- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരണം: ഇരുമ്പനം സ്വദേശിയുടെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്ന് നാട്ടുകാർ; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം
കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും രാഷ്ട്രീയപാർട്ടികളും പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വാഹന പരിശോധന നടത്തിയ യൂണിറ്റിലെ മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരേയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മർദ്ദിച്ചു എന്ന് ദൃക്‌സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
ഇരുമ്പനത്ത് പൊലീസ് പരിശോധന സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യത്തിൽ എസ് ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഇന്നലെ രാത്രി 9 മണിക്കാണ് ഇരുമ്പനം കർഷക കോളനിയിലെ വളവിൽ, ഹിൽ പാലസ് പൊലീസ് സംഘം പരിശോധന നടത്തിയത്. സ്‌പെയർ പാർട്‌സ് കട അടച്ച് വീട്ടിൽ വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു.
വാഹനം നിർത്താതെ മുന്നോട്ട് പോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിർത്തിയ മനോഹരൻ ഹെൽമറ്റ് ഊരിയ പാടെ വണ്ടി നിർത്താത്തത് ചോദ്യം ചെയ്ത് പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.
മദ്യപിച്ചോ എന്ന് പരിശോധിച്ചതിൽ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പിൽ കയറ്റി ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്തുന്നതിനാണ് സ്റ്റേഷനിൽ കൊണ്ടു പോയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പിന്നാലെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പുണ്ണിത്തുറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ എറണാകുളം മെഡി. ട്രസ്റ്റിൽ വച്ച് പത്ത് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു .
കഴിഞ്ഞദിവസം രാത്രി മനോഹരന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാഹന പരിശോധനക്ക് നേതൃത്വം നൽകിയ യൂണിറ്റിലെ എല്ലാവർക്കുമെതിരേയും നടപടി സ്വീകരിക്കണമെന്നാണ് കഴിഞ്ഞദിവസവും ഇവർ ആവശ്യപ്പെട്ടിരുന്നത്. നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പുലർച്ചെ രണ്ടുമണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ പിരിഞ്ഞുപോയത്. എന്നാൽ എസ്‌ഐക്ക് എതിരേ മാത്രം നടപടി ഒതുങ്ങിയതോടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പിന്നാലെ നാട്ടുകാരും സംഘടിച്ചെത്തി. ഇതിനുപുറമേ ബിജെപി. പ്രവർത്തകരും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
വാഹന പരിശോധനക്കിടെ ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. ഉടൻ പൊലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ