കോഴിക്കോട്: കോഴിക്കോട് വയനാട് തുരങ്കപാത നിർമ്മാണത്തിനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകുമ്പോൾ അത് വികസന സ്വപ്‌നങ്ങൾക്ക് പുതു പ്രതീക്ഷ. ഈ പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം.

മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമാണ് ആദ്യം ലഭിച്ചത്. സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മണൽവയൽ, മടപ്പറമ്പ് ഭാഗങ്ങളിലായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണിത്. നാലു വില്ലേജുകളിലെ ഭൂമിക്കു പുറമേ, കുറിച്ചിപട്ട തേക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങൾ വെട്ടിമാറ്റിയാൽ 10.6 ഹെക്ടർ ഭൂമിയിൽ കൂടി മരം വച്ചുപിടിപ്പിക്കാമെന്ന് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി.

സംസ്ഥാന ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. സംസ്ഥാനം സ്വന്തം നിലയിൽ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചിട്ടുണ്ട്. കിറ്റ്‌കോ നടത്തുന്ന പഠനം അടുത്ത ജൂലൈയിൽ പൂർത്തിയാവും. ആകെ ദൂരം: 8.735 കി.മീ. ആണ്. ആകെ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി 14.995 ഹെക്ടറും. ഖനനമാലിന്യ നിർമ്മാർജനത്തിന് വേണ്ടി 10 ഹെക്ടർ ഭൂമിയും വേണം. ഉപയോഗിക്കേണ്ട വനഭൂമി 34.30 ഹെക്ടറാണ്. ഇതിൽ 34.10 ഹെക്ടർ ഭൂഗർഭപാതയാകും. അനുബന്ധ റോഡുകൾക്കായി വേണ്ട വനഭൂമി 0.21 ഹെക്ടറാണ്.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയ്ക്കാണ് അനുമതി പുതു ജീവൻ നൽകുന്നത്. മറ്റു ജില്ലകളിലേക്കെന്ന പോലെ വയനാട്ടിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്ന അവകാശവാദത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി റോഡ് പദ്ധതിയിലാണ് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്ന് മുതൽ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്ന തുരങ്കപാത ഉൾപ്പെട്ടിട്ടുള്ളത്.

മേപ്പാടി പ്രദേശം നിലകൊള്ളുന്നത് സമുദ്രനിരപ്പിൽ നിന്ന് 874 മീറ്റർ ഉയരത്തിലാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ കള്ളാടി പ്രദേശമാകട്ടെ സമുദ്രനിരപ്പിൽ നിന്ന് 52 മീറ്റർ ഉയരത്തിലുമാണ്. ഈ രണ്ട് പ്രദേശങ്ങളെയും തുരങ്കപാത നിർമ്മാണത്തിൽ ബന്ധിപ്പിക്കും. 2019-ലെ പ്രളയകാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിച്ച കവളപ്പാറ, പുത്തുമല, മൂണ്ടക്കൈ, പാതാർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലാണ് തുരങ്കപാതക്കായി മല തുരക്കേണ്ടി വരുക എന്നാണ് സൂചന.

കോഴിക്കോട് വയനാട് തുരങ്കപാതയ്ക്ക് പുതുക്കിയ ഭരണാനുമതി നേരത്തെ സംസ്ഥാന മന്ത്രിസഭ നൽകിയിരുന്നു. ആനക്കാംപൊയിൽ-കല്ലാടി- മേപ്പാടി തുരങ്ക പാത നിർമ്മാണത്തിന്റെ എസ്‌പിവി ആയ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച പുതുക്കിയ ഡിപിആറാണ് അംഗീകരിച്ചത്. കിഫ്ബിയിൽ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകാനും തീരുമാനം. താമരശേരി ചുരം കയറാതെ കേവലം എട്ട് കിലോമീറ്റർ ദൂരമുള്ള പാതയിലൂടെ വയനാട്ടിലെത്താൻ കഴിയുന്നതാണ് ഈ ഹൈടെക് പാത.

കോഴിക്കോട് , വയനാട് ജില്ലകളുടെ വികസനത്തിന് വലിയ തോതിൽ ഈ പാത സഹായമാകും. നിലവിലുള്ള താമരശ്ശേരി ചുരം റോഡിലുടെയുള്ള യാത്രക്ക് വേണ്ടി വരുന്ന സമയവും വേണ്ടിവരില്ല. താമരശ്ശേരി ചുരം റോഡിന് ബദലായി ഒരു റോഡ് എന്ന ചിന്തയാണ് തുരങ്കപാതയിലേക്കെത്തിച്ചത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ വികസനത്തിന് അവസരമൊക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയെ യാഥാർത്ഥ്യമാക്കാൻ സർക്കാർ സ്വീകരിച്ചത്. ചരക്ക് നീക്കവും സുഗമമാകും . താമരശ്ശേരി ചുരത്തിലെ വാഹന ബാഹുല്യവും കുറയ്ക്കാനാകും .ടുത്തു.

മൂന്നുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വയനാട് തുരങ്കപാത നിർമ്മാണത്തിന് കേരളാ സർക്കാർ കൊങ്കൺ റെയിൽവേയെയണ് സമീപിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സംരംഭം അവർ ഏറ്റെടുത്തു. കേരളാ സർക്കാരിന്റെ അഭിമാനകരമായ ഈ പദ്ധതി സമയ ബന്ധിതമായി തീർക്കുവാനാണ് തീരുമാനം.