- Home
- /
- News
- /
- SPECIAL REPORT
സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: വെംബ്ലിയിലെ മിഖേല സ്‌കൂളിനെതിരെ അവിടത്തെ ഒരു വിദ്യാർത്ഥിനി കോടതിയെ സമീപിച്ചത് സ്‌കൂൾ നയം വിവേചനമുണ്ടാക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു. ഒരു വിശ്വാസത്തെയും പ്രോത്സാഹിപ്പിക്കാത്ത, സർക്കാർ ഫണ്ടിംഗിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നോൺ റിലിജിയസ് സ്‌കൂളിൽ പ്രാർത്ഥന അനുവദിക്കുന്നില്ലെന്ന പരാതി ഹൈക്കോടതി പക്ഷെ തള്ളിക്കളയുകയായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുക എന്ന നയത്തിന് വിപരീതമാകും മതപരമായ അനുഷ്ഠാനങ്ങൾ എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ഇത് എല്ലാ സ്‌കൂളുകളുടെയും വിജയമാണെന്നായിരുന്നു ഹെഡ് ടീച്ചർ കാതറിൻ ബീർബൽസിങ് പ്രതികരിച്ചത്. സ്‌കൂളിൽ ചേരുന്ന സമയത്ത് തന്നെ, സ്‌കൂളിനെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുമെന്ന് പരാതിക്കാരി സമ്മതിച്ചതാണെന്ന് 83 പേജ് വരുന്ന വിധിയിൽ ജസ്റ്റിസ് ലിൻഡൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ, തന്റെ മതവിശ്വാസം പ്രകടമാക്കുന്ന കാര്യത്തിലും പരാതിക്കാരി സ്‌കൂളിന്റെ നിയന്ത്രണങ്ങൾക്ക് വിധേയയാണെന്നും കോടതി പറഞ്ഞു.
ഏതാണ്ട് 700 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ പകുതിയിലധികവും ഇസ്ലാം മത വിശ്വാസികളാണെന്ന് നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. വളരെ കർശനമായ രീതിയിലാണ് ഓഫ്‌സ്റ്റെഡ് ഓഉട്ട്സ്റ്റാൻഡിങ് എന്ന റേറ്റിങ് നൽകിയിട്ടുള്ള ഈ സ്‌കൂൾ നടത്തിക്കൊണ്ടു പോകുന്നത്. ക്ലാസ്സ് നടക്കുന്ന സമയത്ത്കുട്ടികൾ അദ്ധ്യാപകരെ മാത്രം ശ്രദ്ധിച്ച് ഇരിക്കണമെന്നും, യൂണിഫോം നിബന്ധനകൾ കർശനമായി പാലിക്കണമെന്നും സ്‌കൂൾ നിയമാവലി നിഷ്‌കർഷിക്കുന്നു. മാത്രമല്ല, സ്‌കൂൾ വരാന്തയിൽ പോലും കുട്ടികൾ നിശബ്ദത പാലിക്കേണ്ടതുണ്ട്.
2023 മാർച്ചിൽ ആയിരുന്നു 30 ഓളം കുട്ടികൾ ഒന്നിച്ച് ചേർന്ന് സ്‌കൂൾ മുറ്റത്ത് പ്രാർത്ഥന ആരംഭിച്ചത്. ബ്ലേസർ വിരിച്ച് മുട്ടുകുത്തി നിന്നായിരുന്നു പ്രാർത്ഥന. നാല് പേരിൽ അധികം, സ്‌കൂൾ മുറ്റത്ത് പോലും കൂട്ടംകൂടരുത് എന്ന നിബന്ധനയുള്ളപ്പോഴായിരുന്നു ഇത്. വിവിധ മതവിഭാഗങ്ങൾക്ക് ഇടയിൽ വിഭാഗീയത സൃഷ്ടിക്കുന്ന രീതിയിലേക്ക് ഒരു സാംസ്‌കാരിക വ്യതിയാനം ഉണ്ടായേക്കും എന്ന ഭയത്താൽ ആ മാസം തന്നെ സ്‌കൂൾ അധികൃതർ പ്രാർത്ഥന നിരോധിക്കുകയായിരുന്നു. മുസ്ലിം വിദ്യാർത്ഥികൾക്ക് ഇടയിൽ നിന്നു തന്നെ ഈ പ്രാർത്ഥനക്കെതിരെ പ്രതികരണം ഉണ്ടാവുകയും ചെയ്തു.
കുട്ടികൾക്ക് പ്രാർത്ഥിക്കുവാനായി സ്ഥലവും സമയവും സൗകര്യവും ഒരുക്കേണ്ട ബാദ്ധ്യത സ്‌കൂളിനില്ലെന്ന് വിധിന്യായത്തിൽ ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തീരുമാനം എടുക്കുന്നതിൽ അദ്ധ്യാപകർക്കും, പ്രധാന അദ്ധ്യാപകർക്കും സ്‌കൂൾ അധികൃതർക്കും അധികാരം നൽകുന്നതാണ് ഈ വിധി. ചില സ്‌കൂളുകൾ ഇപ്പോൾ തന്നെ മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കുന്നുണ്ട്. എന്നാൽ, അങ്ങനെ ചെയ്യാൻ സ്‌കൂളുകൾക്ക് നിയമപരമായ ഒരു ബാദ്ധ്യതയുമില്ല. ഈ വിധി, ഇംഗ്ലണ്ടിലെ സ്റ്റേറ്റ് ഫണ്ടഡ്, നോൺ റിലിജിയസ് സ്‌കൂളുകളെയെല്ലാം സ്വാധീനിക്കാൻ കഴിയുന്ന വിധിയാണ്.
കുട്ടികളെ വളർത്തി എടുക്കുന്ന പ്രക്രിയയിൽ ഏത് നടപടി എടുക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്‌കൂളുകൾക്ക് നൽകണം എന്ന് കാതറിൻ ബീർബൽസിങ് നേരത്തെ എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചിരുന്നു. ഏതെങ്കിലും ഒരു കുട്ടിക്കോ, ആ കുട്ടിയുടെ അമ്മക്കോ സ്‌കൂൾ നയങ്ങളെ തിരുത്താൻ കഴിയും എന്ന സാഹചര്യം ഉണ്ടാകരുത്. മിഖേയ്ല സ്‌കൂളിന്റെ നയങ്ങൾ ഇഷ്ടപെടാത്ത മാതാപിതാക്കൾ അവരുടെ മക്കളെ അങ്ങോട്ട് പറഞ്ഞു വിടണ്ട എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ജഡ്ജിമെന്റിൽ പറയുന്നത് പോലെ വിദ്യാർത്ഥികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കുന്നത് സ്‌കൂളിന് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി പറയുന്നു. വിധി തന്നെ നിരാശപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളും ഭംഗിയായി പരിപാലിക്കുന്ന സ്‌കൂൾ പ്രാർത്ഥനാ സ്വാതന്ത്ര്യം നൽകാത്തത് ശരിയല്ലെന്ന് പറഞ്ഞ പരാതിക്കാരി, പരാജയപ്പെട്ടെങ്കിലും ആ നിരോധനത്തിനെതിരെ താൻ തന്റെ കഴിവിനനുസരിച്ച് പോരാടി എന്നും, തന്റെ മനസാക്ഷിക്കും മതത്തിനും മുൻപിൽ അത് ശരിയായ നടപടിയാണെന്നും കൂട്ടിച്ചേർത്തു.