തിരുവനന്തപുരം: വിഴിഞ്ഞം സമരം സർക്കാർ സമവായത്തിൽ എത്തിച്ചത് ഒരു വിധത്തിലാണ്. ഇതിന് വേണ്ടി കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ അടക്കമുള്ളവരുടെ ഇടപെടൽ വേണ്ടി വന്നു. ഇപ്പോൾ തീരത്തു നിന്നും പ്രക്ഷോഭം മലയോരത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്. ബഫർസോൺ വിഷയത്തിലാണ് മലയോര മേഖലയുടെ രോഷംം സർക്കാറിനെതിരെ തിരിയുന്നത്. വിഷയത്തിൽ തുടക്കം മുതൽ സർക്കാർ വേണ്ട വിധത്തിൽ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം നിലനിന്നിരുന്നു. ഇപ്പോൾ കെസിബിസിയും പ്രതിപക്ഷവും വിഷയത്തിൽ സർക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ്.

ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. അതിനാൽ മനുഷ്യത്വ രഹിതവും കർഷക വിരുദ്ധവുമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് പ്രതിരോധിക്കും. കർഷകർ ഉൾപ്പെടെ സംരക്ഷിത വനമേഖലക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെന്റ് സെന്റർ പുറത്ത് വിട്ട മാപ്പിൽ നദികൾ, റോഡുകൾ, വാർഡ് അതിരുകൾ എന്നിവ സാധാരണക്കാർക്ക് ബോധ്യമാകുന്ന തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങൾ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേർട്ടിൽ നിന്നും വ്യക്തമാകുന്നത്. പ്രാദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫർ സോൺ മാപ്പ് തയാറാക്കിയത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

കാർഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായും വനഭൂമിയാണെന്ന കണ്ടെത്തൽ ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാർഡുകളിൽ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്. ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സർവേയിൽ ബഫർ സോണായി രേഖപ്പെടുത്തി.

ജനങ്ങൾക്ക് മനസിലാകാത്ത മാപ്പ് സംബന്ധിച്ച് പത്ത് ദിവസത്തിനുള്ളിൽ വിദഗ്ധ സമിതിക്ക് പരാതി നൽകാമെന്നുള്ള നിർദേശവും അപ്രായോഗികമാണ്. ജനുവരിയിൽ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ജനവിരുദ്ധമായ ഈ റിപ്പോർട്ട് സമർപ്പിച്ചാൽ കർഷകർക്കും മലയോരജനതയ്ക്കും വൻ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ അടിയന്തിരമായി ഗ്രൗണ്ട് സർവേ നടത്താൻ സർക്കാർ തയാറാകണം.

ബഫർ സോൺ സംബന്ധിച്ച് സർക്കാരിന്റെ ഒളിച്ചുകളി പ്രതിപക്ഷം നിയമസഭയിൽ തുറന്നു കാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്ചകൾ പോലും പരിഹരിക്കാൻ തയാറാകാതെ കർഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സർക്കാർ മുന്നോട്ടു പോയത്. പ്രാദേശികമായ പ്രത്യേകതകൾ പരിഗണിച്ച് കർഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താൽപര്യങ്ങൾ പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്. കർഷരെയും സാധാരണക്കാരെയും ചേർത്തു നിർത്തേണ്ട സർക്കാർ ബഫർ സോണിന്റെ പേരിൽ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

അതേസമയം ബഫർ സോൺ വിഷയത്തിൽ ജനത്തിന്റെ ആശങ്ക പരിഹരിക്കുന്ന സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവയും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കൃത്യമായ ഡാറ്റയുടെ പിൻബലത്തിൽ സമീപിച്ചാൽ ബഫർ സോൺ സംബന്ധിച്ച ആവശ്യമായ ഭേദഗതികൾക്ക് സന്നദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കകൾ അറിയിക്കാനുള്ള സമയപരിധി ഡിസംബർ 23 വരെയെന്ന് നിശ്ചയിച്ചത് തീർത്തും അപ്രായോഗികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്ഷേപങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. കെസിബിസി നേരത്തെ ആവശ്യപ്പെട്ടതുപോലെ ഗ്രാമ പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കണം. വനം വകുപ്പ് നിർദ്ദേശിച്ച 115 പഞ്ചായത്തുകളിലും ഇതാവശ്യമാണ്. ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്സിനെയും ചുമതലപ്പെടുത്തണം. പട്ടയമോ സർവ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളിൽ കഴിയുന്ന കർഷകരുടെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതങ്ങൾ ജനവാസ കേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റർ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനഃനിർണയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണം. ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സർക്കാർ പരിഗണിക്ക കർദിനാൾ ക്ലീമിസ് ബാവ പ്രസ്താവിച്ചു.