- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരാമത്ത് കരാറുകാരുടെ ലൈസൻസിനുള്ള സെക്യൂരിറ്റി തുക മൂന്നിരട്ടി വർധിപ്പിച്ചത് ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടിയോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കരാറുകാർക്ക് സെക്യൂരിറ്റി തുക വർധന താങ്ങാനാവില്ലെന്ന് സംഘടനകൾ; വികസന പദ്ധതികളുടെ താളം ഇനിയും തെറ്റുമോ?
തിരുവനന്തപുരം: ഊരാളുങ്കലിന് വേണ്ടി മറ്റൊരു നടപടിയും. മരാമത്ത് കരാറുകാരുടെ ലൈസൻസിനുള്ള സെക്യൂരിറ്റി തുക മൂന്നിരട്ടി വർധിപ്പിച്ചത് ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന വിമർശനം. കരാറുകാരെ സമ്മർദ്ദത്തിലാക്കി ലൈസൻസ് ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആക്ഷേപം. സർക്കാരിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ മരാമത്ത് കരാറുകാരുടെ എണ്ണം വലിയ തോതിൽ കുറയും.
ലൈസൻസ് കാലാവധി മൂന്നിൽനിന്ന് അഞ്ചുവർഷമാക്കിയാണ് സെക്യൂരിറ്റി തുക കൂട്ടിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഇത് അടക്കാനുള്ള കരുത്ത് കരാറുകാർക്കില്ല. പല കരാറുകാർക്കും ഇത് താങ്ങാൻ കഴിയില്ലെന്നും ലൈസൻസ് പുതുക്കാതെ മാറിനിൽക്കേണ്ടിവരുമെന്നുമാണ് കരാർ സംഘടനകൾ പറയുന്നത്. കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാലിനും പി.എ. മുഹമ്മദ് റിയാസിനും നിവേദനം നൽകിയിട്ടുണ്ട്.
എ, ബി, സി, ഡി ക്ലാസുകളിൽപ്പെട്ട സർക്കാർ കരാറുകാരുടെ സെക്യൂരിറ്റി തുക ആറു ലക്ഷം, മൂന്നു ലക്ഷം, ഒന്നരലക്ഷം, 75,000 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. ലൈസൻസ് ഫീസും വർധിപ്പിച്ചിട്ടുണ്ട്. മുൻപ് സെക്യൂരിറ്റി തുകയിലെ വർധനയ്ക്ക് ആനുപാതികയായി കരാറുകാരുടെ ബിഡ് തുകയും വർധിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ അതുമുണ്ടായില്ല. ഫ്രെബുവരി 28-ന് മുൻപ് കൂട്ടിയതിന്റെ ബാക്കി സെക്യൂരിറ്റി തുകയുംകൂടി നൽകണം. ഈ തിയതി കഴിഞ്ഞാൽ പിഴ അടയ്ക്കണം. മാർച്ചിന് മുൻപ് തുക അടച്ചില്ലെങ്കിൽ ലൈസൻസും റദ്ദാകും. നിർമ്മാണവസ്തുക്കളുടെ വിലവർധന കാരണം ഉടനെ ഇത്രയും തുക അടയ്ക്കാൻ സാധിക്കില്ലെന്നും അപാകം പരിഹരിക്കണമെന്നും നിലവിലെ തുകയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കരാറുകാർക്ക് സെക്യൂരിറ്റി തുക വർധന താങ്ങാനാവില്ല. ജി.എസ്.ടി. നഷ്ടപരിഹാരം സർക്കാർ നൽകിയിട്ടില്ല. ഇതിനാൽ തുക കുറയ്ക്കണമെന്നാണ് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സഹകരണ സ്ഥാപനമെന്ന നിലയിൽ സെക്യൂരിറ്റി നിക്ഷേപം കൂടാതെ തന്നെ പല കരാറുകളും ഊരാളുങ്കലിന് ഏറ്റെടുക്കാം.
അതുകൊണ്ട് തന്നെ ഈ തീരുമാനം അവർക്ക് വേണ്ടിയുള്ളതാണെന്ന ആക്ഷേപം കരാറുകാർക്കുണ്ട്. വികസന പദ്ധതികളുടെ വേഗതയെ ഇത് ബാധിക്കും. റോഡുകളുടെ പുനർനിർമ്മാണം അടക്കം പ്രതിസന്ധിയിലാകും.
മറുനാടന് മലയാളി ബ്യൂറോ