കോട്ടയം: തിരുവാർപ്പിൽ ഹരിത കർമ്മസേനയ്ക്ക് പണം നൽകാത്തതിന്റെ പേരിൽ തൊഴിലുറപ്പ് നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവാർപ്പ്, 12-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ നിഷേധിച്ചതിനെ തുടർന്ന് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഹരിതകർമ്മ സേനയ്ക്ക് എല്ലാ മാസവും പണം നൽകുന്നതിന്റെ രസീത് ഹാജരാക്കാതെ തൊഴിൽ നൽകില്ലെന്ന ഭരണ സമിതിയുടെ നിലപാടിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. കേന്ദ്ര പദ്ധതിയാണ് തൊഴിലുറപ്പ്. ഇതിൽ ചേരണമെങ്കിൽ ഹരിത കർമ്മ സേനയ്ക്ക് പണം നൽകണമെന്ന മാനദണ്ഡം കേന്ദ്ര സർക്കാർ മുമ്പോട്ടു വച്ചിട്ടുമില്ല.

തൊഴിലാളികൾ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോനെ കണ്ടെങ്കിലും തികച്ചും നിഷേധാത്മകമായ നിലപാടാണ് അദ്ദേഹം പ്രശ്‌നത്തിൽ സ്വീകരിച്ചത് എന്നാണ് ആരോപണം. ഹരിത കർമ്മ സേനയ്ക്ക് പണം കൊടുക്കാതെ തൊഴിലില്ലെന്ന നിലപാട് തിരുത്തുന്നില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്താനാണ് തൊഴിലാളികളുടെ തീരുമാനം. പ്ലാസ്റ്റിക് എടുത്തു കൊണ്ടു പോകുന്നവരാണ് ഹരിത കർമ്മ സേന. അവർക്ക് പ്ലാസ്റ്റിക് കൊടുത്താലും ഇല്ലെങ്കിലും പ്രതിമാസം തുക നൽകണമെന്നതാണ് പഞ്ചായത്തിന്റെ നിലപാട്. തീർത്തും നിയമവിരുദ്ധമാണ് ഈ നിലപാട്.

പ്ലാസ്റ്റിക്കില്ലാത്തവർ എന്തിന് പണം നൽകണമെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ഇതൊന്നും അറിയേണ്ടെന്നും പ്ലാസ്റ്റിക് ഇല്ലെങ്കിലും പണം നൽകണമെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. രാഷ്ട്രീയ ബന്ധമുള്ളവരെ ചേർത്തുണ്ടാക്കിയതാണ് പല പഞ്ചായത്തിലും ഹരിത കർമ്മ സേന. പ്ലാസ്റ്റിക് എടുത്തു കൊണ്ടു പോയി പുനരുപയോഗത്തിനുള്ള സാധ്യതകളാണ് പ്രധാനമായും ഹരിത കർമ്മ സേന ചെയ്യുന്നത്. ഇത് സാമ്പത്തിക നേട്ടമായി മാറുന്നുമുണ്ട് പലയിടത്തും. അങ്ങനെയുള്ള ഹരിത കർമ്മ സേനയ്ക്ക് പണം കൊടുക്കാത്തതിന്റെ പേരിലാണ് തൊഴിലുറപ്പ് നിഷേധം.

ഹരിത കേരളം മിഷന്റെ ഉപമിഷനായി തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ സംരംഭമാണ് ഹരിത കർമ്മസേന. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുക, ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് വേണ്ട പ്രവർത്തങ്ങൾ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്. കൃത്യമായ ഇടവേളകളിൽ മാലിന്യം ശേഖരിച്ച്, തരംതിരിച്ച്, പുനരുപയോഗം സാധ്യമാക്കുക എന്നതാണ് ഇവരുടെ പ്രധാന കർത്തവ്യം. വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്നതിന് ഒരു നിശ്ചിത തുക കർമ്മസേനകൾ ഈടാക്കുന്നുണ്ട്. എന്നാൽ ഇത് പ്ലാസ്റ്റിക് നൽകുന്നവർ മാത്രം കൊടുത്താൽ മതിയാകും.

എന്നാൽ പഞ്ചായത്തിന്റെ സഹായവും സേവനവും ആവശ്യമെങ്കിൽ ഹരിത കർമ്മ സേനയ്ക്ക് പ്രതിമാസം പണം കൊടുക്കണമെന്നാണ് തിരുവാർപ്പിലെ നിലപാട്. പഞ്ചായത്തിനെ ആശ്രയിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിൽ പെട്ടതെന്നതാണ് വസ്തുത. നിയമപരമായി ഇങ്ങനെ പണം കൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ ഇതിന്റെ പേരിൽ തൊഴിലുറപ്പിൽ പങ്കാളിയാക്കാതെ അർഹതയുള്ള പണം പലർക്കും നിഷേധിക്കുന്നതായാണ് പരാതി.

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് . കുടുംബശ്രീയുമായി ചേർത്താണ് പ്രവർത്തനം പലയിടത്തും.

വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കള ക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നു. ഇതാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനരീതി. മാലിന്യം പുനരുപയോഗത്തിന് കൊടുക്കുമ്പോൾ പലപ്പോഴും അത് സാമ്പത്തിക നേട്ടമായി മാറുകയും ചെയ്യും.