- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യ ചെലവിനായി സംസ്ഥാനം 'ഞെരുങ്ങുമ്പോൾ' ക്ലിഫ് ഹൗസിന് മോടികൂട്ടൽ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; മൂന്നും നാലും ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ വീതം; പിണറായി സർക്കാർ ഇതുവരെ ചെലവിട്ടത് 38.47 ലക്ഷം രൂപ; ഊരാളുങ്കലിന്റെ കീശ വീർപ്പിക്കൽ സർക്കാർ ചെലവിലാകുമ്പോൾ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം നിത്യ ചെലവുകൾക്ക് പോലും പണം തികയാതെ സംസ്ഥാനം 'ഞെരുക്കത്തിൽ' തുടരുമ്പോൾ മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്.
പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി ചെലവിട്ടത് 38.47 ലക്ഷം രൂപയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്റെ പരിപാലന ചുമതല. കുളത്തിന്റെ മൂന്നാം ഘട്ട പരിപാലന പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപയും നാലാം ഘട്ടപരിപാലനത്തിനായി 3.84 ലക്ഷം രൂപയും നൽകാൻ മൂന്നു ദിവസങ്ങൾക്ക് മുൻപ് സർക്കാർ അനുവാദം നൽകി. മൂന്ന്, നാല് ഘട്ടങ്ങളിലെ നവീകരണത്തിന് തുക കൈമാറിയ ടൂറിസം ഡയറക്ടറുടെ നടപടി സർക്കാർ പിന്നീട് സാധൂകരിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്ത് ക്ലിഫ് ഹൗസിൽ നിർമ്മിച്ച നീന്തൽകുളം ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്നു. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചവെന്നാണ് ഇത് സംബന്ധിച്ച രേഖകളിൽ പറയുന്നത്.
നീന്തൽകുളത്തിന്റെ ഒന്നാംഘട്ട പരിപാലന പ്രവൃത്തികൾക്കായി 2,28,330 ലക്ഷം രൂപയും രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2,51,163 ലക്ഷം രൂപയും ഊരാളുങ്കലിനു നൽകി. 2020 നവംബർ മുതൽ 2021 നവംബർവരെയുള്ള മൂന്നാംഘട്ട പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപ വിനോദസഞ്ചാരവകുപ്പ് അനുവദിച്ചു. എന്നാൽ, ഈ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറുടെ ധനവിനിയോഗ പരിധിക്കു മുകളിലായതിനാൽ പ്രവർത്തനാനുമതി നൽകിയ കരാറിന് സർക്കാർ സാധൂകരണം നൽകണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടു.
2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള നാലാംഘട്ട വാർഷിക പരിപാലനത്തിനായി 3.84 ലക്ഷംരൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകാനും ആവശ്യപ്പെട്ടു. മൂന്നും നാലും ഘട്ട പരിപാലന പ്രവൃത്തികൾക്ക് എസ്റ്റേറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കാൻ സാധൂകരണം നൽകി ഈ മാസം 15ന് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതും നാശാവസ്ഥയിലുമായ നീന്തൽ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നേരത്തെ നൽകിയ വിവരാവകാശ മറുപടിയിൽ പറഞ്ഞിരുന്നത്. നിത്യ ചെലവുകൾക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് നേരത്തെ വിവാദമായിരുന്നു.
നേരത്തെ, ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചതും ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് നീന്തൽ കുളത്തിന്റെ നവീകരണത്തിന് വീണ്ടും പണം അനുവദിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ