തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് രണ്ടു ദിവസത്തിനു ശേഷമാണ്, അംഗീകാരത്തിനായി ഗവർണർക്കു സമർപ്പിച്ചിരിക്കുന്നത്. പതിനാലു സർവകലാശകളിലെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കിക്കൊണ്ടാണ് ഓർഡിനൻസ് തയാറാക്കിയിട്ടുള്ളത്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാൻസലർ ആയി നിയമിക്കുമെന്നാണ് പുതിയ ഓർഡിനൻസിൽ ്‌വ്യവസ്ഥ ചെയ്യുന്നത്.

ചാൻസലർ പദവിയിൽനിന്നു തന്നെ നീക്കുന്നതിനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസ് രാഷ്ട്രപതിക്കു റഫർ ചെയ്യുമെന്നാണ് ഗവർണർ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാൻ കാലതാമസമെടുത്തേക്കും. ഈ സാഹചര്യത്തിൽ സർക്കാർ ഓർഡനൻസിൽനിന്നു പിന്നാക്കം പോയേക്കും എന്നു റിപ്പോർട്ടുകൾ വന്നിരുന്നു.

ഓർഡിനൻസ് രാജ്ഭവനിൽ എത്തിയ സ്ഥിതിക്ക് ഇനി ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം. അതേസമയം ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ ഇതേ വിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി. ബിൽ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്ന് പി രാജീവ് പറഞ്ഞു.

ബിൽ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തിൽ ഓർഡിൻസ് ഇറക്കാൻ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സർവകലാശാലാ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവർണർ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കിൽ അതു മുൻവിധിയാണെന്നും ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു.

അതേസമയം, ഓർഡിനൻസ് ഇറക്കുന്നതിനൊപ്പം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനും സർക്കാറിന് നീക്കമുണ്ട്. അതിനാൽ ഉടൻ നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭ സമ്മേളിക്കാനാണ് നീക്കം. എന്നാൽ, 15ന് സഭ പിരിയാതെ നിർത്തിവെച്ച് ക്രിസ്മസിനു ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടർന്നാൽ അതുവഴി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തൽകാലത്തേക്ക് ഒഴിവാക്കാൻ സാധിക്കും. അതിന്റെ നിയമവശങ്ങളെ കുറിച്ച് സർക്കാർ പരിശോധിച്ചു വരികയാണ്. പുതിയ വർഷത്തിലെ ആദ്യ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

1990ൽ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ നായനാർ സർക്കാർ സമാനതന്ത്രം പ്രയോഗിച്ചിരുന്നു. തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും ഇതേ രീതിയിൽ ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതും സർക്കാർ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയതും കണക്കിലെടുക്കുന്നുണ്ട്.