തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസിന്റെ വീഴ്‌ച്ച വ്യക്തമാകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നതാണ്. ഈ സംഭവത്തിൽ പ്രതികരണവുമായി തൃശ്ശൂരിലെ ഇടതു സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ രംഗത്തുവന്നു. പൊലീസിനെ കുറ്റപ്പെടുത്തിയാണ് സുനിൽകുമാർ രംഗത്തുവന്നത്. പൊലീസിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആചാരങ്ങൾ അറിയാത്ത ഉദ്യോഗസ്ഥർ എത്തുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും സുനിൽകുമാർ പറഞ്ഞു. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം.

'തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിയന്ത്രണങ്ങൾ തിരുവമ്പാടി ദേവസ്വത്തിന് മാനസികമായി ചില പ്രയാസങ്ങൾ ഉണ്ടാക്കി. പൂരത്തിൽ പതിവായി നടക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അവർക്ക് പ്രയാസങ്ങൾ നേരിട്ടത്. സ്വാഭാവികമായി വികാരപരമായി തന്നെ അവർ നിലപാട് സ്വീകരിച്ചു. പൂരത്തിന്റെ ചടങ്ങുകൾ നിർത്തിവെയ്ക്കാനും വെടിക്കെട്ട് നടത്തേണ്ടതില്ല എന്ന തരത്തിലുമാണ് തീരുമാനം എടുത്തത്. രാത്രിയാണ് സംഭവം ഉണ്ടാവുന്നത്. അത്തരത്തിലുള്ള കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ഞാൻ അടക്കം അഭ്യർത്ഥിച്ചു.

പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാം എന്നും ചടങ്ങുകൾക്ക് ഭംഗം വരരുതെന്നും പറഞ്ഞു. നിരന്തരമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. പൊലീസിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് ഇതിന് കാരണമായത്. തിരുവമ്പാടിക്കാർ പറയുന്നതിൽ ചില സത്യങ്ങളുണ്ട് എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് ഇടപെട്ടത്.'- സുനിൽ കുമാർ പറഞ്ഞു.

'എന്നാൽ തൃശൂർ പൂരത്തെ രാഷ്ട്രീയമായി കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ല. വെടിക്കെട്ട് നാലുമണിക്കൂർ വൈകി എന്നത് പ്രയാസം ഉണ്ടാക്കിയ കാര്യമാണ്. തൃശൂർ പൂരത്തിന്റെ ഒരു ചടങ്ങ് പോലും മുടങ്ങരുത് എന്നത് തന്നെ സംബന്ധിച്ച് വൈകാരികമായ കാര്യമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും നടപടി ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ താൻ വെടിക്കെട്ടിന് തടസം നിന്നു എന്നൊക്കെ പറഞ്ഞാൽ അത് ദുഷ്പ്രചാരണമാണ്.തൃശൂർ പട്ടണത്തിലെ ആളുകൾക്ക് എന്നെ അറിയാത്തതാണോ? സുനിൽ അങ്ങനെ ചെയ്യുമോ എന്ന തരത്തിൽ ചിലർക്കെങ്കിലും സംശയം ഉയർന്നാലോ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി രംഗത്തുവരാൻ തീരുമാനിച്ചത്.

വർഷങ്ങളായി തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഞാൻ. തൃശൂരിലെ എല്ലാവർക്കും എന്നെ അറിയാം. അതുകൊണ്ട് എനിക്ക് ഭയമില്ല. രാഷ്ട്രീയത്തിന് അതീതമായി എനിക്ക് സുഹൃത്തുക്കൾ ഉണ്ട്. അവരൊന്നും തന്നെ കുറ്റപ്പെടുത്തില്ല എന്ന് അറിയാം. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ചില കോണുകളിൽ നിന്ന് ദുഷ്പ്രചാരണം ഉണ്ടായ പശ്ചാത്തലത്തിലാണ് വിശദീകരണം നൽകാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ആളുകളെ തേജോവധം ചെയ്യുന്ന തരത്തിൽ വ്യക്തിഹത്യ നടത്തുന്നത് നല്ലതല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു'- സുനിൽകുമാർ വിശദീകരിച്ചു.

നേരത്തെ തൃശൂർ പൂരത്തിന് ആനകൾക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പട്ടയുമായെത്തിയവരോട് കമ്മിഷണർ അങ്കിത് അശോക് കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. 'എടുത്തോണ്ട് പോടാ പട്ട'എന്ന് പറഞ്ഞു കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകൾ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിന് മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകൾ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു. ഇത്തരം പ്രശ്നങ്ങളാണ് തൃശൂർ പൂരത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. തൃശൂർ കമ്മീഷണർക്കെതിരെ ദേശക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ തൃശൂർ പൂരം സംബന്ധിച്ച പരാതികൾ ഗൗരവമായി കാണുന്നുവെന്നും ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളിൽ അന്വേഷണം നടത്താാണ് ഡിജിപിക്ക് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതിൽ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.