- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയിടം വിവാദം: ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി; ഡോ.അരുൺ കുമാറിന് എതിരെ യുജിസി അന്വേഷണം; പരാതി ഗൗരവം ഉള്ളതെന്നും എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും ചെയർമാൻ; ജോയിന്റ് സെക്രട്ടറിക്ക് അന്വേഷണ ചുമതല
ന്യൂഡൽഹി: സംസ്ഥാന സ്കൂൾ കലോത്സവം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും, കേരള സർവകലാശാല അദ്ധ്യാപകനും, 24 ന്യൂസ് മൂൻ അവതാരകനുമായ അരുൺ കുമാറിന്റെ പഴയിടം പോസ്റ്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡാ. അരുൺകുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുൺകുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. അരുൺകുമാർ. അരുൺ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും യുജിസി ചെയർമാൻ എം ജഗ്ദീഷ് കുമാർ നിർദ്ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ജെ നന്ദകുമാർ ആണ് പരാതി അയച്ചത്.
അരുൺ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:
ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.
വിഷയത്തിൽ അരുൺകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അരുൺകുമാറിനെതിരെ കേസെടുക്കണമെന്ന പരാതി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കിട്ടിയിട്ടുണ്ട്. ജാതി പറഞ്ഞ് ഒരാളുടെ തൊഴിൽ നിഷേധിക്കുക, ജാതീയമായ വേർതിരിവ് സമൂഹത്തിൽ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുക എന്നിവ കാട്ടിയാണ് അരുൺകുമാറിന് എതിരെ സ്വദേശി ജാഗരൺ ബഞ്ച് യൂത്ത് വിങ് സംസ്ഥാന കൺവീനർ യുവരാജ് ഗോകുൽ പരാതി നൽകിയത്.
അതേസമയം, ഇടതുപക്ഷ സഹയാത്രികനാണ് അരുൺകുമാറിന് എതിരെ പൊലീസ് കാര്യമായ നടപടിക്ക് മുതിരുമോ എന്ന കാര്യത്തിലും സോഷ്യൽ മീഡിയയിൽ പലരും സംശയം ഉയർത്തുന്നുണ്ട്.
ബ്രാഹ്മണനായതിനാലാണ് പഴയിടം മോഹനൻ നമ്പൂതിരി കലോത്സവത്തിൽ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തിൽ ഉയർന്ന പരാമർശങ്ങളാണ് സ്കൂൾ കലോത്സവ പാചകപ്പുരയിൽ നിന്ന് വിടവാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവാദം കാര്യമാക്കുന്നില്ലെന്നും മെനു തീരുമാനിക്കുന്നത് സർക്കാരാണെന്നുമാണ് വിവാദങ്ങളോട് പഴയിടം ആദ്യം പ്രതികരിച്ചത്.
എന്നാൽ, കലോത്സവം അവസാനിച്ചശേഷം ഞായറാഴ്ച കലോത്സവ അടുക്കളയിൽനിന്ന് താൻ എന്നേക്കുമായി പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നെ മോശമാക്കുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ വന്നു. ഭക്ഷണത്തിന്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്കുശേഷം കലോത്സവ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്-പഴയിടം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ