- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വിറ്ററിൽ വഴിയൊരുങ്ങുന്നത് ടെക് ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലിന്; എട്ട് മാസം ഗർഭിണിയായ കണ്ടെന്റ് മാർക്കറ്റിങ് മാനേജറെയും മസ്‌ക് പിരിച്ചിവിട്ടു; ഇന്ത്യയിൽ ജോലി നഷ്ടമായത് ഇരുനൂറോളം പേർക്ക്; പിരിച്ചുവിട്ട ചില ജീവനക്കാരെ അബദ്ധം പറ്റിയെന്ന് പറഞ്ഞ് തിരിച്ചു വിളിച്ച് ട്വിറ്റർ
സാൻഫ്രാൻസിസ്‌കോ: ടെക് ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് ട്വിറ്റർ സാക്ഷ്യം വഹിക്കുന്നത്. ടെക് ലോകത്ത് ഒറ്റയടിക്ക് പുതിയ മേധാവി ഇലോൺ മസ്‌ക് ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ലോകമെമ്പാടുമുള്ള ഏകദേശം 3700 ട്വിറ്റർ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ്. നിരവധി ഓഫീസുകൾ പൂട്ടുകയും ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പറഞ്ഞുവിടുകയും ചെയ്തു. പിരിച്ചുവിട്ടവരിൽ ഒരാൾ എട്ട് മാസം ഗർഭിണിയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്വിറ്ററിൽ കണ്ടെന്റ് മാർക്കറ്റിങ് മാനേജരായി ജോലി ചെയ്തിരുന്ന റേച്ചൽ ബോൺ തന്റെ ലാപ്ടോപ് ആക്സസ്സ് വ്യാഴാഴ്ച വൈകുന്നേരം വിച്ഛേദിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. തന്റെ ലാപ്‌ടോപ്പിന് സാൻസ്ഫ്രാൻസിസ്‌കോ ഓഫീസുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോഴാണ് പിരിച്ചുവിടപ്പെട്ടത് റേച്ചൽ അറിയുത്. ഇതേ ദിവസം വൈകുന്നേരം പിരിച്ചുവിടലിനെക്കുറിച്ച് എല്ലാ ജീവനക്കാർക്കും മേധാവി ഒപ്പിടാത്ത ഇമെയിലും അയച്ചിരുന്നു. 'കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിലെ അവസാന ദിവസമായിരുന്നു. എട്ട് മാസം ഗർഭിണിയാണ്, ഒപ്പം ഒൻപത് മാസം പ്രായമായ കുഞ്ഞുമുണ്ട്. ലാപ്‌ടോപ്പിന് ആക്‌സസ് നഷ്ടമായി. ജോലി ചെയ്യുന്ന ഇടത്തെ സ്‌നേഹിക്കൂ' എന്നാണ് റേച്ചൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററിനെ ആരോഗ്യകരമായ പാതയിൽ എത്തിക്കാനാണ് ആഗോള തലത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഇമെയിലിൽ പറയുന്നത്. ട്വിറ്ററിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് തിരിച്ചറിയുന്നു, എന്നാൽ കമ്പനിയെ മുന്നോട്ട് നയിക്കുന്നതിന് പിരിച്ചുവിടൽ ആവശ്യമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇമെയിൽ അയച്ചതിന് തൊട്ടുപിന്നാലെ, ലോകമെമ്പാടുമുള്ള ഓഫീസുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ജീവനക്കാരുടെ ബാഡ്ജ് ആക്സസ്സ് റദ്ദാക്കുകയും ചെയ്തു. ഓഫീസിലേക്കുള്ള യാത്രയിലാണെങ്കിൽ വീട്ടിലേക്ക് മടങ്ങാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത്. പിരിച്ചുവിട്ട ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകുമെന്നും മസ്‌ക് പറഞ്ഞു.
ഇന്ത്യയിലും വൻ പിരിച്ചുവിടലാണ് ട്വിറ്റർ നടത്തിയിരിക്കുന്നത്. രാജ്യത്തെ ഓഫിസുകൾ തൽക്കാലത്തേക്ക് അടച്ചു, ജീവനക്കാർക്ക് ഓഫിസിൽ പ്രവേശനം നിഷേധിച്ചു. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു. ഇന്ത്യയിൽ മാത്രം ഏകദേശം ഇരുനൂറോളം പേർക്ക് ജോലി നഷ്ടമായെന്നാണു വിവരം. പിരിച്ചുവിടൽ അറിയിപ്പിനു മുൻപേ ജീവനക്കാരെ കമ്പനിയുടെ ആശയവിനിമയ ശൃംഖലയിൽ നിന്നും കംപ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, മുൻകൂർ നോട്ടിസ് നൽകാതെയുള്ള പിരിച്ചുവിടൽ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ജീവനക്കാർ ട്വിറ്ററിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. സിഇഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയ മസ്‌ക്, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് പിരിച്ചുവിട്ട് കമ്പനി ഡയറക്ടർ സ്ഥാനവും സിഇഒ പദവിയും ഏറ്റെടുത്തിരുന്നു
അതിനിടെ പകുതി ജീവനക്കാരെ പിരിച്ചു വിട്ടതിനു തൊട്ടു പിറകെ ചില ജീവനക്കാരെ തിരിച്ചു വിളിച്ച് ട്വിറ്റർ. ഒരു ഡസനോളം ജീവനക്കാരെയാണ് കമ്പനി തിരിച്ചു വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ചിലരെ പിരിച്ചു വിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഇലോൺ മസ്‌കിന്റെ പുതിയ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ വേണ്ട പ്രാഗത്ഭ്യവും അനുഭവ പരിചയവും ഉള്ളവരെ അത് തിരിച്ചറിയും മുമ്പ് മാനേജ്‌മെന്റ് പിരിച്ചുവിട്ടുപോയെന്നാണ് മറ്റുള്ളവരോട് കാരണം പറഞ്ഞത്.
കമ്പനിയുടെ പരസ്യ വരുമാനത്തിൽ വൻ ഇടിവ് നേരിട്ടിട്ടുണ്ടെന്നും ആവശ്യത്തിലേറെയുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കമ്പനിയിലെ മാനേജ്‌മെന്റിൽ അടക്കം വിവിധ വിഭാഗങ്ങളിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. പിരിച്ചു വിട്ടത് നേരിട്ട് അറിയിച്ചിട്ടല്ലെന്നും കമ്പനിയുടെ ജോലിക്കായി ഉപയോഗിക്കുന്ന ലാപ്‌ടോപ്പ് സ്വയം റീബൂട്ട് ചെയ്യപ്പെടുകയും ബ്ലാക്ക് സ്‌ക്രീനാവുകയും ചെയ്തുവെന്നും ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായപ്പോൾ പിരിച്ചുവിടപ്പെട്ടുവെന്ന് തരിച്ചറിയുകയായിരുന്നെന്നുമാണ് ജീവനക്കാർ പറഞ്ഞത്.
അതേസമയം ട്വിറ്ററിന്റെ പുതിയ മുതലാളി ഇലോൺ മസ്‌ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങിയിരിക്കുന്നു. ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി. എല്ലാവരുടെയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറയുന്നു. 'ട്വിറ്ററിൽ നേരത്തെയുണ്ടായിരുന്നവരും ഇപ്പോഴുള്ളവരും ശക്തരും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവരുമാണ്. എത്ര സങ്കീർണമായ നിമിഷത്തിലും അവർ എല്ലായിപ്പോഴും ഒരു വഴി കണ്ടെത്തും. എനിക്കറിയാം പലരും എന്നോട് ദേഷ്യത്തിലാണ്. എല്ലാവരേയും ഈ അവസ്ഥയിലാക്കിയതിന്റെ ഉത്തരവാദിത്വം എന്റേതാണ്. ഞാൻ ഈ കമ്പനിയെ വളരെ പെട്ടെന്ന് വളർത്തി. ഞാൻ അതിൽ ഖേദിക്കുന്നു.' ഡോർസി തന്റെ ട്വീറ്റിൽ പറഞ്ഞു.
'ട്വിറ്ററിൽ ഇക്കാലമത്രയും ജോലി ചെയ്ത എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്, സ്നേഹമുണ്ട്. ഈ സാഹചര്യത്തിൽ, അത് ഞാൻ തിരികെ പ്രതീക്ഷിക്കുന്നില്ല. എനിക്കത് മനസിലാവും.' അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ചയാണ് മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. കമ്പനിയിൽ നിരവധി മാറ്റങ്ങൾക്ക് തുടക്കമിട്ട മസ്‌ക് ഒപ്പം ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. മസ്‌കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഒരുവിഭാഗം ഉയർത്തുന്നുണ്ട്. ഈ വിവാദങ്ങൾക്കിടെ പരസ്യ ദാതാക്കൾ കൂട്ടമായി പിൻവാങ്ങിയത് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നറിയിച്ച് മസ്‌ക് തന്നെ രംഗത്തുവന്നിരുന്നു. 2021 നവംബറിലാണ് ഡോർസി ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തിന് പകരമാണ് പരാഗ് അഗ്രവാൾ ചുമതലയേറ്റത്. 2022 ൽ ട്വിറ്ററിന്റെ ബോർഡ് അംഗത്വവും ഡോർസി ഒഴിഞ്ഞു. ഇപ്പോൾ ബ്ലോക്ക് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോർസി. മാത്രവുമല്ല പുതിയൊരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള ശ്രമവും ഡോർസി നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
മറുനാടന് ഡെസ്ക്