പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയിലെ വനത്തിലൂടെയുള്ള ഗർഭിണിയുടെ ദുരിതയാത്ര സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞതിനെതിരെ യുവതിയുടെ ഭർത്താവും വി.കെ ശ്രീകണ്ഠൻ എം പിയും രംഗത്ത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചത് മുന്നൂറ് മീറ്റർ മാത്രം തുണിയിൽ കെട്ടി ചുമന്നാണെന്ന മന്ത്രിയുടെ വാദം തള്ളിയാണ് കുടുംബം രംഗത്തെത്തിയത്.

ആംബുലൻസിൽ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ രണ്ടര കിലോമീറ്റലധികം സുമതി മുരുകൻ എന്ന യുവതിയെ ചുമന്നുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഈ വാദം തള്ളിയാണ് യുവതിയുടെ ഭർത്താവ് മുരുകൻ രംഗത്തെത്തിയത്.

കടുകുമണ്ണ ഊരിൽ നിന്ന് രണ്ടര കിലോമീറ്ററിലധികം തുണിയിൽ ചുമന്നാണ് സുമതിയെ വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിച്ചതെന്നും കള്ളം പറയേണ്ട കാര്യമില്ലെന്നും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണെന്നും മുരുകൻ പ്രതികരിച്ചു. 108 ആംബുലൻസെത്തിയ സ്ഥലം വരെ രണ്ടര കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കാൽനടയായി ആനപ്പേടിയിൽ യാത്ര.

വാഹനത്തിനായി രാത്രി ഒരു മണിയോടെ തുടങ്ങിയ പരിശ്രമം ആറ് മണിയോടെയാണ് ഫലം കണ്ടത്. ഇത് അടിസ്ഥാന രഹിതമാണെന്നും മുന്നൂറ് മീറ്റർ മാത്രം സഞ്ചരിച്ചത് മാധ്യമങ്ങൾ പർവതീകരിച്ച് കാണിച്ചുവെന്നുമാണ് മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചത്. ഇതിനെതിരെയാണ് സുമതിയുടെ കുടുംബം രംഗത്ത് വന്നത്.

വനത്തിലൂടെ മൂന്നര കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂർ വേണം. പ്രശ്‌നം പരിഹരിക്കാൻ മന്ത്രി നടപടി സ്വീകരിക്കുന്നില്ല. സംഭവം പുറത്തു കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുകയാണെന്ന് വി.കെ.ശ്രീകണ്ഠൻ എംപി കുറ്റപ്പെടുത്തി.

ശനിയാഴ്ച രാത്രി 11നാണു വേദന തുടങ്ങിയത്. ഊരിൽ മൊബൈൽ ഫോണിന് റെയ്ഞ്ച് ഇല്ലാത്തതിനാൽ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ വൈകി. റെയ്ഞ്ചുള്ള സ്ഥലത്തെത്തി ട്രൈബൽ പ്രമോട്ടർ ജ്യോതിയാണ് രാത്രി 12.45നു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് പ്രിയ ജോയിയെ വിവരമറിയിച്ചത്.

ആംബുലൻസ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. നിരന്തര പരിശ്രമങ്ങൾക്ക് ശേഷം 2.30ന് കോട്ടത്തറയിൽനിന്നും ഉള്ള 108 ആംബുലൻസ് എത്തി.സ്വകാര്യ വാഹനങ്ങൾക്കായി ശ്രമിച്ചു എങ്കിലും ആനപ്പേടി കാരണം ആരും വന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 2.30ന് വാഹനം എത്തിയെങ്കിലും മഴയിൽ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണക്ക് പോകാതെ ആനവായിൽ വാഹനം നിർത്തേണ്ടി വന്നു. മഴ മൂലം തെന്നിക്കിടന്ന കുത്തിറക്കമിറങ്ങി, കാട്ടാന ശല്യം വകവയ്ക്കാതെ നാട്ടുകാർ ഇവരെ തുണിയിൽകെട്ടി ചുമന്ന് ആനവായ് വരെ എത്തിച്ചു. ഞായർ പുലർച്ചെ അഞ്ചോടെയാണ് ആനവായ് എത്തുന്നത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

ആരോഗ്യപ്രവർത്തകർ വിവരമറിഞ്ഞ് ആറ് മണിക്കൂർ കഴിഞ്ഞാണ് സുമതിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതെന്നാണ് ഡിഎംഒയും വ്യക്തമാക്കുന്നത്. ഈ വീഴ്ച മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നിലെന്ന് ആദിവാസി സംഘടനകൾ ആരോപിച്ചു. കനത്ത മഴയെ അവഗണിച്ചും ബന്ധുക്കൾ തലച്ചുമടയായി കൊണ്ടുവന്ന സുമതി കോട്ടത്തറ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്ക് എത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം.രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്.

റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ. അതിനാൽ ആനവായ വരെയുള്ള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ചുമന്നെത്തിച്ച് അതിന് ശേഷം യുവതിയെ ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.