തൃശൂർ: ദേശീയപാത നിർമ്മാണത്തിന് ചെലവായതിനേക്കാൾ കൂടുതൽ തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തിട്ടും ടോൾ പിരിവിന്റെ കാലാവധി വർഷങ്ങൾ നീളുമെന്നും ഇതിലൂടെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കൊച്ചി - സേലം ദേശീയപാതയിൽ പാലിയേക്കര, കോയമ്പത്തൂർ എൽ ആൻഡ് ടി ടോൾ പ്ലാസകളിലൂടെ പിരിച്ച ടോൾ തുക 1500 കോടി കടന്നതായാണ് കണക്കുകൾ. കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിൽ പുതുതായി തുടങ്ങിയ ടോൾ പ്ലാസയിൽ നിന്നുള്ള പിരിവിനു പുറമേയുള്ള തുകയാണിത്. പാലിയേക്കരയിൽ ആറ് വർഷം കൂടി പിരിവിനു ടോൾ കമ്പനിക്ക് അനുമതിയുണ്ട്. ദിനം പ്രതി പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത് ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്.

കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ ഏഴ് വർഷം കൂടി പിരിക്കാം. സേലം ഭാഗത്തേക്കു യാത്ര ചെയ്യാനുള്ള പാതയാണിത്. നൂറുകണക്കിനു മലയാളികൾ ദിവസവും യാത്രചെയ്യുന്ന കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസിന് 104.40 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. കഴിഞ്ഞ 22 വർഷമായി തുടരുന്ന ടോളിലൂടെ ഇതിനകം 462.90 കോടി രൂപ പിരിച്ചുകഴിഞ്ഞു. 2029 വരെ പിരിവു തുടരും. പാലിയേക്കരയിലും എൽ ആൻഡ് ടിയിലുമായി പിരിച്ച ആകെ തുക 1531.90 കോടിയായി ഉയർന്നു.

പന്നിയങ്കരയിൽ 10 വർഷം കൂടി പിരിവു തുടരും. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ 64.94 കിലോമീറ്റർ ദേശീയപാത വികസനത്തിന് 721.17 കോടി രൂപയാണു ചെലവായത്. ഈ പാതയിലെ യാത്രയ്ക്കു ടോൾ പിരിക്കാൻ സ്ഥാപിച്ച പാലിയേക്കര ടോൾ പ്ലാസയിൽ ഇതുവരെയുള്ള പിരിവ് 1069 കോടി കടന്നു. 2026 വരെയാണു ടോൾ പിരിവിന് കമ്പനിക്ക് അനുമതിയുണ്ടായിരുന്നതെങ്കിലും പിന്നീട് 2028 വരെ നീട്ടിയിരുന്നു. ഇതിനെതിരെ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

12 വർഷത്തോളം നിർമ്മാണം ഇഴഞ്ഞ മണ്ണുത്തി വടക്കഞ്ചേരി പാതയിൽ 1553 കോടി രൂപ ചെലവായെന്നാണ് ദേശീയപാത അഥോറിറ്റിയുടെ കണക്ക്. ഇതിൽ 243 കോടി രൂപ സർക്കാർ ഗ്രാന്റ് ആയി നിർമ്മാണക്കമ്പനിക്കു നൽകി. തുരങ്ക നിർമ്മാണത്തിനു മാത്രം 160 കോടി രൂപ ചെലവായെന്നാണു കണക്ക്. ഇവിടെ ടോൾ പിരിവ് 2032 വരെ തുടരാൻ അനുമതിയുണ്ട്.

പന്നിയങ്കര ടോൾ പ്ലാസയിൽ വാഹന നിരക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. ടോൾ പിരിവിന് ആരെങ്കിലും തടസം നിന്നാൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനും അനുമതി നൽകിയിട്ടുണ്ട്. പാലിയേക്കരയിൽ ഇടപ്പള്ളി മണ്ണുത്തി പാതയിലെ സർവീസ് റോഡടക്കമുള്ള ജോലികൾ പൂർത്തിയാകാതെയാണു ടോൾ പിരിവ് തുടങ്ങുന്നതെന്ന വിമർശനം ഉയർന്നിരുന്നു. നേരത്തെ ടോൾ പിരിവിനെതിരെ യുവജനസംഘടനകളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചിരുന്നു.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തുടങ്ങിയത്.ദേശീയ പാത അഥോറിറ്റിയും ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം 2028 ജൂലൈ 21 വരെ ടോൾ പിരിക്കാനാകും. ടോൾ കമ്പനിക്ക് മുടക്കുമുതലിനേക്കാൾ തുക തിരിച്ചുകിട്ടിയ സാഹചര്യത്തിൽ കരാർ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അഥോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.