തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സർവ്വേ നടത്തിയത് എന്തിനാണെന്നും ഉപഗ്രഹ സർവേ റിപ്പോർട്ട് മൂന്നര മാസം കൊണ്ട് പൂർത്തിയാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്ന് നേരത്തെ വിഡി സതീശൻ പറഞ്ഞിരുന്നു.

വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്ത സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്ക് തയ്യാറായില്ല എന്നും സതീശൻ കുറ്റപ്പെടുത്തി. രണ്ടാമത്തെ ഉത്തരവ് അവ്യക്തത നിറഞ്ഞതാണ്, ആർക്ക് വേണ്ടിയാണ് ഇത്തരമൊരു ഉത്തരവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തരുത് എന്ന ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനത്തെയാണ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിയിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ദുരൂഹത നിറഞ്ഞ നിരുത്തരവാദപരമായ രീതിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിനെ വടിയെടുത്ത് തലക്ക് അടിക്കുകയാണ് വേണ്ടതെന്നും വിമർശിച്ചു. സർക്കാർ കാണിച്ച ഗുരുതരമായ അനാസ്ഥയ്ക്ക് ഉത്തരം പറയണം. മന്ത്രിക്ക് മാത്രമല്ല മുഖ്യമന്ത്രിക്കും വിഷയത്തിൽ ഉത്തരവാദിത്വമുണ്ട്. ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സർക്കാറിന് താല്പര്യമില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആദ്യത്തെ സമരം ദുരുദ്ദേശപരമായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്തിനാണ് ഇപ്പോൾ ഒരു ചർച്ചക്ക് വിളിച്ചത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച അഞ്ച് ചോദ്യങ്ങൾ:

1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കിൽ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടർന്ന് ജനവാസ മേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർ സോൺ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?

2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?

3. റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവൽ സർവേ നടത്താൻ തയാറാകാതെ ഉപഗ്രഹ സർവെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?

4. അവ്യക്തതകൾ നിറഞ്ഞ ഉപഗ്രഹ സർവേ റിപ്പോർട്ട് മൂന്നര മാസത്തോളം പൂഴ്‌ത്തിവച്ചതെന്തിന്?

5. ഉപഗ്രഹ റിപ്പോർട്ടിൽ സുപ്രീം കോടതിയിൽ നിന്ന് കേരള താൽപര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്താമെന്ന ഉത്തരവ് 2019 ൽ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങൾ പഠിച്ചില്ല. മാനുവൽ സർവെ നടത്തണമെന്നത് ഉൾപ്പെടെ സമഗ്രമായ നിർദ്ദേശങ്ങൾ പ്രതിപക്ഷം സമർപ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേർക്കാനോ തയാറായില്ല. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ സമിതിയെയാണ് ഇപ്പോൾ എല്ലാ ചുമതലകളും ഏൽപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 ന് നിയോഗിച്ച സമിതി ചെയർമാന്റെ ആനുകൂല്യങ്ങൾ നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്, കാലാവധി അവസാനിക്കാൻ മൂന്നാഴ്ച ശേഷിക്കേ ഡിസംബർ 16 നാണ്. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും ഇടക്കാല റിപ്പോർട്ട് നൽകാത്തത് എന്തുകൊണ്ടെന്ന് സർക്കാർ അന്വേഷിച്ചോ? കാലാവധി മൂന്നു മാസം പൂർത്തിയാകുമ്പോൾ സമിതി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അന്വേഷിച്ചോ? ഓഗസ്റ്റ് 29- ന് കിട്ടിയ ഉപഗ്രഹ സർവെ റിപ്പോർട്ട് വ്യക്തതയില്ലാത്തതാണെന്ന് മനസിലായിട്ടും മൂന്നരമാസത്തോളം ഒളിച്ചുവച്ചത് എന്തിനാണ്?

ജനവാസ കേന്ദ്രങ്ങളെയും ബഫർ സോണായി പ്രഖ്യാപിക്കണമെന്നതാണ് സർക്കാർ നിലപാട്. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തരുതെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ തീരുമാനത്തെ അട്ടിമറിക്കുന്നതാണ് 2019-ലെ മന്ത്രിസഭാ യോഗത്തെ തുടർന്നുണ്ടായ ഉത്തരവ്. ബഫർ സോൺ വിഷയത്തിൽ സർക്കാർ ഉറങ്ങുകയോ അല്ലെങ്കിൽ ദുരൂഹമായ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. ദുരൂഹത നിറഞ്ഞ നിരുത്തരവാദിത്തമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിലപാട് ആവർത്തിച്ചാൽ കൃഷിയിറക്കാനോ വീടുവയ്ക്കാനോ സാധിക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കും. എന്നിട്ടും എത്ര ലാഘവത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്.

വനം മന്ത്രി സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഉപഗ്രഹ സർവെ വേണമെങ്കിൽ നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്. മാനുവൽ സർവെ നടത്തണമെന്ന് പ്രതിപക്ഷം അന്നേ നിയമസഭയിൽ പറഞ്ഞതാണ്. വിഷയത്തോട് ക്രിയാത്മകമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി കളക്ടർമാരെയും തഹസീൽദാർമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി രണ്ടാഴ്ച കൊണ്ട് എല്ലാ ജില്ലകളിലും സർവെ പൂർത്തിയാക്കാമായിരുന്നു. പരമാവധി മൂന്നാഴ്ച കൊണ്ട് ചെയ്യാമായിരുന്ന സർവെയാണ് സർക്കാർ ഇത്രയും വൈകിപ്പിച്ചത്. ഉപഗ്രഹ സർവെ റിപ്പോർട്ട് കിട്ടി മൂന്നരയാഴ്ച പൂഴ്‌ത്തി വച്ചിട്ടും മനുവൽ സർവേയ്ക്ക് വേണ്ടിയുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചോ? മാനുവൽ സർവെ നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിലും പറയാൻ പോകുന്നത്. ഇത്രയും നിരുത്തരവാദിത്തപരമായി പ്രവർത്തിച്ച സർക്കാരിനെ വടി കൊണ്ട് അടിക്കുകയല്ല, തലയ്ക്കടിക്കുകയാണ് വേണ്ടത്.

സർക്കാരിനെ കുറ്റപ്പെടുത്തുന്നവർക്ക് ദുരുദ്ദേശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ജനകീയ വിഷയം ഉണ്ടായാൽ പ്രതിപക്ഷം മിണ്ടാതിരിക്കണോ? മാവിലായിക്കാരനാണെന്നു പറഞ്ഞ് പോകണോ? സമരത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അവരെ ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവർ തീവ്രവാദികളും മാവോയിസ്റ്റുകളുമാണെന്നാണ് വിഴിഞ്ഞത്തും 140 ദിവസവും പറഞ്ഞുകൊണ്ടിരുന്നത്. ബഫർ സേൺ വിഷയത്തിൽ സർക്കാർ കാട്ടിയ ഗുരുതരമായ അനാസ്ഥയ്ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ. ഒരു ചോദ്യത്തിനും സർക്കാരിന് ഉത്തരം പറയാനാകില്ല. വിഷയത്തിൽ പ്രതിപക്ഷം സംവാദത്തിനും തയാറാണ്.- സതീശൻ വ്യക്തമാക്കി.