- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കോർപറേഷനെ പിടിച്ചുകുലുക്കിയ രണ്ടുമാസത്തെ പ്രതിപക്ഷ സമരം ഒത്തുതീർപ്പായി; ഡി ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നും ഒഴിയും; മേയർക്കെതിരെ അന്വേഷണം തുടരും; കത്ത് വിവാദത്തിന് താൽക്കാലിക വിരാമം
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനെ പിടിച്ചുകുലുക്കിയ കത്ത് വിവാദത്തെ തുടർന്നുള്ള പ്രതിപക്ഷ സമരം ഒത്തുതീർപ്പാക്കാൻ ധാരണ. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നും ഡി ആർ അനിൽ ഒഴിയും. ഡി ആർ അനിലിനെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. കത്ത് വിവാദത്തിൽ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി എം ബി രാജേഷ്, വി ശിവൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. കൗൺസിലിൽ പ്രതിനിധ്യമുള്ള നേതാക്കളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഡി ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയർക്കെതിരെ അന്വേഷണം തുടരുമെന്നും തദ്ദേശ മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഇതോടെ, കോർപറേഷനു മുന്നിലെ സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കി.
''യോഗത്തിൽ രണ്ട് കാര്യങ്ങളിൽ തീരുമാനമായി. ഒന്ന് മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യമാണ്. നിലവിൽ രണ്ട് കേസുകളുണ്ട്. ഒരു കേസിൽ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീർപ്പിനു വിടുകയാണ്. അതു സബംന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രണ്ടാമത്തേത് കത്തെഴുതിയത് താൻ ആണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കാൻ ധാരണയായിട്ടുണ്ട്.'' മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
മേയറുടെ രാജിയാവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നതായാണ് വിവരം. ഡി ആർ അനിൽ സ്ഥാനമൊഴിയുന്നതോടെ കോർപറേഷനിലെ സമരം പ്രതിപക്ഷം അവസാനിപ്പിച്ചേക്കും. കത്ത് എഴുതിയത് താനാണെന്ന് ഡി ആർ അനിൽ നേരത്തെ സമ്മതിച്ചിരുന്നു. മന്ത്രിമാർ ഇടപെട്ട് നടത്തിയ ചർച്ചയിലെ തീരുമാനം പൂർണമായി അംഗീകരിക്കുന്നുവെന്ന് സിപിഐഎം പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.കോർപ്പറേഷന് മുന്നിലെ ദൈനം ദിന സമരം അവസാനിപ്പിക്കുന്നതായി ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. ഉന്നയിച്ച പ്രശ്‌നങ്ങങ്ങളിൽ ഗൗരവതരമായ ചർച്ച നടന്നു. ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. മേയറുടെ രാജി ആവശ്യത്തിൽ നിന്ന് പിറകോട്ട് പോയിട്ടില്ല. ജനുവരി 7ലെ ഹർത്താൽ പിൻവലിക്കുന്നത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വി വി രാജേഷ് വ്യക്തമാക്കി. മേയർക്കെതിരായ ഹർജി ഹൈക്കോടതിയിൽ ഉള്ളതിനാൽ അക്കാര്യത്തിൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം അംഗീകരിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.
എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായി നൽകിയ കത്ത് എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചിരുന്നു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനിൽ മൊഴി നൽകി. എന്നാൽ, മേയർ താൻ കത്ത് കണ്ടിട്ടില്ലെന്നും വ്യാജ കത്താണെന്നും ഉള്ള നിലപാടാണ് സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ