- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന് ചികിത്സ വൈകിയിട്ടില്ല; തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്‌സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു;വയനാട് മെഡിക്കൽ കോളേജിന് വീഴ്ച്ചയില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്; ജനരോഷം ഇരമ്പുമ്പോൾ തോമസിന്റെ കട ബാധ്യത എഴുതി തള്ളി കേരള ബാങ്ക്; ഗോപി കോട്ടമുറിക്കൽ വീട് സന്ദർശിച്ചു
മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. മുതിർന്ന ഡോക്ടർമാർ കണ്ടശേഷമാണ് തോമസിനെ മാറ്റാൻ നടപടി എടുത്തത്. തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്‌സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോർട്ടിലുണ്ട്.
തോമസിനെ മാരകമായി കടുവ ആക്രമിച്ചിരുന്നു. ധാരാളം മുറിവുകൾ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ രോഗിയെ കണ്ടിരുന്നു. രോഗിയെ സ്‌റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ 108 ആംബുലൻസിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളിൽ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണമാണ് മരണം സംഭവിച്ചു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും ഡിഎംഇയുടെ റിപ്പോർട്ടിലുണ്ട്.
അതേസമയം ഇന്ന് കുടുംബത്തെ സന്ദർശിക്കാനെത്തിയ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ തോമസിന്റെ മകൾ സോന പൊട്ടിക്കരഞ്ഞു കൊണ്ട് രംഗത്തുവന്നിരുന്നു. തോമസിനെ കൊണ്ടുപോയ ആംബുലൻസിൽ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ലെന്ന് സോന ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഡിഎംഒ റിപ്പോർട്ടിൽ തള്ളുന്നത്.
തോമസിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ വിളിച്ച രാഹുൽഗാന്ധിയോടും കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് എന്നാക്കിയതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ കാലങ്ങളായി വ്യക്തമാക്കുന്നത്. ഇപ്പോഴും അത്യാവശ്യഘട്ടം വന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോ ഐസിയു സൗകര്യമുള്ള ആംബുലൻസ് പോലും നൽകിയിരുന്നില്ലെന്നും കുടുംബം ആരോപിക്കുകയുണ്ടായി.
അതിനിടെ കടുവാ ആക്രമണങ്ങളിൽ ജനവികാരം എതിരാകുമ്പോൾ ആശ്വാസ നടപടികളുമായി കേരള ബാങ്കും രംഗത്തുവന്നു. തോമസിന്റെ കട ബാധ്യത എഴുതി തള്ളി കേരള ബാങ്ക് രംഗത്തെത്തി. അഞ്ച് ലക്ഷം രൂപയും പലിശയുമായിരുന്നു തോമസിന് കേരള ബാങ്കിലുണ്ടായിരുന്ന ബാധ്യത. ഇത് എഴുതി തള്ളിയതായി തോമസിന്റെ വീട് സന്ദർശിച്ച കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ നേരത്തേ ധാരണയായിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് കളക്ടർ സർവകക്ഷി നേതാക്കളെ അറിയിച്ചിരുന്നു. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം. തോമസിന്റെ മകന് സ്ഥിര ജോലിക്കും നഷ്ടപരിഹാരമായി 40 ലക്ഷം കൂടി നൽകാനുള്ള ശുപാർശയും മന്ത്രിസഭയ്ക്ക് നൽകാനും ധാരണയായിരുന്നു.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. 12 ന് രാവിലെയാണ് കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
വലതു തുടയെല്ലിനും കൈയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ തോമസിനെ ഒപ്പമുണ്ടായിരുന്നവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ചെറിയ തോതിലുള്ള കൃഷിപ്പണികളും കൂലിപ്പണിയും ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് തോമസ് കുടുംബം പോറ്റിയിരുന്നത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. വീട് നിൽക്കുന്ന 10 സെന്റ് സ്ഥലവും തറവാട് വീടിനു സമീപത്തെ കുറച്ച് തോട്ടവും മാത്രമാണ് സ്വന്തമായി ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ