- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷകൾ അസ്തമിക്കുന്നില്ല!; ഭൂകമ്പം തകർത്തെറിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അഞ്ചാം ദിനം രക്ഷിച്ചത് ആറ് പേരെ; മരണം 22000 കടന്നു; കൊടും ശൈത്യം വെല്ലുവിളി; തെരുവുകളിൽ അന്തിയുറങ്ങി ആയിരങ്ങൾ
ഇസ്താംബുൾ: ഭൂകമ്പം തകർത്തെറിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും അഞ്ചാം ദിനവും ആറ് പേരെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞത് ആശ്വാസം നൽകുമ്പോഴും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയായി കൊടുംശൈത്യം. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുന്നതായാണ് റിപ്പോർട്ട്. ദുരന്തം നടന്ന് 101 മണിക്കൂറുകൾ പിന്നിട്ടിട്ടും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് പേരെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിരുന്നു. അഞ്ചാം ദിവസവും പ്രതീക്ഷകളോടെയാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ തുർന്നത്.
ഭൂകമ്പത്തെ അതിജീവിച്ചവരിൽ പലർക്കും അഭയം നൽകാൻ സ്ഥലമില്ല. സർക്കാർ ദശലക്ഷക്കണക്കിന് ചൂടുള്ള ഭക്ഷണങ്ങളും ടെന്റുകളും പുതപ്പുകളും വിതരണം ചെയ്തിട്ടുണ്ട്, പക്ഷേ ആവശ്യമുള്ള നിരവധി ആളുകളിലേക്ക് എത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഭൂകമ്പ ശേഷമുള്ള അഞ്ചാം രാത്രിയിലും തുർക്കിയുടെ തെരുവുകളിൽ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നും അന്തിയുറങ്ങാൻ പോവുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്.
ഭൂകമ്പത്തിൽ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകൾക്കും കമ്പിളി പുതപ്പുകൾക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാൻ രാത്രി മുഴുവൻ തെരുവിലൂടെ നടക്കാൻ നിർബന്ധിതരാണ് രക്ഷിതാക്കളിൽ പലരും.
ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരണം 22000 കടന്നതായി റിപ്പോർട്ട്. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു.
നിമിഷം നേരം കൊണ്ട് സർവവും തകർന്നടിഞ്ഞിട്ടും തുർക്കിയിൽ പ്രതീക്ഷകൾ ഇന്നും അസ്തമിച്ചിട്ടില്ല. തകർന്നടിഞ്ഞു വീണു കിടക്കുന്ന കോൺക്രീറ്റ് കൂനകൾക്ക് മുന്നിൽ ഊണും ഉറക്കവുമില്ലാതെ ശ്വാസമടക്കിപ്പിച്ച് കൊണ്ട് ഉറ്റവർക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് പലരും. ഞരക്കങ്ങൾക്കായി കാതോർത്ത്‌കൊണ്ട് ഈ മണിക്കൂറുകളിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
കോൺക്രീറ്റ് മലക്കുള്ളിലേക്ക് ഊളിയിട്ട് ഓരോ പുതിയ ശരീരവും കൊണ്ട് അവർ തിരിച്ചെത്തുമ്പോഴും, തെരുവുകളിൽ ആരവങ്ങൾ ഉയരും. പുറത്തെടുത്ത ആളിന് ജീവനില്ലെന്ന് അറിയുമ്പോൾ, അത് ബന്ധുക്കളുടെ ആർത്തനാദങ്ങളായി മാറും. മണിക്കൂറുകൾക്കുള്ളിൽ അതേ തെരുവിൽ, ജീവനോടെ മറ്റൊരാളെ പുറത്തെടുക്കും. അള്ളാഹു അക്‌ബർ വിളികൾ തെരുവിനെ പ്രകമ്പനം കൊള്ളിക്കും.
സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്.
അതിനിടെ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലയായ അലെപ്പോ സന്ദർശിച്ചു. ഭൂകമ്പമുണ്ടായതിനു ശേഷം പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ സന്ദർശനം. അതിനിടെ ലോകബാങ്ക് തുർക്കി സിറിയ ഭൂകമ്പ പുനരുദ്ധാരണത്തിനായി ഇന്ന്, 1.78 ബില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ചു. അമേരിക്കയും 85 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.
അതേ സമയം തുർക്കിയയിൽ ഭൂകമ്പത്തെ തുടർന്ന് കാണാതായ സൗദി വനിതയുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി. സ്ത്രീയെ കാണാനില്ലെന്ന് ബന്ധുക്കളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് തുർക്കിയയിലെ അന്തോക്യ നഗരത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്.
കാണാതായ സ്ത്രീയുടെ മരണം സ്ഥിരീകരിച്ചതായി തുർക്കിയയിലെ സൗദി എംബസി ഉദ്യോഗസ്ഥൻ ഫഹദ് അൽഹഖ്ബാനി അറിയിച്ചു. അടുത്ത ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഉമ്മയെ കാണാതായ വിവരം ഇവരുടെ പെൺമക്കൾ എംബസിയുടെ ചുമതലയുള്ള മുഹമ്മദ് അൽഹർബിയെ അറിയിക്കുകയായിരുന്നു.
തുർക്കിയ സർക്കാർ അനുവദിച്ച രക്ഷാസംഘമാണ് തെരച്ചിൽ നടത്തിയതെന്ന് എംബസി ഉദ്യോഗസ്ഥൻ മുഹമ്മദ് അൽഹർബി പറഞ്ഞു. രണ്ട് ദിവസമായി തെരച്ചിൽ തുടരുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ മൂന്ന് മക്കളും തുർക്കിയയിൽ എത്തിയിരുന്നു. രണ്ട് പേർ സൈപ്രസിൽ നിന്നും മൂന്നാമത്തെ ആൾ സൗദി അറേബ്യയിൽ നിന്നുമാണ് എത്തിയത്. സൗദി എംബസി അവരെ അദാനയിൽ വെച്ച് സ്വീകരിച്ചു.
മാതാവിനെ തിരിച്ചറിയാൻ അവരെ അന്തോക്യയിലെ അപകട സ്ഥലത്തേക്ക് കൊണ്ടുപോയി. മൂന്നുമണിക്കൂർ എടുത്ത ആ യാത്രക്കിടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. കെട്ടിടം തകർന്നുവീണ സ്ഥലത്തായിരുന്നു മൃതദേഹം. മക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നെന്ന് മുഹമ്മദ് അൽഹർബി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ