കണ്ണൂർ: സംസ്ഥാനത്തെ കോളജ്, സർവകലാശാലാ അദ്ധ്യാപകർക്കു ശമ്പളക്കുടിശിക കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതിനുള്ള കേന്ദ്രവിഹിതമായ 750 കോടി രൂപ സംസ്ഥാനത്തിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടു. എന്നാൽ പ്രപ്പോസൽ കൃത്യസമയത്തു സമർപ്പിച്ചിരുന്നതായി സംസ്ഥാന സർക്കാരും പറയുന്നു. ഏതായാലും ഇനി ശമ്പള കുടിശിക നൽകണമെങ്കിൽ 750 കോടി കൂടി സംസ്ഥാന സർക്കാർ വഹിക്കേണ്ട സാഹചര്യമാണുള്ളത്.

2016ലെ കേന്ദ്ര ശമ്പള കമ്മിഷൻ നിർദേശപ്രകാരമുള്ള യുജിസി ശമ്പളം സംസ്ഥാന സർവകലാശാലകളിലെയും അവയ്ക്കു കീഴിലുള്ള കോളജുകളിലെയും അദ്ധ്യാപകർക്ക് അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടത് 2019 ജൂണിലാണ്. 2016 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള ശമ്പള വ്യത്യാസമാണു കുടിശിക ആയിരിക്കുന്നത്. കുടിശിക അനുവദിക്കുന്നതിനുള്ള പ്രപ്പോസൽ 2022 മാർച്ച് 31നു മുൻപു നിർബന്ധമായും സമർപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം ഫെബ്രുവരി 24നും മാർച്ച് 10നും സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. 2018ൽ നൽകേണ്ട പ്രപ്പോസലിന്റെ കാലാവധിയാണ് ഇത്തരത്തിൽ 2022 മാർച്ച് വരെ നീട്ടിയത്. ഇത് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

പലതവണ തീയതി നീട്ടി നൽകിയിട്ടും കൃത്യവും വ്യക്തവുമായ പ്രപ്പോസലുകൾ സമർപ്പിക്കാത്തതിനാൽ 50% വിഹിതം അനുവദിക്കാൻ കഴിയില്ലെന്നു 2022 ജൂലൈ 27ന് കേരളം അടക്കമുള്ള 22 സംസ്ഥാനങ്ങൾക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ കത്തിൽ വ്യക്തമാക്കി. 2019 ഏപ്രിലിലും 2020 ജൂണിലും 2022 മാർച്ചിൽ രണ്ടു തവണയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു പ്രപ്പോസലുകൾ നൽകിയിരുന്നതായി നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യത്തിനു മറുപടിയായി വകുപ്പു മന്ത്രി ആർ.ബിന്ദു പറഞ്ഞിട്ടുണ്ട്. ഇതും ദുരൂഹമായി തുടരുന്നു. ഏതായാലും പണം നഷ്ടമായി എന്നതാണ് വസ്തുത.

ഇതിനിടെ, ശമ്പളക്കുടിശിക അദ്ധ്യാപകരുടെ വ്യക്തിഗത ജിപിഎഫിലേക്ക് അടയ്ക്കുന്നതിനു സർക്കാർ തീരുമാനിച്ചതായും തുക 2023 ജനുവരി, ജൂലൈ, 2024 ജനുവരി, ജൂലൈ മാസങ്ങളിൽ ജിപിഎഫിൽനിന്നു പിൻവലിക്കാവുന്നതാണെന്നും 2020 മെയ്‌ 5ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. ഇതനുസരിച്ച് ആണെങ്കിൽ കഴിഞ്ഞ ജനുവരി മുതൽ അദ്ധ്യാപകർക്ക് ആദ്യഗഡു പിൻവലിക്കാം. പിന്നീട് കേന്ദ്രവിഹിതം ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചം അല്ലാത്തതും പരിഗണിച്ച് ഈ തീരുമാനം മാറ്റിവയ്ക്കുകയാണെന്നു ജനുവരി 21നു ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്രവിഹിതം ലഭിച്ചോ എന്നു വ്യക്തമല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ശമ്പളക്കുടിശിക വിതരണം ചെയ്തതായി കോളജ് അദ്ധ്യാപകർ പറയുന്നു.

കുടിശ്ശികനൽകാനാവില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അണ്ടർ സെക്രട്ടറി 2022 ജൂലായ് 27-നാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസെക്രട്ടറിക്ക് കത്തയച്ചത്. അതിനിടെ ഏഴാം ശമ്പളക്കുടിശ്ശിക കേന്ദ്രം നൽകിയില്ലെന്ന വിമർശനം ആവർത്തിക്കുകയാണ് സംസ്ഥാനസർക്കാർ. ഓഗസ്റ്റ് 31-ന് നിയമസഭയിൽ ചോദ്യംവന്നപ്പോൾ, കേന്ദ്രം കുടിശ്ശിക നിഷേധിച്ചകാര്യം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ വീഴ്ച പരാമർശിച്ചില്ല. കുടിശ്ശികവിതരണം മരവിപ്പിച്ച് ജനുവരി 21-ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലും കേന്ദ്രത്തിനാണ് പഴി.

കുടിശ്ശിക നൽകില്ലെന്ന് കഴിഞ്ഞവർഷം തന്നെ കേന്ദ്രം വ്യക്തമാക്കിയതിനാൽ, ആ ബാധ്യത സംസ്ഥാനത്തിന്റേതായി. കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനിത് വെല്ലുവിളിയാവും.