- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ സഭകളുടെ നിയന്ത്രണത്തിലുള്ള അമലയും ജൂബിലിയും അടക്കമുള്ള പ്രധാന സ്വകാര്യ ആശുപത്രികൾ സമരക്കാരുടെ ആവശ്യം അംഗീകരിച്ചു; ആറ് ആശുപത്രികളിൽ സ്തംഭനമുണ്ടാകില്ല; തൃശൂരിലെ ബാക്കിയെല്ലാ സ്വകാര്യ ആശുപത്രികളിലും 72 മണിക്കൂർ നഴ്‌സുമാർ ഉണ്ടാകില്ല; നീതിക്കായി വീണ്ടും മാലാഖമാർ സമരത്തിന്; യുഎൻഎ വീണ്ടും കരുത്ത് കാട്ടുമ്പോൾ
തൃശൂർ: വീണ്ടും ന്‌ഴസുമാർ സമരത്തിന്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് തുടക്കമാകുന്നത് തൃശൂരിലാണ്. അതിനിടെ ജില്ലയിലെ നഴ്‌സുമാരുടെ സമരത്തിൽനിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ ആശുപത്രികൾ വേതനം വർധിപ്പിച്ചതോടെയാണിത്.
ഈ ആശുപത്രികളിൽ 50% ഇടക്കാലാശ്വാസം നൽകാൻ ധാരണയായി. വേതനം 20% വർധിപ്പിച്ചു. 24 ആശുപത്രികളിൽ സമരം തുടരും. തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നഴ്‌സുമാർ പണിമുടക്കും. സൂചനാ പണിമുടക്കാണ്. ആവശ്യം വന്നാൽ സമരം അനിശ്ചിത കാലത്തേക്ക് നീട്ടും. മറ്റ് ജില്ലകളിലും വേതന വർദ്ധനവിനായി സമരം നടത്തും. സ്വകാര്യ ആശുപത്രികൾ ഓരോ രോഗിയിൽ നിന്നും നഴ്‌സിങ് ഫീസ് ഈടാക്കാറുണ്ട്. എന്നാൽ അതൊന്നും നഴ്‌സുമാർക്ക് നൽകില്ല. ഈ കൊള്ള കൂടിയാണ് സമരം ചർച്ചയാക്കുന്നത്.
തൃശൂരിൽ സമരം കരുത്തു കാട്ടലാകും. തീവ്രപരിചരണ വിഭാഗത്തിൽപോലും നഴ്‌സുമാർ ജോലിക്കു കയറില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ടിവരുമെന്ന് ആശുപത്രികൾ ബന്ധുക്കളെ അറിയിച്ചു. ദിവസവേതനം 1500 രൂപയായി വർധിപ്പിക്കണമെന്നാണു നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. നിലവിൽ 800 രൂപയാണ് ദിവസവേതനം.
വർധിപ്പിക്കുന്ന വേതനത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നൽകണമെന്നും ആവശ്യമുണ്ട്. ചൊവ്വാഴ്ച മുതൽ നഴ്‌സുമാരാരും ജോലിക്കു കയറില്ല. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളിൽ എത്തിക്കാൻ ആശുപത്രി കവാടത്തിൽ യുഎൻഎയുടെ അംഗങ്ങൾ ആംബുലൻസുമായി നിലയുറപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ നിർബന്ധിത ഡിസ്ചാർജ് തുടങ്ങി. വെന്റിലേറ്റർ, ഐസിയു രോഗികളെ ഡിസ്ചാർജ് ചെയ്ത് അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദ്ദേശം.
പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ പറഞ്ഞു. പലതവണ ലേബർ കമ്മിഷണർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. എന്നാൽ ഇടക്കാല ആശ്വാസം ആശുപത്രികൾക്കും നൽകാം. അതിന് തെളിവാണ് ആറു ആശുപത്രികളുടെ അനുകൂല നിലപാട്. നഴ്‌സുമാർ സമരത്തിന് ഇറങ്ങുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും. ക്രൈസ്തവസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളാണ് അമല ആശുപത്രിയും ജൂബിലി മിഷൻ മെഡിക്കൽ കോളജും. മൂവായിരത്തിലധികം രോഗികളെ കിടത്തി ചികിത്സക്ക് സൗകര്യമുള്ളതാണ് രണ്ട് ആശുപത്രികളും. 50 ശതമാനം വേതന വർധനവ് സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു.
ജില്ലയിലെ പ്രധാന ആശുപത്രികൾ ആവശ്യം അംഗീകരിച്ചതോടെ സമരം വിജയത്തിലായെന്ന വിലയിരുത്തലിലാണ് യു.എൻ.എ. രാത്രിയിലും ചർച്ച പുരോഗമിക്കുന്നുണ്ടെന്നും ധാരണയിലാവുന്ന ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാവില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ