- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതോളം തവണ വകുപ്പുതല അച്ചടക്ക നടപടി; ആറ് ക്രിമിനൽകേസുകൾ; തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതി; സിഐ. സുനു രാവിലെ ഡ്യൂട്ടിക്കെത്തിയത് നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് നിലനിൽക്കെ; അവധിയിൽ പോകാൻ നിർദ്ദേശം നൽകി എ.ഡി.ജി.പി.
കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ മൂന്നാം പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ പി.ആർ. സുനുവിന് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം. സുനുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് ഉണ്ടായിരിക്കെ ജോലിയിൽ പ്രവേശിച്ചത് വിവാദമായതോടെയാണ് അവധിയിൽ പോവാൻ നിർദ്ദേശം നൽകിയത്.
കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയെത്തി പി.ആർ.സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചത് വിവാദമായിരുന്നു. തുടർന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണ് അവധിയിൽ പോകാൻ സുനുവിനോട് നിർദ്ദേശിച്ചത്. ബലാത്സംഗക്കേസിൽ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദ്ദേശിച്ചെതെന്നാണു വിവരം.
തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ. സുനു. ചോദ്യം ചെയ്യലിനു ശേഷം സുനുവിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിൽ വകുപ്പ് തല നടപടികൾ ഉണ്ടായില്ല. ഇതോടെയാണ് സുനു ജോലിക്ക് എത്തിയത്.
ബലാത്സംഗം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ഉൾപ്പെടെയുള്ളവ പരിഗണനയിലിരിക്കെ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾ ചുമതലയേറ്റത് വ്യാപക വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ഇക്കാര്യം അന്വേഷണത്തിൽ തെളിയുമെന്ന് ബോധ്യമുള്ളതിനാലുമാണ് ഡ്യൂട്ടിക്കെത്തിയത് എന്നാണ് സുനു പറയുന്നത്. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.
പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും നിരപരാധിയാണെന്നും താൻ ആത്മഹത്യചെയ്യേണ്ട സാഹചര്യം ആണുള്ളതെന്നും പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോ ക്ലിപ് തന്റേതാണെന്നും സുനു പറയുന്നു. പത്തുപേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സുനുവിനെതിരെ കൃത്യമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്.
ഒൻപതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും 6 ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിയിരുന്നു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയിൽ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനുവടക്കം പത്ത് പ്രതികൾ കേസിൽ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ