- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ ആൾ ഉമ്മറത്തെ മൊബൈലും മോഷ്ടിച്ചുകൊണ്ട് ഓടി; പൊലീസിൽ പരാതി നൽകിയപ്പോൾ ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ നിശ്ചലമായതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നു മറുപടി; മോഷണം പോയ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസിനെപ്പോലും ഞെട്ടിച്ച് അഞ്ച് മിടുക്കന്മാർ; പൊലീസ് കൈയടിച്ച കണ്ടെത്തലിന് പിന്നിലെ കഥ
തിരുവനന്തപുരം: മൊബൈൽഫോൺ മോഷണം പോകുന്നതോ കളഞ്ഞുപോകുന്നതോ മിക്കപ്പോഴും നടക്കുന്ന കാര്യമാണ്.കാണാതായി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോൺ സ്വിച്ച് ഓഫാകുന്നത് കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണ്.അതിനാൽ തന്നെ പലസന്ദർഭങ്ങളിലും പൊലീസും നിസ്സഹായരാണ്.ഇപ്പോഴിത ഇങ്ങനെ പൊലീസും കൈമലർത്തിയപ്പോൾ നഷ്ടപ്പെട്ട ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസിന്റെ പോലും കൈയടി നേടിയിരിക്കുകയാണ് അഞ്ച് ചെറുപ്പക്കാർ.
മുപ്പതിനായിരം രൂപയുടെ ഫോൺ ആണ് മോഷണം പോയത്. നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് നടത്തിയ ഈ ഓപ്പറേഷൻ സ്മാർട്ട് ഫോൺ സംഭവബഹുലം.ആ കഥ ഇങ്ങനെ
പനയക്കഴിപ്പ് തലവന്നാട്ടില്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോൺ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തുകയും വീട്ടുകാരനായ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണുവെട്ടിച്ച് ഉമ്മറത്തിരുന്ന ഫോണുമായി കടക്കുകയുമായിരുന്നു. മരുമക്കളായ സൂര്യലത, വിജയകുമാർ, ചെറുമകൻ ഗോവിന്ദ് എന്നിവർ ചേർന്ന് സൈബർ സെല്ലിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതിനൽകി.
ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ നിശ്ചലമായതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും കുറച്ചുകഴിഞ്ഞ് നോക്കാമെന്നുമായിരുന്നു മറുപടി.വൈകീട്ട് ആറിന് ഫോണിലേക്ക് ഗോവിന്ദ് വിളിച്ചപ്പോൾ ബെല്ലടിച്ചു. ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം ഉപയോഗിച്ച് സ്ഥലം പരിശോധിപ്പോൾ കുറിച്ചി എന്നു കണ്ടെത്തി. വിവരം സൈബർ പൊലീസിനെ അറിയിച്ചപ്പോൾ, ലോക്കൽ പൊലീസിനെ അറിയിക്കാനായിരുന്നു മറുപടി.
ഗോവിന്ദ് നാലു കൂട്ടുകാരുമൊത്ത് നേരെ കുറിച്ചിക്കുപോയി. പ്രദേശം കഞ്ചാവടിക്കാൻ ആളുകൾ വരുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ പരിചയക്കാരനും പ്രദേശവാസിയുമായ റിട്ട. എസ്‌ഐ. കെ.കെ. റെജി സഹായിക്കാനെത്തി. ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ച സംഘം കഞ്ചാവ് സംഘത്തിന്റെ താവളമായ പറമ്പിൽക്കയറി.
ഫെൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ മൂലയിൽനിന്ന് ബെല്ലടിച്ചു. നോക്കിയപ്പോൾ ഒന്നല്ല, ഏഴ് ഫോൺ ഉണ്ടായിരുന്നു.പത്തുമണിയോടെ ചിങ്ങവനം സ്റ്റേഷനിൽനിന്ന് പട്രോളിങ് വണ്ടിയെത്തി. ഫോണുകൾ അവർക്ക് കൈമാറി. എസ്‌ഐ.യുടെ മുന്നിൽവെച്ച് ഫോൺ വാങ്ങണമെന്ന ചട്ടമുള്ളതിനാൽ കൈയിൽ കിട്ടാൻ ഒരുദിവസംകൂടി കാക്കേണ്ടിവന്നു.
ഫോണിൽ സ്വിച്ച് ഓഫ് ബട്ടൺ അമർത്തുമ്പോൾ സാംസങ്ങിന്റെ അസിസ്റ്റന്റ് ആപ്പ് ആയ ബിക്സ്ബി തുറക്കാനുള്ള ഓപ്ഷൻ ഓൺ ആയതാണ് ഇവിടെ അനുഗ്രഹമായത്. ഇതുകാരണം കള്ളൻ ഓഫ് ബട്ടൺ ഞെക്കി ഫോൺ ഒളിപ്പിച്ചെങ്കിലും ഓഫ് ആയിരുന്നില്ല.ഗൂഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ഫൈൻഡ് മൈ ഡിവൈസ് സേവനത്തിൽ കയറി, കാണാതായ ഫോണിന്റെ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തു. അതിലൂടെയാണ് വിവരങ്ങൾ അറിയാനും നിയന്ത്രിക്കാനും സാധിച്ചത്.
ഫോണുമായി പോകുന്നതിനുമുന്പ് ഗോവിന്ദിന്റെയും കൂട്ടുകാരുടെയും നമ്പർ വാങ്ങാൻ പൊലീസുകാർ മറന്നില്ല. ''ആരുടെയെങ്കിലും ഫോൺ പോയാൽ വിളിക്കാം, കണ്ടുപിടിക്കാൻ സഹായിക്കുമല്ലോ?'' എ്ന്നാണ് ഒടുവിൽ മിടുക്കന്മാരോട് പൊലീസ് തന്നെ ചോദിച്ചത്.
മറുനാടന് മലയാളി ബ്യൂറോ