- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടിയ സൗരോർജ നിലയങ്ങൾ; പാർശ്വവത്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായം; അനെർട്ട് പദ്ധതി നിർദേശങ്ങൾക്ക് അംഗീകാരം; സൗരോർജ്ജ നഗരമാകാൻ തിരുവനന്തപുരം
തിരുവവന്തപുരം: നഗരത്തിന് വേണ്ട വൈദ്യുതി പൂർണമായി സൂര്യനിൽ നിന്ന് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ട് സൗരോർജ്ജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം. 3000 മെഗാവാട്ട് വൈദ്യുതി രണ്ടുവർഷത്തിനകം ഉൽപാദിപ്പിക്കും. വീടുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയുടെ മേൽക്കൂരകളിൽ സൗരോർജ പാളികൾ സ്ഥാപിക്കും. സ്മാർട്ട് ഇൻവെർട്ടർ സംവിധാനത്തിലൂടെയാകും വിതരണലൈനിലേക്ക് വൈദ്യുതി കടത്തിവിടുക.
എല്ലാ വീടുകളിലും എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. പാർശ്വവത്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായം ലഭിക്കും. പുനരുപയോഗ ഊർജഉത്പാദനത്തിന് അനെർട്ട് തയ്യാറാക്കിയ പദ്ധതി നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരമായി.
ഓരോ പദ്ധതിയുടെയും വിശദാംശങ്ങളും സമയക്രമവും ഉൾക്കൊള്ളുന്ന പ്രവർത്തന രൂപരേഖ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മൂന്നു വർഷത്തിനുള്ളിൽ 3000 മെഗാവാട്ട് പാരമ്പര്യേതര ഊർജസ്ഥാപിതശേഷി വർധിപ്പിക്കാനുള്ള പദ്ധതി രേഖയാണ് അനെർട്ട് തയ്യാറാക്കിയത്. യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻ കുട്ടി, അനെർട്ട് സിഇഒ. നരേന്ദ്രനാഥ് വെല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ നിർവഹണ ഏജൻസിയായ അനെർട്ടും ജർമൻ കമ്പനിയായ ജി.ഐ. സെഡും മെയ് മാസത്തിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു.ഗുജറാത്തിലെ ഗാന്ധിനഗർ, പഞ്ചാബിലെ അമൃത്‌സർ, ഉത്തർപ്രദേശിലെ അയോധ്യ എന്നീനഗരങ്ങളിൽ സൗരോർജ പദ്ധതി നടപ്പാക്കിയത് ജി.ഐ.സെഡ് കമ്പനിയാണ്.ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു കേന്ദ്രപാരമ്പര്യേതര ഊർജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോർജ നഗര പദ്ധതി.
നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർപ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
മറ്റുനിർദേശങ്ങൾ
* സൗരോർജം, കാറ്റ്, ഹൈഡ്രജൻ, ഇ-മൊബിലിറ്റി എന്നിവയ്ക്ക് ഊന്നൽ.
* വ്യക്തിഗത കർഷകരുടെ കാർഷികപമ്പ് സൗരോർജത്തിലേക്ക് മാറ്റുന്നതിന് ഗ്രിഡ്ബന്ധിത സൗരോർജനിലയം സ്ഥാപിക്കും.
* ആദിവാസി ഊരുകളിൽ നാലുവർഷത്തിനുള്ളിൽ മൈക്രോ ഗ്രിഡുകൾ/ഹൈബ്രിഡ് പവർ പ്ലാന്റുകൾ സ്ഥാപിക്കും.
* പാലക്കാട്ട് പച്ചക്കറികളും പഴങ്ങളും സംഭരിക്കാൻ എട്ടുടൺ ശേഷിയുള്ള സൗരോർജ അധിഷ്ഠിത ശീതീകരണ സംവിധാനം.
* മീൻപിടിത്ത ബോട്ടുകളിൽ അനുബന്ധ വൈദ്യുത ആവശ്യങ്ങൾ നിറവേറ്റാൻ സോളാർ വിൻഡ് ഹൈബ്രിഡ് പവർപ്ലാന്റുകൾ സ്ഥാപിക്കും.
* ഐ.ഐ.ടി., എൻ.ഐ.ടി., സംസ്ഥാന-കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പാലക്കാട് കുഴൽമന്ദത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
മറുനാടന് മലയാളി ബ്യൂറോ