കൊച്ചി: ജല അപകടങ്ങൾ ഉണ്ടാകുമ്പോൾ നിയമിക്കപ്പെടുന്ന അന്വേഷണ കമ്മിഷനുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ അവഗണിക്കുന്നതാണ് പുതിയ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പലപ്പോഴും കാരണമാകുന്നത്. എറണാകുളം ജില്ലയിലെ കണ്ണമാലിയിൽ 1980ൽ ഉണ്ടായ അപകടം മുതൽ 2009ലെ തേക്കടി ദുരന്തം വരെ വിവിധ കമ്മിഷനുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി നടപ്പിലാക്കിയിട്ടില്ല. അതിന്റെ ബാക്കി പത്രമാണ് താനൂരിലെ ദുരന്തവും. താനൂർ കെട്ടുങ്ങൽ തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങുമ്പോഴും ആ ബോട്ടും എല്ലാ ചട്ടവും ലംഘിച്ചിരുന്നു. രാത്രിയിൽ സർവ്വീസ് പാടില്ലെന്നത് പോലും നടപ്പാക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ല.

സുരക്ഷാ വീഴ്ചയാണ് കേരളത്തിലെ ബോട്ട് അപകടങ്ങൾക്കെല്ലാം കാരണം. അപകടത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബോട്ടുകളുമായിരുന്നു. കുമരകം ദുരന്തമുണ്ടാക്കിയ ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ലൈഫ് ജാക്കറ്റുകളോ ബോയകളോ അഗ്‌നിശമന സാമഗ്രികളോ ഉണ്ടായിരുന്നെങ്കിൽ ഇത്രയേറെ പേർ ബോട്ട് അപകടങ്ങളിൽ മരിക്കില്ലായിരുന്നു. ബോട്ടിന് താങ്ങാവുന്നതിലപ്പുറം യാത്രക്കാർ കയറിയതും ദുരന്തങ്ങൾക്ക് കാരണമായി.

കേരളത്തിൽ നടന്ന മൂന്ന് ബോട്ടപകടങ്ങളെ പ്പറ്റി ജുഡീഷ്യൽ അന്വേഷണം നടന്നിരുന്നു. കുമരകം ബോട്ട് ദുരന്തം ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷനും തേക്കടി ദുരന്തം ജസ്റ്റിസ് ഇ മൈതീൻ കുഞ്ഞ് കമ്മിഷനും തട്ടേക്കാട് ദുരന്തം പരീതുപിള്ള കമ്മിഷനും അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ആ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ കാണിച്ച അനാസ്ഥയാണ് വീണ്ടും ജലദുരന്തങ്ങളിലേയ്ക്ക് നാടിനെ തള്ളിവിടാൻ കാരണം.

ബോട്ടുകളുടെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ സംവിധാനം ഉണ്ടാകണമെന്നും യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണമെന്നും അധികം യാത്രക്കാരെ കയറ്റുന്ന ബോട്ടുകൾക്കെതിരെ നടപടി വേണമെന്നുമുള്ള ശിപാർശകൾ ഇപ്പോൾ ഫയലിൽ ഉറങ്ങുകയാണ്. തേക്കടി ബോട്ട് ദുരന്തം ഉണ്ടായപ്പോൾ സംസ്ഥാന മാരിടൈം ബോർഡ് രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ഇ മൈതീൻകുഞ്ഞ് 232 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാനുമാണ് സംസ്ഥാന മാരിടൈം ബോർഡ് രൂപവത്കരിക്കണമെന്ന് ശിപാർശ ചെയ്തത്. പകഷേ അത് ഇനിയും നടന്നിട്ടില്ല.

കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷൻ സർക്കാരിനു 2003 ഏപ്രിലിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന ശുപാർശളും തട്ടേക്കാട് ബോട്ടപടകത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം എം പരീത് പിള്ള കമ്മിഷന്റെ നിർദേശങ്ങളും പൂർണമായി നടപ്പാക്കാനായിട്ടില്ല. ബോട്ടുകളുടെ, പ്രത്യേകിച്ച് കാലപ്പഴക്കം ചെന്നവയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നിർവഹിക്കുന്നെന്ന് ഉറപ്പാക്കണമെന്നായിരുന്നു നാരായണക്കുറുപ്പ് കമ്മിഷന്റെ ഒരു ശുപാർശ. എന്നാൽ, ഇതിനു മതിയായ സംവിധാനമില്ല. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞാൽ പരിശോധനയില്ല. ബോട്ടുകളുടെ ഫിറ്റ്നസും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധന വ്യാപകമാക്കണമെന്ന നിർദേശവും നടപ്പിലായില്ല.

ബോട്ടുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കരുതെന്നും അറ്റകുറ്റപ്പണികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു പരീത്പിള്ള കമ്മീഷന്റെ ശുപാർശ. ഇവയിൽ ഒന്നുപോലും നടപ്പായില്ല. കാലപ്പഴക്കം ചെന്ന ബോട്ടുകളുടെ യാത്രാനുമതി റദ്ദാക്കണമെന്നായിരുന്നു മറ്റൊരു ശുപാർശ. എന്നാൽ, സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ അധികവും കാലപ്പഴക്കം ചെന്ന ഫിറ്റ്നസ് ഇല്ലാത്ത ബോട്ടുകളാണ്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടാൻ സഹായകമായ ലൈഫ് ജാക്കറ്റുകളും ഈ ബോട്ടുകളിൽ ഇല്ല.

ബോട്ട് എന്ന് പേർ മാത്രമുള്ള, വള്ളങ്ങൾ കൂട്ടിക്കെട്ടിയ ഈ താത്കാലിക സംവിധാനത്തിൽ പതിനഞ്ചു പേരെ മാത്രമേ കൊണ്ടുപോകാവൂ എന്നാണു നിയമം. ആ സ്ഥാനത്താണ് നാൽപ്പതും അമ്പതും പേർ സഞ്ചരിക്കുന്നത്.