- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയം നൽകുന്നതിനു മുൻപു ഭൂമിയിൽ നിന്നിരുന്ന രാജവൃക്ഷങ്ങളിൽ സർക്കാരിനു നഷ്ടമായ ഉടമസ്ഥവകാശം തിരിച്ചു പിടിക്കാൻ നീക്കം; ചന്ദനവും ഈട്ടിയും തേക്കും എബണിയും വീണ്ടും ഷെഡ്യൂളിൽ ഉൾപ്പെടുത്തും; പട്ടയം ലഭിച്ച ശേഷം വളർന്ന മരങ്ങൾ മുറിക്കുന്നതിൽ അവ്യക്തത തുടരുന്നു; രാജവൃക്ഷങ്ങൾ വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം: പട്ടയഭൂമിയിലെ രാജവൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നിവയെ വീണ്ടും ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഉടമസ്ഥാവകാശം തിരിച്ചു പിടിക്കാൻ സർക്കാർ. ഇതോടെ ഈ മരങ്ങൾ മുറിക്കാൻ വസ്തു ഉടമയ്ക്ക് കഴിയാത്ത സ്ഥിതി വരും.
1964 ലെ ഭൂപതിവ് ചട്ടത്തിൽ 2017ൽ സർക്കാർ വരുത്തിയ ഭേദഗതിയെ തുടർന്ന് ഷെഡ്യൂൾ ഇല്ലാതായതോടെ ഈ രാജവൃക്ഷങ്ങളിൽ സർക്കാരിനു നഷ്ടമായ ഉടസ്ഥാവകാശം തിരിച്ചു പിടിക്കാനാണ് നീക്കം. എന്നാൽ സ്വയം കിളിർത്തതോ നട്ടുവളർത്തിയതോ ആയ രാജവൃക്ഷങ്ങൾ കർഷകർക്കു മുറിക്കാമോ എന്നതിലെ തീരുമാനം നിർണ്ണായകമാകും. ഇതും സർക്കാർ ഉടമസ്ഥതയുടെ ഭാഗമായാൽ ഈ വൃഷങ്ങൾ നട്ടുവളർത്താൻ ആരും തയ്യാറാകാത്ത സ്ഥിതി വരും.
പട്ടയം ലഭിച്ചതിനു ശേഷം നട്ടുവളർത്തിയതോ താനെ കിളിർത്തതോ ആയ മരങ്ങൾ മുറിക്കാൻ ഉടമസ്ഥർക്ക് അവകാശം നൽകുന്നതിനാണ് 1964 ലെ ഭൂപതിവ് ചട്ടത്തിൽ 2017 ൽ ഭേദഗതി വരുത്തിയത്. എന്നാൽ ഈ ഭേഗഗതിയോടെ ഈട്ടി, തേക്ക്, എബണി, ചന്ദനം എന്നിവ ഷെഡ്യൂളിനു പുറത്തായി. ഇതോടെ പട്ടയം നൽകുന്നതിനു മുൻപു ഭൂമിയിൽ നിന്നിരുന്ന രാജവൃക്ഷങ്ങളിൽ സർക്കാരിനുള്ള ഉടമസ്ഥവകാശം നഷ്ടമായി. ഇതു കാരണം പലരും മരങ്ങൾ മുറിച്ചു വിറ്റു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
ചട്ടഭേദഗതിക്കു പിന്നാലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 മാർച്ച് 11 ന് ഇറക്കിയ ഉത്തരവും പിന്നീട് ഇറക്കിയ ഉത്തരവും പട്ടയഭൂമിയിലെ വ്യാപക മരംമുറിക്കു കാരണമായിരുന്നു. മുട്ടിൽ മരം മുറിയിൽ അടക്കം ഇതെല്ലാം ചർച്ചയായി. വിവാദത്തെ തുടർന്ന് ഉത്തരവുകൾ റദ്ദാക്കിയെങ്കിലും പട്ടയഭൂമിയിലെ രാജവൃക്ഷങ്ങളെപ്പറ്റി അവ്യക്തത തുടർന്നു.
ഇതോടെയാണു പട്ടയം നൽകുന്ന സമയത്ത് ആ ഭൂമിയിലുള്ള രാജവൃക്ഷങ്ങളെ ഷെഡ്യൂളിലേക്കു തിരികെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. റവന്യു മന്ത്രി ഒപ്പിട്ട ഫയൽ ഉത്തരവിനായി നിയമവകുപ്പിലേക്കു കൈമാറി. എന്നാൽ പട്ടയഭൂമിയിലെ മരം വ്യാപകമായി മുറിച്ച മുട്ടിൽ മരം മുറി വിവാദത്തോടെ, നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതും നിരോധിച്ചു. ഇവ മുറിക്കന്നതിന് അനുമതി നൽകാൻ സർക്കാർ ആലോചനയുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഇതിന്റെ മറവിൽ മറ്റ് മരങ്ങളും മുറിക്കുന്നതു കൊണ്ടാണിത്.
മറുനാടന് മലയാളി ബ്യൂറോ