കോട്ടയം: നൂറ്റാണ്ടിന്റെ ഓർമ്മകൾ തളം കെട്ടി നിന്ന തിരക്കൊഴിയാത്ത തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഇനി ഓർമ്മ ചിത്രമായി അവശേഷിക്കാൻ നാളുകൾ മാത്രം. കോട്ടയം നഗരത്തിലെത്തുന്ന പലർക്കും ഈ മൂന്നു നിലകളുള്ള സമുച്ചയം ഗൃഹാതുരത്വമുണർത്തും. ഓരോരുത്തരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കെട്ടിടത്തിന്റെ ഓരോ നിലകളും. അക്കാലത്ത് നൂറു രൂപ വാടക നൽകി ആരംഭിച്ച കടയിലുള്ളവരാണ് ഇപ്പോൾ പടിയിറങ്ങേണ്ടി വരുന്നത്. നഗരത്തിലെത്തിയവർക്ക് തങ്ങാനുള്ള 59 ഓളം മുറികളുള്ള ഊട്ടി ലോഡ്ജും നിരവധിയാളുകളുടെ വിശപ്പകറ്റിയിരുന്ന കഫ്റ്റീരിയയുടെ രുചിയും മൂന്നു തലമുറകളായി പാരമ്പര്യം കൈവിടാതെ നടത്തി പോന്നിരുന്ന ഒളശ്ശ ധന്വന്തരി വിലാസം ആയുർവേദ വൈദ്യശാലയുമൊക്കെ ഓർമ്മകളുടെ പുസ്തക താളുകളിലേയ്ക്ക് ചുരുങ്ങും. ഗ്യസ് അടുപ്പ് നന്നാക്കുന്നതിനായി നിരവധി വീട്ടമ്മമാർ പടി കയറി ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലേയ്ക്ക് എത്തിയിരുന്ന കാലം ഇനി ഓർമ്മയായി അവശേഷിക്കും.

നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായി നിന്ന മന്ദിരം 1956 ൽ നിർമ്മിച്ചതാണ്. അക്കാലത്ത് കോട്ടയം നഗരസഭ ചെയർമാനായിരുന്ന കെ. എൻ. ശ്രീനിവാസ അയ്യർ (കൈതാരം സ്വാമി) എന്നയാളുടെ ആശയമായിരുന്നു നഗരസഭ മന്ദിരത്തിനു സമീപമായി പണിത ഷോപ്പിങ് കോംപ്ലക്സ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാപാര സമുച്ചയവും സ്റ്റാന്റുമായിരുന്നു തിരുനക്കര സ്റ്റാന്റ്. നാഗമ്പടത്ത് പുതിയ സ്റ്റാന്റ് ആരംഭിച്ചപ്പോഴേക്കും ഇവിടം ബസ് ചാലായി മാറി. സി. എം. എസ്. കോളജ് ഉൾപ്പെടെയുള്ള കലാലയങ്ങളിലെ കൗമാരക്കാരുടെ സ്വ്പനങ്ങൾ പൂവണിഞ്ഞതും ചികിത്സയ്ക്കും മറ്റുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് പോകുന്നവരും തൊട്ടരികെ തിരുനക്കര ക്ഷേത്രത്തിലേക്കെത്തുന്നവരുമൊക്കെയായി തിരക്കൊഴിയാതെ സ്റ്റാന്റ് സജീവമായി തന്നെ നിന്നു.

നഗരത്തിന്റെ മുഖമുദ്രയായിരുന്ന തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഹൈക്കോടതി വിധിയെ തുടർന്ന് ഒഴിപ്പിക്കുന്നതോടെ പെരുവഴിയിലാകുന്നത് 52 വ്യാപാരികളാണ്. തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിക്ക് കട ഒഴിഞ്ഞ് താക്കോൽ നൽകണമെന്നാണ് കോട്ടയം നഗരസഭ അധികൃതർ പറയുന്നത്. അതോടെ കടകളിൽ നിന്നും സാധനങ്ങൾ മാറ്റുന്ന തിരക്കിലായിരുന്നു വ്യാപാരികൾ. പലർക്കും അതേപ്പറ്റി സംസാരിക്കാൻ പോലും കഴിയാതെ വിഷമത്തിലായി. ജോലി നഷ്ടമാകുന്ന ജീവനക്കാർ പൊട്ടി കരഞ്ഞു. വ്യാപാരികൾ അവസാന നിമിഷം വരെ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം വിഫലമായി തീർന്നു. ഗാന്ധിസ്‌ക്വയറിന് സമീപം മഹാത്മ ഗാന്ധിജിയുടെ പ്രതിമയുടെ പിന്നിലായി കാണുന്ന ബഹുനില മന്ദിരം കാലം മാറുന്നതനുസരിച്ച് ഓർമ്മയായി അവശേഷിക്കുമ്പോൾ ചരിത്രമാകേണ്ട വാക്കുകൾ ഓരോരുത്തരും മറുനാടനോട് പങ്കു വച്ചു.

ഒരു നാടിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കഥയാണ് പലർക്കും പറയാനുള്ളത്. ചെറിയ കടയായി തുടങ്ങി കുടുംബം പടുത്തുയർത്തിയവർ ഇനിയെങ്ങോട്ടെന്നറിയാതെ പടിയിറങ്ങുമ്പോൾ കണ്ടു നിന്നവരുടെയും കണ്ണ് നനയിക്കുന്ന ഹൃദയഭേദകമായ കാഴ്‌ച്ചകളാണ് ഞായറാഴ്‌ച്ച തിരുനക്കര ഷോപ്പിങ് കോംപ്ലക്സിൽ കണ്ടത്. ഓരോരുത്തർക്കും പറയാനുള്ളത് ചരിത്രമായി തീരേണ്ട കഥകൾ. തിരുനക്കര മൈതാനം പൊളിച്ചു തുടങ്ങിയാൽ അവയെല്ലാം മണ്ണിൽ അലിഞ്ഞ് തീരും. ഒപ്പം ഒരു പിടി ഓർമ്മകളും. സ്വന്തം വീടു പോലെയായിരുന്നു പലർക്കും തങ്ങളുടെ സ്ഥാപനങ്ങൾ. സ്വന്തം വീട്ടിൽ ചിലവഴിച്ചതിനെക്കാൾ കൂടുതൽ സ്ഥാപനങ്ങളിൽ ചിലവഴിച്ചവർ. ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല.

കേരളത്തിലെ ആദ്യ എസ്. ടി. ഡി. ബൂത്ത് സോമൻ

1980 ൽ വികലാംഗനായ സോമൻ ആരംഭിച്ച എസ്. ടി. ഡി. ബൂത്ത് കേരളത്തിലെ ആദ്യ എസ്. ടി. ഡി. ബൂത്തായിരുന്നു. സ്റ്റാന്റിന്റെ പ്രധാന കവാടത്തിനോട് ചേർന്നാണ് സ്ഥാപനം. അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന സി. എം. സ്റ്റീഫൻ ആണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. അക്കാലത്ത് 35 പൈസ ഒരു കോളിന് വാങ്ങിയിരുന്നു. 5 പൈസയായിരുന്നു കമ്മീഷനായി ലഭിച്ചിരുന്നത്. സ്വാമി നിത്യ ചൈതന്യ യതിയും, പ്രേം നസീറുമൊക്കെ ബൂത്ത് സന്ദർശിച്ചിരുന്നത് സോമന്റെ ഓർമ്മകളിൽ ഇന്നുമുണ്ട്. കാലം മാറിയതിനുസരിച്ച് എസ്. ടി. ഡി. ബൂത്തിൽ നിന്നും ഫോട്ടോസ്റ്റാറ്റും ലോട്ടറി വിൽപ്പനയുമൊക്കെയായി മാറിയ സോമൻ അവിടെ നിന്നും തന്റെ ജീവിതം പടുത്തുയർത്തി. മക്കളെ പഠിപ്പിച്ചു. ഇപ്പോൾ നിറകണ്ണുകളോടെയാണ് സോമൻ കടയിൽ നിന്നും സാധനങ്ങൾ മാറ്റിയത്. ഭാര്യയും മകളും വിഷമം അടക്കാൻ കഴിയാത്തതിനാൽ സംസാരിക്കാൻ പോലും തയ്യാറായില്ല.

അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' ഇടം നേടിയ എ വൺ സ്റ്റോർ

കോട്ടയത്തെത്തിയാൽ പെൺകുട്ടികൾ ഭൂരിഭാഗവും എ വൺ ലേഡീസ് സ്റ്റോറിൽ കയറാതെ പോകില്ലായിരുന്നു. 53 വർഷത്തെ പാരമ്പര്യമുണ്ട്. അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന പുസ്തകത്തിൽ വരെ ഈ സ്ഥാപനം ഇടം പിടിച്ചു. അവരുടെ കുട്ടിക്കാലത്തെ ഓർമ്മകളിൽ നിറഞ്ഞ് നിന്നിരുന്നതാണ് കോട്ടയം നഗരത്തിനൊപ്പം ഈ സ്ഥാപനവും. ആ ബന്ധം ഇപ്പോഴും തുടരുന്നതായി ഇപ്പോഴത്തെ ഉടമ അബൂബക്കർ പറയുന്നു. അൻപതാം വാർഷികം ഉദ്ഘാടനം ചെയ്യാൻ അരുന്ധതി എത്തിയിരുന്നു. പൊളിക്കുന്നതറിഞ്ഞ് അരുന്ധതി റോയി വിളിച്ചിരുന്നുവെന്നും വളരെ വിഷമകരമായ കാര്യമാണെന്ന് അറിയിച്ചുവെന്നും അബൂബക്കർ പറയുന്നു.

വഴിയിലിരുന്ന് പത്രമെങ്കിലും വിൽക്കണം

45 വർഷം ഇവിടെ കെ. ജി. എസ്. ബുക്ക് സ്റ്റാൾ നടത്തിയിരുന്ന അനിലിനും പറയാനുള്ളത് വഴിയരികിൽ ഇരുന്നാണെങ്കിലും പത്രങ്ങൾ വിൽക്കണമെന്നാണ്. കാരണം ജീവിത മാർഗം അതാണ്. അതു കൂടിനിലച്ചുപോയാൽ എന്തു ചെയ്യണമെന്ന് അറിയില്ല. ലോണും ചിട്ടിയുമെല്ലാം അടയ്ക്കണം. 25 വഷത്തോളമായി അനിലാണ് സ്ഥാപനം നടത്തി വരുന്നത്. മറ്റ് കടകൾക്കായി നോക്കിയപ്പോൾ അഞ്ച് ലക്ഷം രൂപ സെക്യുരിറ്റിയും മുപ്പതിനായിരം രൂപ വാടകയുമാണ് ചോദിക്കുന്നത്. നഗരസഭ പകരം സംവിധാനം ഒരുക്കി തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജീവനും ജീവിതമായിരുന്നു എല്ലാം തീർന്നുവെന്ന് നിഷ

നിഷ ഹാൻഡ്ലൂം ടെക്സ്റ്റയിൽസ് എന്ന സ്ഥാപനം പൊളിച്ചു നീക്കുമ്പോൾ ഹൃദയം തകർന്നു കൊണ്ടാണ് ഉടമയായ നിഷ നിൽക്കുന്നത്. 45 വർഷം മുൻപാണ് തന്റെ പിതാവ് കട ആരംഭിക്കുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി തന്റെ ജീവിത മാർഗം ഇതായിരുന്നു. ജീവനും ജീവിതവുമെല്ലാം ഈ കടയായിരുന്നു. ഇങ്ങനെയൊക്കെയാകുമെന്നും ഒട്ടും പ്രതീക്ഷിച്ചില്ല. ഇവിടെ നിൽക്കുമ്പോൾ മരിച്ചു പോയാലെന്തെന്ന് വരെ തോന്നി പോകുവാണെന്ന് നിഷ കരഞ്ഞു കൊണ്ട് പറഞ്ഞു.

ജീവിതത്തിന്റെ താളം നിലച്ചുവെന്ന് ബീന

സരിത മ്യൂസിക് എന്ന സ്ഥാപനവും ബീനയുടെ ജീവിതവും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്ഥാപനം നിർത്തി പടിയിറങ്ങുന്നതോടെ ജീവിതത്തിന്റെ താളവും നിലയ്ക്കുകയാണെന്ന് ബീന പറയുന്നു. വാദ്യോപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കോട്ടയത്തെ ആദ്യത്തെ സ്ഥാപനമാണ് സരിത മ്യൂസിക്. അതോടൊപ്പം വിൽപ്പനയുമുണ്ട്. പ്രശസ്തരായ നിരവധി കലാകാരന്മാർ ഇവിടെ വന്നു പോയിട്ടുണ്ട്.

18 വർഷം മുൻപാണ് ബീന ഈ സ്ഥാപനത്തിൽ ജോലിക്കായെത്തുന്നത്. അതിനു ശേഷം ഉടമ തന്നെ ഈ കട പൂർണമായും നടത്താൻ ഏൽപ്പിച്ചു. അന്നുണ്ടായിരുന്ന എല്ലാം കടബാധ്യതയും തീർത്ത് സ്ഥാപനം നവീകരിച്ച് പുതു ജീവൻ നൽകി. വിദേശത്തേയ്ക്ക് പോയ ഉടമ തന്റെ ദുരിതാവസ്ഥ കണ്ട് പൂർണമായും കട എന്നെ ഏൽപ്പിച്ചു. ഇതിനിടയിൽ ഏക മകളെ എം. എസ്. സി. വരെയെത്തിച്ചു. സ്വന്തമായി ഒരു വീടും പോലുമില്ലാതെ വാടക വീട്ടിലാണ് കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനാൽ തന്റെയും മകളുടെയും ഏക ഉപജീവനമാർഗം ഇതായിരുന്നു. ഇനിയും മറ്റ് കടകൾ എടുക്കാനുള്ള പണമില്ല. വീട്ടിൽ കൊണ്ട് വയ്ക്കുക മാത്രമാണ് മാർഗമെന്ന് അവർ പറഞ്ഞു. ആരെങ്കിലും തന്റെ സ്ഥാപനം തിരക്കി വരുമെന്നാണ് പ്രതീക്ഷ.

വയോജന ദിനത്തിൽ തെരുവിലേയ്ക്കിറങ്ങേണ്ടി വന്നത് ബധിര വയോധികന്

40 വർഷമായി ഇവിടെ ബൂട്സ് ഇന്ത്യ എന്ന പേരിൽ ചെരുപ്പ് കട നടത്തിയിരുന്നതാണ് 74 കാരനും ബധിരനുമായ മോഹനൻ. ലോക വയോധിക ദിനത്തിൽ ഇയാളെയും നഗരസഭ അധികൃതർ തെരുവിലേയ്ക്കിറക്കി വിട്ടു. മോഹനന്റെ മകനും മകളും കേൾവി സംസാര പരിമിതിയുള്ളവരാണ്. ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായിരിക്കുന്നത്. ഇനിയെന്തെന്നറിയാതെ പ്രതിസന്ധിയിലായ മോഹനൻ കട പൂട്ടിയിട്ടും ഇന്നലെയും കടയുടെ മുൻപിൽ വന്നിരുന്നു. എല്ലാവരുമായി ഒരിക്കൽ കൂടി കുശലം പറഞ്ഞു. കേൾവിയില്ലാത്ത മോഹനന്റെ ലോകത്ത് കണ്ണില്ലാത്ത ഒരു ഭരണകൂടം നടത്തിയ കണ്ണിൽ ചോരയില്ലാതെ നടപടികളെ ഓർത്തു വിലപിക്കുകയാണ് വ്യാപാരികളും യാത്രക്കാരുമെല്ലാം.

മൂന്നു നിലകളിലായുള്ള 52 വ്യാപാരികളെയാണ് ഒഴിപ്പിക്കുന്നത്. അതോടെ ഈ വ്യാപാരികളുടെ കുടുംബങ്ങൾ അവരെ ആശ്രയിച്ച് കഴിയുന്ന നൂറിലധികം ജീവനക്കാരുടെ വരുമാനം കൂടി നിലയ്ക്കും. അതിനു പുറമെ നിത്യവും അന്നത്തിന് വക തേടിയെത്തുന്ന ഭിക്ഷാടകർ എല്ലാവരുടെയും ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പ്. ഈ വ്യാപാരികളെല്ലാം ചേർന്ന് പത്ത് ലക്ഷം രൂപ സമാഹരിച്ച് നഗരസഭയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപ്പിച്ചെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല. വിവിധ രാഷ്ട്രീയ നേതാക്കൾ തങ്ങൾക്ക് വാക്ക് നൽകിയെങ്കിലും ആരും എത്തിയില്ല. അങ്ങനെ എല്ലാവരും ഞങ്ങളെ കൈയൊഴിഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്നും കരകയറി വരുമ്പോഴാണ് വെള്ളിടി പോലെ ഇങ്ങനെയൊരു തീരുമാനം.

ഹൈക്കോടതി വിധിയെ മാനിച്ച് എല്ലാവരും തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിയോടെ തന്നെ താക്കോൽ നഗരസഭയ്ക്ക് കൈമാറും. ആകെയുള്ള പ്രതീക്ഷ നഗരസഭയുടെ പുരധിവാസ പദ്ധതിയിലാണ്. എന്നാൽ ഇതൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് വ്യാപാരികളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. നഗരസഭയുടെ ചരിത്രത്തിൽ പൊളിക്കൽ ഓർമ്മമാത്രമാണ് അവശേഷിക്കുന്നതെന്നും ആക്ഷേപമുയരുന്നു. പഴയ പൊലീസ് സ്റ്റേഷനും സിവിൽ സ്റ്റേഷനുമൊക്കെ അതിന് ഉദാഹരമാണ്. ഓരോ ഘട്ടമായി കൽപ്പക കോംപ്ലക്സ് മുതൽ പൊളിച്ചു തുടങ്ങുകയാണ് ആദ്യം വേണ്ടിയിരുന്നതെന്ന് ഇവിടെ കെ. എസ്. ബുക്ക് സ്റ്റാൾ നടത്തിയിരുന്ന രവി പറയുന്നു.

സമുച്ചയം ഈ മാസം പത്തിന് പൊളിച്ചു തുടങ്ങാനാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം ബലക്ഷയമായതിനെ തുടർന്നാണ് നഗരസഭ കോടതിയെ സമീപിച്ചത്. നാലു ബ്ലോക്കുകളിലായാണ് സമുച്ചയം. ഇതിൽ മൂന്നു ബ്ലോക്കുകളാണ് പൊളിച്ചു നീക്കുന്നത്. നെഞ്ചു പിളർത്തുന്ന വേദനയോടെ പടിയിറങ്ങുമ്പോഴും വ്യാപാരികൾ ഒന്നടങ്കം പറയുന്നു എന്നാലും തങ്ങളോടിതു വേണ്ടായിരുന്നു..