- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവം; ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; നടപടി, ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാൻഡർമാർക്കുമെതിരെ
ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിലേക്ക് തൊടുത്തുവിട്ട സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാൻഡർമാർക്കുമെതിരായാണ് നടപടി.
കഴിഞ്ഞ മാർച്ച് 9 ന് ആയിരുന്നു ബ്രഹ്മോസ് മിസൈലുകൾ ഉദ്യോഗസ്ഥർ അബദ്ധത്തിൽ പാക്കിസ്ഥാൻ ഭാഗത്തേക്ക് തൊടുത്തുവിട്ടത്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലാണ് മൂന്ന് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതും നടപടിയെടുത്തതും. ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇവർക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ എസ്ഒപി ലംഘനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഈ വർഷം മാർച്ച് ഒൻപതിന് വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പോയി വീണത്. രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന് സൂപ്പർസോണിക് മിസൈൽ പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്.
40,000 അടി ഉയരത്തിൽ പാക് വ്യോമപാതയുടെ 100 കി.മി ഉള്ളിലേക്കാണ് മിസൈൽ എത്തിയത്. മിസൈലിൽ മറ്റ് ആയുധ ശേഖരമൊന്നുമില്ലാത്തതിനാൽ പൊട്ടിത്തെറിച്ചില്ല.
പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പിന്നീട് പ്രതിരോധമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായി.
സംഭവം വലിയ വാർത്തയായതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. അബദ്ധത്തിലാണ് മിസൈൽ പതിച്ചതെന്നും രാജ്യത്തിന്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ അത് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സംവിധാനങ്ങളിൽ പിഴവുണ്ടായാൽ അത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.
സംഭവത്തിൽ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. യാത്രാവിമാനങ്ങൾക്കും നാട്ടുകാർക്കും അപകടമുണ്ടാക്കിയേക്കാവുമായിരുന്ന സംഭവത്തിൽ പാക്കിസ്ഥാൻ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പാക്കിസ്ഥാൻ ഓർമിപ്പിക്കുകയും ചെയ്തിരുന്നു.
തന്ത്രപ്രധാനമായ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ഗുരുതരമായ വീഴ്ച വരുത്തിയെന്നായിരുന്നു സംഭവത്തിൽ പാക്കിസ്ഥാന്റെ ആക്ഷേപം. വസ്തുതകൾ കൃത്യമായി പുറത്തുവരാൻ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. സമാന ആവശ്യമുന്നയിച്ച് ചൈനയും പാക്കിസ്ഥാനെ പിന്തുണച്ചു. എന്നാൽ ഈ ആവശ്യം ഇന്ത്യ തള്ളിയിരുന്നു.
സാങ്കേതിക പിഴവാണെന്നും സംഭവത്തിൽ ഇന്ത്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംയുക്ത അന്വേഷണത്തിനില്ലെന്നും സർക്കാർ വൃത്തങ്ങൾ നിലപാട് എടുത്തിരുന്നു. പിഴവ് സംഭവിച്ചതാണെന്ന് അയൽക്കാർ എന്ന നിലയിൽ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ