെയായിരുന്നു എന്ന് 'ഇന്ത്യൻ റുപ്പിയിൽ' തിലകനോട് പൃഥ്വിരാജ് ചോദിക്കുന്നത് പോലെ ഇപ്പോൾ പലരും ചോദിക്കുന്നു എന്നുമാത്രം. ബബിലയുടെ കയ്യും കാലും വെട്ടുമെന്നാണ് ഡിവൈഎഫ്‌ഐക്കാരുടെ ഭീഷണി. ആദ്യം കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച്. പിന്നെ നിരന്തരം ഭീഷണി. കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളജിൽ, ഡിവൈഎഫ്എക്കാരുടെ ക്രൂര മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്കാണ് വധഭീഷണി ഉയർന്നത്. പ്രതികളുടെ ജാമ്യാപേക്ഷ കൂടി തള്ളിയതോടെ, പാർട്ടിക്കാർ ആകെ ചൂടായെന്ന് പറയേണ്ടതില്ലല്ലോ.
സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ കേസിൽ സ്വകാര്യഹർജി നൽകാൻ ഇക്കഴിഞ്ഞ 13ന് കോടതിയിൽ എത്തിയതായിരുന്നു ബബിലാ ഉമ്മർഖാൻ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. കോടതിയിൽ എത്തിയ ആളുകളിൽ നിന്നായിരുന്നു ഭീഷണി. തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ, പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു സ്വകാര്യ ഹർജിയും ഫയൽ ചെയ്തു.
സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326ാം വകുപ്പ് കൂടി ചേർക്കണമെന്നാണ് ആവശ്യം. ഒപ്പം സിസിടിവി ക്യാമറ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങൾ കോടതിയെ ഏൽപ്പിക്കണമെന്നും സ്വകാര്യ ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
കേസ് ഏൽപ്പിച്ചത് വിമുക്ത ഭടന്മാരുടെ സംഘടന
ജഡ്ജിമാരും അഭിഭാഷകരുമെല്ലാം ഉൾപ്പെട്ടതാണ് രാജ്യത്തെ കോടതികൾ എന്നിരിക്കേ കോടതിക്കുള്ളിൽ വെച്ച് രണ്ടു തവണ തനിക്കുനേരെ നേരിട്ട്് വധഭീഷണി മുഴക്കിയെന്നത് ഏറെ ഗൗരവകരമായ കാര്യമാണെന്ന് ബബില ഉമ്മർഖാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അഭിഭാഷകരെ കോടതിക്കകത്തുവെച്ച് വധഭീഷണി മുഴക്കാൻ മാത്രം ഡി വൈ എഫ് ഐ നേതൃത്വം വളർന്നുവെന്നാൽ, ഇരകൾക്ക് നീതി ലഭ്യമാക്കേണ്ട കേരളത്തിലെ കോടതികൾ പോലും സുരക്ഷിതമല്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
സാധാരണക്കാർക്ക് നീതി ലഭ്യമാക്കേണ്ട കേന്ദ്രങ്ങളിൽ തന്നെ യാതൊരു, ഭയവുമില്ലാതെ പ്രതികളുടെ സംഘടനാ നേതൃത്വം ഭീഷണി മുഴക്കുന്നൂവെന്നത് ജനാധിപത്യത്തിന് നിരക്കുന്ന കാര്യമല്ല. 13ാം തീയതി അഞ്ചാം നമ്പർ കോടതിക്കു മുന്നിൽവെച്ച് കണ്ടാലറിയാവുന്ന ഒരുസംഘമാണ് ആദ്യമായി പരസ്യമായി തനിക്കെതിരേ വധഭീഷണി മുഴക്കിയത്. 16ാം തീയതി ഏഴാം നമ്പർ കോടതിക്കു മുന്നിൽ വെച്ച് ഡി വൈ എഫ് ഐ നേതാവ് ഷാജിയുടെ നേതൃത്വത്തിലും വധഭീഷണി ആവർത്തിച്ചു.
ഈ സംഭവത്തിൽ സ്വയം വാദിക്കാൻ ആഗ്രഹിക്കുന്നതായി സ്വകാര്യ ഹർജി കോടതിയിൽ നൽകിയിട്ടുണ്ട്. കോടതികളെ പോലും രാഷ്ട്രീയക്കാരും ഗുണ്ടകളും പരസ്യമായി വധഭീഷണിക്ക് ഉപയോഗിക്കുന്ന കേരളത്തിലെ വർത്തമാന സാഹചര്യം, ഭയാനകമാണെന്നും കോടതികളും നിയമപാലകരും ഈ വിഷയത്തെ ഗൗരവമായി കാണേണ്ടതുണ്ടെന്നും ബബില ഓർമിപ്പിച്ചു.
വിമുക്ത ഭടന്മാരുടെ സംഘടനയാണ് തന്നെ കേസ് ഏൽപ്പിച്ചതെന്ന് ബബില ഉമർഖാൻ പറഞ്ഞു. ഏത് കേസിലായാലും സുപ്രീംകോടതിയിൽ നിന്നുള്ള വക്കീൽ ഹാജരാവുന്നത് കേസിന് ഇന്നത്തെ കാലത്ത് ഒരു പോസിറ്റീവ് എനർജിയാണല്ലോ. പ്രത്യേകിച്ച് കേരളത്തിൽ ഭരണം നടത്തുന്ന സി പി എം എന്ന സംഘടനയുടെ യുവജന വിഭാഗം നേതൃത്വം പ്രതികളാവുന്ന കേസ് ആവുമ്പോൾ. പ്രതികൾക്ക് രാഷ്ട്രീയ ഭരണ സ്വാധീനത്തിനൊപ്പം മികച്ച അഭിഭാഷകരും സ്വാഭാവികമായി രംഗത്തെത്തുമെന്ന് അറിയാവുന്നതിനാലാവണം സുപ്രീംകോടതിയിൽ നിന്നുള്ള തന്നെ കേസ് ഏൽപ്പിച്ചത്. കഴിഞ്ഞ 10 വർഷമായി ഡൽഹി കേന്ദ്രമാക്കി സുപ്രിംകോടതിയിൽ പ്രക്ടീസ് ചെയ്യുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ബബില പറഞ്ഞു.
ഇതുകൊണ്ടൊന്നും തോറ്റുപോകുന്നയാളല്ല
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നുകേട്ടിട്ടില്ലേ. അഡ്വ.ബബില ഉമ്മർ ഖാന്റെ കുഞ്ഞുചരിത്രമറിഞ്ഞാൽ, സംശയം നല്ലതുപോലെ മാറി കിട്ടും. കോഴിക്കോട് സത്രംപറമ്പിലെ ഒറ്റമുറി വീട്ടിൽ നിന്ന് സുപ്രീംകോടതി അഭിഭാഷകയായ ബബിതയുടെ കുട്ടിക്കാലത്തെ ഒരുകഥയിൽ നിന്ന് തുടങ്ങാം. പഠിക്കുന്ന സമയത്ത് നന്നേ വികൃതിയായിരുന്നു ബബില. ശരിക്കും ഒരുമറംകേറി പെണ്ണ്. പാടത്തും, തോടുകളിലും ഇറങ്ങി മീൻ പിടിച്ച് അങ്ങനെ നടക്കും. ഒരിക്കൽ മാവിൽ നിന്നും പിടിവിട്ട് നേരെ വീണത് കിണറ്റിൽ. ഓടിക്കൂടിയവരോട് കിണറ്റിൽ നിന്നും വിളിച്ചുപറഞ്ഞു. ഞാൻ മാർക്കറ്റിൽ കവറു വിൽക്കുന്ന ഉമ്മർഖാന്റെയും നഴ്‌സ് തങ്കമണിയുടെയും മകളാണ്. ഒന്ന് വീട്ടിൽ ചെന്ന് പറയാമോ ഞാൻ കിണറ്റിൽ വീണ കാര്യം. അത് വിളിച്ചു പറയുമ്പോഴും കയ്യിലുള്ള പച്ചമാങ്ങയുടെ പിടിവിട്ടില്ല. അതാണ് അന്നത്തെ ബബില.
ബബില അച്ഛനെ വിളിക്കുന്നത് 'വാ' എന്നാണ്. ടൗൺ പൊലീസ് സ്റ്റേഷന് അടുത്തുള്ള സത്രം പറമ്പ് കോളനിയിൽ താമസിച്ചിരുന്നത് സ്വന്തമായി കിടപ്പാടമില്ലാത്തവരായിരുന്നു. ഒരുവീട്ടിൽ തന്നെ പല കുടുംബങ്ങൾ. ഓരോ മുറിയിലും ഓരോ കുടുംബം. മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടുകൾ. മിക്കവരും ഹോട്ടൽ ജോലിക്കാരോ, കൂലിപ്പണിക്കാരോ, ഓട്ടോ ഡ്രൈവർമാരോ, യാചകരോ ഒക്കെയായിരുന്നു. അങ്ങനെ, പലതരക്കാരും വേഷക്കാരും നിറഞ്ഞ കോളനിയിലെ ഒറ്റ മുറി വീട്ടിൽ നിന്ന് സുപ്രീം കോടതി അഭിഭാഷക വരെയായതിൽ ബബില നന്ദി പറയുന്നത് തന്നെ നന്നായി പഠിപ്പിച്ച ഉമ്മർ ഖാനോടും, തങ്കമണിയോടും തന്നെ.
പണിയെടുക്കാതെ ഭക്ഷണം കഴിക്കരുത് എന്നാണ് കുട്ടിക്കാലത്തെ 'വാ' എന്ന ഉമ്മർ ഖാൻ ബബിലയെ പഠിപ്പിച്ചത്. കടല വിറ്റും, പുഴുങ്ങിയ കോഴിമുട്ട വിറ്റും മാനഞ്ചിറയിലും ടൗൺഹാളിന് സമീപവും വായെ സഹായിച്ച നാളുകൾ ഓർക്കുന്നു ബബില. ഹൈസ്‌കൂൾ വിടുമ്പോഴേക്കും പെൺകുട്ടികൾ സെയിൽസ് ഗേളായും ആൺകുട്ടികൾ ഓട്ടോ ഡ്രൈവർമാരായും മാറുന്ന സമൂഹമായിരുന്നു സത്രം പറമ്പിലേത്. എന്നാൽ, ഹോട്ടൽ ജോലി ചെയ്തും, ഒഴിവ് സമയത്ത് സെൻട്രൽ മാർക്കറ്റിൽ കവർ വിറ്റും ഉപജീവനം കഴിച്ചിരുന്ന ഉമ്മർ ഖാൻ അനുഭവസമ്പന്നായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ വിദ്യാഭ്യാസം അദ്ദേഹം പൊന്നായി കരുതി. അമ്മ തങ്കമണി നഴ്‌സായിരുന്നു. മാർക്കറ്റിലെ കവർ വിൽപ്പന പച്ച പിടിച്ചതോടെ, പുതിയങ്ങാടി പാലക്കട റോഡിൽ നെച്ചിക്കുളം വയലിൽ സ്ഥലം വാങ്ങി വീട് വച്ചു. പുതിയങ്ങാടിയിലേക്കുള്ള മാറ്റം നിർണായകമായി.
മാറ്റം കുറിച്ച് നവോദയിലെ പഠനം
പുതിയങ്ങാടിയിലെ പുതിയ വീട്ടിൽ നിന്നാണ് നവോദയയിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്ക് പഠിച്ചത്. പരീക്ഷ വിജയിച്ച് അഞ്ചാം ക്ലാസ് മുതൽ നവോദയയിൽ ചേർന്നു. നവോദയയിലെ പഠനമാണ് തന്നെ സുപ്രീം കോടതി വരെ എത്തിച്ചതെന്ന് പറയാറുണ്ട് ബബില. മീഞ്ചന്ത ഗവ. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ പഠനത്തിനിടയിലാണ് അയ്യന്തോളിലെ തൃശൂർ ലോ കോളേജിൽ പ്രവേശനം ലഭിക്കുന്നത്. 2006 മുതൽ 2012 വരെ പഠനം. കോൺഗ്രസ് നേതാക്കളായ വി.ടി.ബലറാം, രോഹിത് എന്നിവർ സമകാലികരായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഏതുമത്സരമോ ആകട്ടെ ബബില റെഡിയായിരുന്നു.
അച്ഛൻ സഹൃദയൻ, മകൾ കലാകാരി
നൃത്തവും അഭിനയവും ഹരമാണ് ബബിലയ്ക്ക്. 2014 ലെ മികച്ച നാടകമായ ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് എന്ന നാടകത്തിലെ വേഷം കൈയടി നേടി. ഉമ്മർ ഖാൻ ബാബുരാജിന്റെയും, കെ.ടി. മുഹമ്മദിന്റെയും എല്ലാം ആരാധകനായിരുന്നു. തന്നെ തോളത്ത് വച്ച് നാടകത്തിനും ഗാനമേളയ്ക്കും എല്ലാം കൊണ്ടുപോകുന്ന 'വാ'യെ നന്ദിയോടെ ഓർക്കുന്നു ബബില. കൊയിലാണ്ടി നാടകഗ്രാമം, രത്‌നാകരൻ ഹരിതം, അപ്പുണ്ണി ശശി എന്നിവരാണ് നാടകത്തിൽ ബബിലയുടെ ഗുരുക്കൾ. അഭിനയയുടെ രഘൂത്തമന്റെ നാടക കളരിയിൽ എത്തിപ്പെട്ടതോടെ, സിനിമയിലേക്കും വഴി തെളിഞ്ഞു. ആറോളം സിനിമകളിൽ അഭിനയിച്ചു. നിരവധി ഹ്രസ്വ സിനിമകളിലും വേഷമിട്ടു. സുരഭിലക്ഷ്മി, മാലാപാർവ്വതി, സേതുലക്ഷ്മിഅമ്മ, അന്തരിച്ച അനിൽ നെടുമങ്ങാട്, മാമുക്കോയ എന്നിവരോടൊപ്പം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്.
അവസാനിക്കാത്ത പഠനം
നാട് വിട്ട് പറുത്തുപോയതോടെ പുതുവഴികൾ ബബിലയ്ക്കു മുന്നിൽ തുറന്നു. 1995-2005 കാലം തന്നെ മാറ്റിമറിച്ചുവെന്ന് ബബില പറയാറുണ്ട്. നവോദയയിലെ പഠനകാലം, കോഴിക്കോട് മണിയൂരും യു.പിയിലെ ലഖ്‌നൗവിലും പ്ലസ് ടു വരെ പഠിച്ച കാലം. തൃശൂർ ലോ കോളേജിൽ അഞ്ച് വർഷം, ജയ്പൂരിൽ നിന്നും ഡ്യുവൽ എം.ബി.എ, തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ എം.എ, സിംഗാനിയ യൂണിവേഴ്‌സിറ്റിയിൽ ഫോറൻസിക് സൈക്കോളജിയിൽ നിന് ഡോക്ടറേറ്റ്, ശാരീരിക മാനസിക ആരോഗ്യത്തെ സംബന്ധിച്ച് പത്തോളം പി.ജികളും ഡിപ്ലോമാ കോഴ്‌സുകളും ചെയ്തു. അഭിഭാഷകയായതുകൊണ്ട് തന്നെ പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്നുപറയും ബബിത.
ആണിനോടും പെണ്ണിനോടും പ്രണയം
അടുത്തിടെ, താനൊരു ബൈസെക്ച്വൽ ആണെന്ന് ബബില തുറന്നുപറഞ്ഞതും വാർത്തയായി. പഴമക്കാരെ ഞെട്ടിച്ച് കൊണ്ടാണ് ബബില ഇത് തുറന്നടിച്ചത്. ആണിനെ പ്രണയിക്കുന്ന അതേ തീവ്രതയിൽ ഒരു പെണ്ണിനെയും പ്രണയിക്കാൻ തനിക്ക് കഴിയുമെന്ന് മനസ്സിലാക്കിയത് പതിമൂന്നാം വയസിൽ. എന്നാൽ, ഒന്നും ആരോടും തുറന്നുപറയാൻ കഴിഞ്ഞില്ല. ഇപ്പോൾ, സമൂഹത്തിൽ നിലയും വിലയും ഒക്കെ ആയപ്പോൾ അതുതുറന്നുപറയുന്നു എന്നു മാത്രം. ഫെയ്‌സ് ബുക്ക് വഴിയാണ് രണ്ട് പേരും ബബിലയുടെ ജീവിതത്തിലേക്ക് വരുന്നത്.
ആദ്യം ആൺ സുഹൃത്തിനെയാണ് പരിചയപ്പെട്ടത്. ചാറ്റ് ചെയ്ത് തുടങ്ങിയ ബന്ധം പിന്നീട് പ്രണയം ആയി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അതിനിടെയാണ് പെൺസുഹൃത്തിനെയും ബബില പരിചയപ്പെടുന്നത്. അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആണ്. കുടുംബങ്ങൾക്കിടയിൽ നിന്ന് കാര്യമായി പ്രശ്‌നങ്ങൾ ഉണ്ടായില്ല. പക്ഷേ പെൺസുഹൃത്തിനെ ഭാര്യ എന്ന് പറഞ്ഞ് സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ബബിലയുടെ വിഷമം. ഇരുവരോടും ഉള്ള പ്രണയത്തിൽ ബബിലയ്ക്ക് വ്യത്യാസം തോന്നുന്നതേയില്ല എന്നതാണ് സവിശേഷത.
'വാ'യെ പോലെ ഇന്നിൽ ജീവിച്ച് മകളും
ക്ഷമയും, ധൈര്യവും, സന്ദർഭോചിതമായ ഇടപെടലുകളും, ഈഗോ ഇല്ലാതിരിക്കലും ആണ് തന്റെ പണിക്ക് വേണ്ടതെന്ന് ്അഡ്വ. ബബില പറയുന്നു. നിയമ സുരക്ഷയും, അവകാശങ്ങളെ കുറിച്ചും സാധാരണക്കാർ കൂടുതൽ ബോധവാന്മാരാകണം. സ്‌കൂളുകളിൽ പ്രായോഗികമായ നിയമപഠന രീതി വേണമെന്നും ബബില പറയുന്നു. അഭിഭാഷകയെന്ന നിലയിൽ, കഠിനാദ്ധ്വാനം എന്ന വാക്കല്ലാതെ മറ്റൊന്നും പറയാനുമില്ല പണിയിലെ മികവിന്. പിന്നെ തന്നെ പേടിപ്പിക്കാൻ വരുന്നവരോട് ബബില പറയുന്നു, അങ്ങനെ പേടിച്ചോടുന്ന ആളല്ല താനെന്ന്.
മറുനാടന് മലയാളി ബ്യൂറോ