- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടുകടത്തേണ്ട വിദേശികൾ ഇനി ജയിലിൽ കഴിയേണ്ട; വീടിന് സമാനമായ അന്തരീക്ഷത്തിൽ ട്രാൻസിറ്റ് ഹോമുകളുമായി സംസ്ഥാന സർക്കാർ; പദ്ധതി; ആദ്യഘട്ടത്തിൽ നടപ്പാക്കുക തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ
തിരുവനന്തപുരം: നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാൻ ട്രാൻസിറ്റ് ഹോമുകൾ തുടങ്ങും. ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതുവരെ ജയിലുകളിലാണ് താമസിപ്പിക്കുന്നത്. അതുമാറ്റി വീടിന് സമാനമായ അന്തരീക്ഷത്തിൽ ട്രാൻസിറ്റ് ഹോമുകളോ തടങ്കൽകേന്ദ്രങ്ങളോ ഹോൾഡിങ് സെന്ററുകളോ സ്ഥാപിക്കണമെന്ന കേന്ദ്രനിർദ്ദേശത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം.
ട്രാൻസിറ്റ് ഹോമുകളിലെ അന്തേവാസികളെ ശിക്ഷിക്കപ്പെട്ട തടവുകാരായിട്ടല്ല പരിഗണിക്കുക. അവരുടെ സുരക്ഷയ്ക്കും ജീവിതനിലവാരം നിലനിർത്തുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തും. എ.സി. സൗകര്യത്തോടെയുള്ള താമസം, ജനറേറ്റർസഹിതമുള്ള വൈദ്യുതി, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിനിമയസൗകര്യങ്ങൾ, ഷെഫും അടുക്കളയും, ലോക്കർ, കുടുംബാംഗങ്ങളെ കാണാനും സ്വന്തം രാജ്യവുമായി ബന്ധപ്പെടാനുമുള്ള സൗകര്യം എന്നിവയെല്ലാം ഒരുക്കണം.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാകും ട്രാൻസിറ്റ് ഹോമുകൾ. അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളതിനാൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളായിരിക്കും ഇവ സ്ഥാപിക്കുക. 18 വയസ്സുവരെയുള്ള കുട്ടികളെ അമ്മമാരോടൊപ്പംതന്നെ താമസിപ്പിക്കും. പരാതികൾ കൈകാര്യംചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായി സമിതിയുണ്ടാകും.
ട്രാൻസിറ്റ് ഹോമുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സാമൂഹികനീതി, നിയമം, വകുപ്പ് സെക്രട്ടറിമാർ, ഡി.ജി.പി., ജയിൽ ഡി.ജി.പി., സാമൂഹികനീതിവകുപ്പ് ഡയറക്ടർ തുടങ്ങിയവരടക്കമുള്ള സമിതിയുണ്ടാകും. അനധികൃത കുടിയേറ്റക്കാർ, വിദേശസർക്കാരിന്റെ യാത്രാരേഖകൾ നൽകാത്തവർ,വിമാനടിക്കറ്റ് ക്രമീകരിക്കുന്നതിലെ കാലതാമസംകാരണം ശിക്ഷാകാലയളവ് പൂർത്തിയാക്കിയതോ, കോടതി വെറുതേവിട്ടതോ, നാട്ടിലേക്ക് മടങ്ങിപ്പോകാൻ കാത്തിരിക്കുന്നതോ ആയ വിദേശികൾ,വ്യാജയാത്രാരേഖകൾ ചമച്ച് വരുകയും അടിയന്തര ചികിത്സാ ആവശ്യം കരുതി ലാൻഡ് ചെയ്യാൻ അനുവദിക്കുകയും ചികിത്സകഴിഞ്ഞ് യാത്രാരേഖകൾക്കായി കാത്തിരിക്കുകയും ചെയ്യുന്നവർ, നാടുകടത്തലിന് വിധേയരാക്കപ്പെട്ട വിദേശികൾ, വിസക്കാലാവധി കഴിഞ്ഞും തങ്ങുന്നവർ, വിസപ്രകാരം അനുവദനീയമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ,സംശയാസ്പദമായ പശ്ചാത്തലത്തിലോ അക്രമാസക്തമായ പെരുമാറ്റത്തിലെ തടവിലാക്കപ്പെട്ട വിദേശികൾ എന്നിവരെയാണ് ട്രാൻസിറ്റ് ഹോമുകളിൽ താമസിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ